വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് യുദ്ധം അവസാനിപ്പിക്കണമെന്ന് ഇല്ലായിരിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. റോമില്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാരത്തോട് അനുബന്ധിച്ച് യുക്രെയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.

പുടിനെ വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നും ട്രംപ് സൂചിപ്പിച്ചു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങളാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. സമീപദിവസങ്ങളില്‍ റഷ്യന്‍ വ്യോമസേന യുക്രെയിനിലെ ജനവാസ മേഖലകളില്‍ നടത്തിയ വ്യോമാക്രമണങ്ങളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

' കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍, യുക്രെയിനിലെ നഗരങ്ങളിലും, പട്ടണങ്ങളിലും ജനവാസ മേഖലകളിലും പുടിന്‍ മിസൈല്‍ ആക്രമണം നടത്തിയതില്‍ ന്യായീകരണമില്ല. അദ്ദേഹത്തിന് യുദ്ധം അവസാനിപ്പിക്കണമെന്ന് ഇല്ലെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തെ വ്യത്യസ്തമായ രീതിയില്ഡ കൈകാര്യം ചെയ്യേണ്ടി വരും. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കും. ധാരാളം ആളുകള്‍ മരിച്ചുവീഴുകയാണ്' -ട്രംപ് കുറിച്ചു.

അതേസമയം, യുക്രെയിനുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായുള്ള വെളളിയാഴ്ചത്തെ ചര്‍ച്ചയില്‍ പുടിന്‍ പറഞ്ഞിരുന്നു.

ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ നടന്ന ട്രംപ് -സെലന്‍സ്‌കി ചര്‍ച്ച അലങ്കോലമായതിന് ശേഷം ഇതാദ്യമായാണ് ഇരുരാഷ്ട്ര നേതാക്കളും മുഖാമുഖം കാണുന്നത്. യുദ്ധത്തില്‍ യുക്രെയിനെ അമേരിക്ക സഹായിക്കുന്നതിനെ വേണ്ട വിധം സെലന്‍സ്‌കി മാനിക്കുന്നില്ലെന്നായിരുന്നു യുഎസ് നേതാക്കളുടെ പരാതി.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ വിശാലമായ ഇടത്തിലാണ് സഹായികളൊന്നുമില്ലാതെ, ഇരുനേതാക്കളും ചര്‍ച്ചയില്‍ മുഴുകിയത്. നല്ല കൂടിക്കാഴ്ചയെന്ന് സെലന്‍സ്‌കി പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ' ഞങ്ങളുടെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്. പൂര്‍ണവും ഉപാധികളില്ലാത്തതുമായ വെടിനിര്‍ത്തലാണ് വേണ്ടത്. മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടാതിരിക്കുന്ന വിധത്തില്‍ സുസ്ഥിരമായ സമാധാനം. സംയുക്തമായ ഫലം ഉണ്ടായാല്‍, ഈ കൂടിക്കാഴ്ച ചരിത്രപരമായേക്കും'-സെലന്‍സ്‌കി കുറിച്ചു.

ഇരുനേതാക്കളുടെയും സ്വകാര്യ കൂടിക്കാഴ്ചയില്‍ വളരെ ഫലപ്രദമായ ചര്‍ച്ച നടന്നെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.