ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പാകിസ്ഥാന് പ്രത്യക്ഷ മറുപടികള്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് നല്‍കിയത് പരോക്ഷ സന്ദേശം. അമേരിക്കയുടെ തീരുവാ ഭീഷണി വിലപോവില്ലെന്ന് മോദി പറയാതെ പറഞ്ഞു. സ്വദേശി മന്ത്രി ചര്‍ച്ചയാക്കി. ലോക വിപണിയെ ഇന്ത്യ നയിക്കുമെന്നും പറഞ്ഞു. 2047 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറിലെത്തും. ആത്മനിര്‍ഭര്‍ ഭാരതാണ് ഇന്ത്യയുടെ വഴിയെന്ന് ആവര്‍ത്തിച്ച മോദി ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ 'തീരുവ ഭീഷണി'യെ പരോക്ഷമായും വിമര്‍ശിച്ചു. സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഏറെ മുന്നേറിയെന്നും വൈകാതെ ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ വിപണിയില്‍ നിറയുമെന്നും പറഞ്ഞു.

ഇന്ത്യയില്‍ തന്നെ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇന്ത്യയുടെ ഭാവി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതു വിവരസാങ്കേതികവിദ്യയുടെ യുഗമാണ്. നമുക്ക് സ്വന്തമായി ഒരു എഐ ആവാസവ്യവസ്ഥ വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ലോക വിപണിയെ ഭരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഫൈറ്റര്‍ ജെറ്റുകളുടെ എഞ്ചിനുകള്‍ ഇവിടെ നിര്‍മ്മിക്കും. സൈബര്‍ സെക്യൂരിറ്റിയിലും സ്വയം പര്യാപ്തത നേടും. കൊവിഡ് വാക്‌സീനിലൂടെ കോടിക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. വനിത സ്വയം സഹായ സംഘങ്ങള്‍ അത്ഭുതം സൃഷ്ടിച്ചു. 'ആശയങ്ങളുമായി യുവാക്കളേ കടന്നു വരൂ, ' നിങ്ങള്‍ക്ക് ഇവിടെ വലിയ ഇടമുണ്ട്' സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഇവിടെ യാഥാര്‍ത്ഥ്യമാക്കണം.

എന്തിന് വിദേശ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കണം? സ്വന്തം ആയുധം കൊണ്ട് ശത്രുവിനെ തകര്‍ത്ത നമുക്ക് സ്വന്തം കഴിവില്‍ വിശ്വസിക്കാം. സ്വദേശി മന്ത്രം ഉരുവിടാം. നീണ്ട കാലം സര്‍ക്കാരിനെ സേവിക്കാന്‍ അവസരം കിട്ടി. ഇന്ത്യയുടെ അഭിവൃദ്ധിയാണ് ലക്ഷ്യം. ആരേയും ചവിട്ടി താഴ്ത്തല്‍ അല്ല. നികുതി ഭാരത്തില്‍ നിന്ന് മധ്യവര്‍ഗത്തിന് ആശ്വാസം കിട്ടിയിട്ടുണ്ട്. ലോക വിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. ആളുകളെ ജയിലിലിടുന്ന അനാവശ്യ നിയമങ്ങള്‍ ഒഴിവാക്കി. നിയമ രംഗത്തും പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവന്നു. അടുത്ത ഘട്ടം ജിഎസ്ടി പരിഷ്‌ക്കരണം ദീപാവലിയോടെ ഉണ്ടാകും. ദീപാവലി സമ്മാനമായിരിക്കും ജിഎസ്ടി പരിഷ്‌കരണം. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കും. സാധനങ്ങള്‍ക്ക് വില കുറയും. മധ്യവര്‍ഗ ജീവിതം കൂടുതല്‍ ആയാസ രഹിതമാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ അധിക നികുതിയെ അമേരിക്ക വിമര്‍ശിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങള്‍. ഇതും അമേരിക്കയുടെ വെല്ലുവിളിയെ ഇന്ത്യ നേരിടുമെന്നതിന്റെ തെളിവാണ്. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയത്.

അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകള്‍ പുറത്തു വന്നിരുന്നു. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഹോള്‍സെയില്‍ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് ജൂലൈയില്‍ കുതിച്ചത് 0.9 ശതമാനമാണെന്നാണ് ലേബര്‍ സ്റ്റാറ്റിസ്‌ക്‌സ് ഡേറ്റ പ്രസിദ്ധീകരിച്ചത്. 2022 ജൂണിനുശേഷം ആദ്യമായാണ് ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ് ഇത്രയും പെട്ടെന്ന് കൂടുന്നത്. 0.2 ശതമാനം കൂടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം തെറ്റിച്ചാണ് കണക്കിലെ കുതിപ്പ്. മൊത്തവിലയിലെ മാറ്റങ്ങളുടെ ഭാരം അധികം താമസിയാതെ ഉപഭോക്താക്കളിലെത്തുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ നിലപാടുകള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്ന ആത്മവിശ്വാസത്തോടെ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുന്നത്.