ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ വൈറ്റ് നൈറ്റ് കോര്‍പ്‌സിലെ ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. അതിര്‍ത്തി കടന്നുള്ള ഷെല്ലിങ്ങില്‍ ജമ്മു-കശ്മീരിലാകെ ഷെല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


അതേസമയം, ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സൈന്യത്തിന് പച്ചകൊടി കാട്ടിയതോടെ, കശ്മീര്‍ അതിര്‍ത്തിക്ക് അടുത്തേക്ക് യുദ്ധടാങ്കുകള്‍ നീക്കി തുടങ്ങിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സാങ്കല്‍പ്പിക ഭീകര ക്യാമ്പുകളെ ലക്ഷ്യമാക്കിയായിരുന്നു എന്നാണ് പാക്കിസ്ഥാന്റെ ദേശീയ സുരക്ഷാമിതി വിലയിരുത്തിയത്.

അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവരെല്ലാം ഒഴിഞ്ഞുപോയി. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകള്‍ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വച്ചതെന്നും സാധാരണക്കാരെ ലാക്കാക്കിയിട്ടില്ലെന്നും ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയെങ്കിലും അതൊന്നും വകവയ്ക്കാതെ പാക്കിസ്ഥാന്‍ കടുത്ത ഷെല്ലാക്രമണം തുടരുകയാണ്.

ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിര്‍ദേശം നല്‍കി കഴിഞ്ഞു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും സിന്‍ഹ പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തിയിലെയും നിയന്ത്രണരേഖയിലെയും ജനങ്ങളെ ഒഴിപ്പിക്കാനാണ് അമിത്ഷാ നിര്‍ദ്ദേശം നല്‍കിയത്. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് സിങ് ചൗധരിയുമായും ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു. ജനങ്ങളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണമെന്നും അവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അമിത്ഷാ പറഞ്ഞു.

ഭീകരവാദത്തിനെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തക്കതായ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് അമിത് ഷാ പ്രതികരിച്ചു. ഭീകരപ്രവര്‍ത്തനം ഇന്ത്യ ഒരുതരത്തിലും അനുവദിക്കില്ലെന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി കൂടിയായിരുന്നു പ്രത്യാക്രമണമെന്ന് അമിത് ഷാ പറഞ്ഞു. എസ്ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്‍സിസി തുടങ്ങിയ വിഭാഗങ്ങള്‍ ഏതുസാഹചര്യത്തേയും നേരിടാന്‍ സജ്ജമാകണമെന്നും ഷാ ആവശ്യപ്പെട്ടു. പൊതുജനങ്ങളേയും സുരക്ഷാ നടപടികളില്‍ പങ്കാളികളാക്കണം.

നിയന്ത്രണ രേഖയിലെ ലംഘനങ്ങള്‍ വിലയിരുത്തി സൈനിക മേധാവി

പാക് സേനയുടെ നിയന്ത്രണരേഖാ ലംഘനങ്ങള്‍ ഇന്ത്യന്‍ സൈന്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പാക്‌സേന ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ച് ഇന്ത്യാക്കാരെ ലക്ഷ്യം വയ്ക്കുന്നത് തടയാന്‍ തക്കതായ മറുപടി നല്‍കാന്‍ കരസേനാ മേധാവി നിര്‍ദ്ദേശം നല്‍കി. പാക് ഷെല്ല് വീണ് പൂഞ്ചിലെ ഗുരുദ്വാരയില്‍ നിസ്സാര തകരാറുണ്ടായി. ശ്രീ ഗുരു സിങ് സഭ ഗുരുദ്വാരയിലാണ് ഷെല്‍ പതിച്ചത്. ഗുരുദ്വാരയുടെ വാതിലും ചില ചില്ലുപാളികളും തകര്‍ന്നു.

ഇന്ത്യയുടെ മറുപടിയില്‍ പകച്ച് പാക്കിസ്ഥാന്‍

ബുധനാഴ്ച പുലര്‍ച്ചെ ക്യത്യതയാര്‍ന്ന ആക്രമണത്തിലൂടെയാണ് പഹല്‍ഗാം കൂട്ടക്കുരുതിക്ക് ഇന്ത്യ മറുപടി നല്‍കിയത്. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമായ മുസാഫറാബാദിലെ സവായ് നാല ക്യാമ്പ്, മുസാഫറാബാദിലെ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രമായ സയ്‌ദെന്‍ ബിലാല്‍ ക്യാമ്പ്, ലഷ്‌കറെ തൊയ്ബയുടെ ബേസ് ക്യാമ്പായ കോട്ലിയിലെ ഗുല്‍പൂര്‍ ക്യാമ്പ്, നിയന്ത്രണ രേഖയില്‍നിന്ന് ഒമ്പത് കി.മീ മാത്രം ദൂരത്തിലുള്ള തീവ്രവാദ ക്യാമ്പും പരിശീലന കേന്ദ്രവുമായ ബിംബെറിസെ ബര്‍ണാസ ക്യാമ്പ്, ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമായ കോട്ലിയുടെ അബ്ബാസ് ക്യാമ്പ്, സിയാല്‍കോട്ടിലെ സര്‍ജല്‍ ക്യാമ്പ്, സിയാല്‍കോട്ടിലെ മെഹ്‌മൂന ജോയ, അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്‌ലി എന്നിവരെല്ലാം പരിശീലനം നേടിയ മുറിഡ്കെയിലെ മര്‍ക്കസ് തോയ്ബ, ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ സുബഹാനള്ളാ ക്യാമ്പ് എന്നിവയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.


അതേസമയം, പാകിസ്ഥാനെതിരേയുള്ള തിരിച്ചടി ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ രംഗ്ത്തെത്തി. ഇതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും ചിത്രം ഇനിയും ബാക്കിയാണെന്നുമുള്ള അര്‍ത്ഥത്തിലാണ് അദ്ദേഹം എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചത്.

അതിനിടെ, പാക്കിസ്ഥാന്‍ സംഘര്‍ഷം കൂട്ടുന്ന തരത്തില്‍ പ്രകോപനം സൃഷ്്ടിച്ചാല്‍ ഇന്ത്യ വീണ്ടും തിരിച്ചടിക്കാന്‍ സജ്ജമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കി. അമേരിക്ക, യുകെ, സൗദി അറേബ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളെയാണ് ഡോവല്‍ ഇതു ധരിപ്പിച്ചത്. പാകിസ്ഥാന്‍ ഇനി ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.