- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദുബായിലെ പരിചയം വിവാഹമായി; ഭര്‍ത്താവിനൊപ്പം പാക്കിസ്ഥാനിലെത്തിയപ്പോള്‍ കുട്ടി പിറന്നു; ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാക് കോടതിയില്‍ എത്തി വിവാഹ മോചനം; കേരളത്തില്‍ കഴിയുന്ന യുവതിയ്ക്ക് തല്കാലം ഇന്ത്യയില്‍ തുടരാം; കൊച്ചിയിലെ യുവതിയുടെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്രം
കൊച്ചി: പാക്കിസ്ഥാനിയെ വിവാഹം കഴിച്ചു കേരളത്തില്‍ കഴിയുന്ന യുവതിക്കു കുഞ്ഞുമായി തല്‍ക്കാലം ഇന്ത്യയില്‍ തന്നെ തുടരാം. പഹല്‍ഗാം സംഭവത്തെ തുടര്‍ന്ന് പാക് പൗരന്മാര്‍ കഴിഞ്ഞമാസം 29 നകം ഇന്ത്യ വിട്ടുപോകണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന് പിന്നാലെ തന്റെ നിസഹായാവസ്ഥ ആഭ്യന്തര മന്ത്രാലയത്തെ യുവതി അറിയിക്കുകയായിരുന്നു.
താന്‍ വിവാഹമോചിതയായെന്നു യുവതി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്ന യുവതി ക്രൈസ്തവ വിഭാഗത്തില്‍പെട്ടയാളാണ്. ഏഴുവയസുള്ള പെണ്‍കുഞ്ഞുണ്ട്. പാക്കിസ്ഥാനിയെ ദുബായില്‍വച്ചാണു പരിചയപ്പെട്ടത്. അടുപ്പം വിവാഹമായി. പിന്നീട് പാക്കിസ്ഥാനിലെത്തി. അവിടെവച്ചാണു കുഞ്ഞു പിറന്നത്. ഇവിടത്തെ കോടതി വഴിയാണു വിവാഹമോചനം നേടിയതും കുട്ടിയുടെ സംരക്ഷണ ചുമതല ലഭിച്ചതും.
കേരളീയരെ വിവാഹംകഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ത്തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്ഥാന്‍ പൗരര്‍ക്ക് കേരളം വിടേണ്ടിവരില്ലെന്നാണ് സൂചന. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാക്കിസ്ഥാനികളെ മടക്കി അയച്ചിരുന്നു. ഇത്തരത്തില്‍ 59 പേരാണുണ്ടായിരുന്നത്.
പോലീസ് കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്താന്‍ പൗരരാണുണ്ടായിരുന്നത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. ഇതില്‍ വിവാഹത്തിന്റെ പേരില്‍ കേരളത്തില്‍ തുടരുന്നതില്‍ പ്രതിസന്ധി നേരിട്ട യുവതിയ്ക്ക് ദീര്‍ഘകാല പാസ്‌പോര്‍ട്ട് ഉണ്ടെന്നാണ് സൂചന. ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.
മെഡിക്കല്‍ വിസയിലെത്തിയവര്‍ കഴിഞ്ഞ മാസം 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യംവിടണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതില്‍ നഗരപരിധിയിലുള്ളയാള്‍ക്ക് ദീര്‍ഘകാല വിസയുണ്ട്. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍നിന്ന് മലപ്പുറത്തുവന്ന പാക് പൗരയായ യുവതി തിരിച്ചുപോയിരുന്നു.
തിരൂര്‍ക്കാട് സ്വദേശിയെ വിവാഹംകഴിച്ച യുവതി ഏതാനുംദിവസംമുന്‍പാണെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് യുവതി സ്വമേധയാ തിരിച്ചുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാര്‍ സൗദിയില്‍ സ്ഥിരതാമസക്കാരാണ്.