ഡൽഹി: റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പിലേക്ക് ഉൾപ്പെടെയുള്ള വിപണികളിൽ മറിച്ചുവിൽക്കുന്നതിലൂടെ ഇന്ത്യൻ കമ്പനികൾ വൻ ലാഭം കൊയ്യുന്നെന്ന് യുഎസ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിക്കിടെ, റഷ്യ ഇന്ത്യക്ക് അഞ്ച് ശതമാനം വിലക്കിഴിവോടെ എണ്ണ നൽകുമെന്നും അറിയിച്ചു.

റഷ്യൻ എണ്ണയിൽ നിന്ന് ഇന്ത്യൻ കമ്പനികൾ, പ്രത്യേകിച്ച് റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി എന്നിവ വൻതോതിൽ ലാഭം നേടുന്നുണ്ടെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് ആരോപിച്ചത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി, അത് ശുദ്ധീകരിച്ച്, റഷ്യക്ക് ഉപരോധമേർപ്പെടുത്തിയ യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ് ഈ കമ്പനികൾ ചെയ്യുന്നതെന്നാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന.

ബ്ലൂംബെർഗ്, കെപ്ലർ എന്നിവയുടെ കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി എന്നിവ 6000 കോടി യുഎസ് ഡോളറിൻ്റെ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഇതിൽ 1500 കോടി ഡോളറിൻ്റെ ഉത്പന്നങ്ങൾ യൂറോപ്യൻ യൂണിയനിലേക്ക് മാത്രമാണ് ഈ സാമ്പത്തിക വർഷം കയറ്റുമതി ചെയ്തത്.

മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്, 2024 ഡിസംബറിൽ റഷ്യയിലെ റോസ്നെഫ്റ്റുമായി പ്രതിവർഷം 1200-1300 കോടി ഡോളർ വിലമതിക്കുന്ന ഒരു ദീർഘകാല കരാറിൽ ഒപ്പുവെച്ചിരുന്നു. പ്രതിദിനം 5,00,000 ബാരൽ വരെ ഇറക്കുമതി ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ കരാർ 10 വർഷത്തേക്കാണ്. റോസ്നെഫ്റ്റിൻ്റെ സഹ ഉടമസ്ഥതയിലുള്ള നയാര എനർജിയും റഷ്യൻ എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ചിട്ടുണ്ട്. കെപ്ലറിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2025 ആകുമ്പോഴേക്കും നയാരയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 72 ശതമാനവും റഷ്യയിൽ നിന്നായിരിക്കും, ഇത് 2022-ൽ വെറും 27 ശതമാനം മാത്രമായിരുന്നു.

യുക്രൈൻ വിഷയത്തിൽ യുഎസും പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ട്രംപ് ഭരണകൂടം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ വിമർശിക്കുകയും 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഭീഷണികൾക്കിടയിലും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി തുടരുമെന്നും, ഏകദേശം അഞ്ച് ശതമാനം കിഴിവ് നൽകുമെന്നും റഷ്യയിലെ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ അറിയിച്ചു. ഇത് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ഊർജ്ജ സഹകരണം തുടരുമെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയിൽ നിന്ന് ലാഭം നേടുന്നെന്ന യുഎസ് ആരോപണവും, അതേസമയം റഷ്യ ഇന്ത്യക്ക് വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നതും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.

അതേസമയം, ജൂലൈ മാസത്തിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 34 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. കഴിഞ്ഞ മാസം ഇന്ത്യ മൊത്തം 4.44 മില്യൺ ബാരൽ എണ്ണയാണ് വാങ്ങിയത്. 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്. റഷ്യക്ക് പുറമെ ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത്. 2011 ന് ശേഷം ആദ്യമായി അർജൻ്റീന ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും ഒഴിവാക്കി. അതേസമയം, അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 58 ശതമാനം വർധിച്ചു.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ഇറക്കുമതിയുടെ അളവിൽ കുറവുണ്ട്. കഴിഞ്ഞ മാസം റഷ്യയിൽ നിന്ന് പ്രതിദിനം 15 ലക്ഷം ബാരൽ എണ്ണയാണ് വാങ്ങിയത്. ഇത് ജൂൺ മാസത്തെ അപേക്ഷിച്ച് 24.5 ശതമാനം കുറവാണ്. ഓഗസ്റ്റ് മാസത്തിൽ ഇത് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂലൈയിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയുടെ 60 ശതമാനവും നയാര എനർജി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവരാണ് വാങ്ങിയത്. ബാക്കിയുള്ളവ പൊതുമേഖലാ എണ്ണക്കമ്പനികളാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL) എന്നിവ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള എണ്ണ ഇറക്കുമതിക്കായി റഷ്യൻ എണ്ണക്കമ്പനികളുമായി ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയുടെ തീരുവ വർധനവിനെ തുടർന്ന് പൊതുമേഖലാ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവെച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

നിലവിൽ, റഷ്യൻ എണ്ണയ്ക്ക് വിപണി വിലയേക്കാൾ 3 ഡോളർ ഡിസ്‌കൗണ്ടും ലഭിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ വിപണികളെ ഒഴിവാക്കി റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യയുടെ നിലപാട്, ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു.