ജക്കാര്‍ത്ത: സെല്‍ഫിയെടുക്കുന്നതിനിടെ, ആളുകള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ ഏറി വരികയാണ്. പാറമുകളിലും, പാറയിടുക്കിലും, കടല്‍തീരത്തും, വെള്ളച്ചാട്ടത്തിലും ഒക്കെ സാഹസികമായി സെല്‍ഫി എടുക്കാനും അതുവഴി വൈറലായി ലൈക്കും, ഷെയറും ഏറ്റുവാങ്ങാനും ശ്രമിക്കുന്നതിനിടെയാണ് പലരും അപകടത്തില്‍ പെടുന്നത്.

ഇന്തോനേഷ്യയിലെ കായു അരും ബീച്ചിലാണ് സെല്‍ഫി എടുക്കുന്നതിനിടെ അപകടം സംഭവിച്ചത്. ബീച്ചില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ദമ്പതികളെ കൂറ്റന്‍ തിരമാലകള്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. സുഹൃത്തുക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, തിരമാലകള്‍ അടുത്തെത്തിയിട്ടും പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഇവരെ കാണാം. തൊട്ടുപിന്നാലെ ശക്തമായ തിരമാലയെത്തി ഇവരെ പാറപ്പുറത്തുനിന്നും കടലിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതെ കടല്‍ത്തീരങ്ങളില്‍ അപകടകരമായ സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് ഈ സംഭവം ഉയര്‍ത്തിക്കാണിക്കുന്നത്.

രണ്ടുദിവസം മുമ്പ് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ സമാനരീതിയില്‍ അപകടമുണ്ടായി. ബെര്‍ഹാംപൂരില്‍ നിന്നുള്ള യൂട്യൂബര്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 22കാരനായ സാഗര്‍ കുണ്ടു എന്നയാളാണ് ഒഴുക്കില്‍പ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പെട്ടെന്ന് ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ച് വീഡിയോ പകര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളും ഒഡിആര്‍എഫ് ടീമുകളും സാഗറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.