വാഷിംഗ്‌ടൺ: ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതിനെത്തുടർന്ന്, മാസങ്ങളോളം നടത്തിയ ശ്രമങ്ങൾക്കൊടുവിൽ പുതിയ ജോലി കണ്ടെത്താനാവാതെ കണ്ണീരോടെ അമേരിക്കയോട് വിടപറഞ്ഞ് ഇന്ത്യൻ യുവതി. അനന്യ ജോഷി എന്ന യുവതിയാണ് തന്റെ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതയായത്. തന്റെ ഈ വൈകാരിക നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധേയമായത്.

നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് 2024-ൽ ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അനന്യ, പഠനം കഴിഞ്ഞ് ഒരു ബയോടെക് സ്റ്റാർട്ടപ്പിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ, കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി അനന്യയെ അടുത്തിടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് പുതിയ തൊഴിൽ തേടിയുള്ള അന്വേഷണം ആരംഭിച്ചത്.

യു.എസ്സിൽ തുടരുന്നതിന് പുതിയ ജോലി അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാല് മാസം മുൻപ് അനന്യ സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇന്നിൽ സഹായം അഭ്യർത്ഥിച്ചിരുന്നു. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും അനുയോജ്യമായ ഒരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് യുവതി പറയുന്നു. ജോലി നഷ്ടപ്പെട്ടതും തുടർന്ന് മറ്റു അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തതും അനന്യയെ വലിയ മാനസിക സമ്മർദ്ദത്തിലാക്കി.

"ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. യാഥാർത്ഥ്യം അംഗീകരിക്കുന്നു, എന്നാൽ അമേരിക്ക വിടുന്നു എന്ന വൈകാരിക ആഘാതത്തെ നേരിടാൻ എനിക്ക് സാധിക്കുന്നില്ല," അനന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അമേരിക്ക തന്റെ ആദ്യ വീടായിരുന്നുവെന്നും അവിടെ ലഭിച്ച അനുഭവങ്ങൾക്ക് നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു. 'ഐ ലവ് യു അമേരിക്ക' എന്ന് പറഞ്ഞുകൊണ്ടാണ് അവർ വികാരനിർഭരമായ യാത്രയയപ്പ് നൽകിയത്.

തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് അമേരിക്ക വിടേണ്ടി വന്ന അനന്യയുടെ അനുഭവം, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുടെ ആശങ്കകളെയും യാഥാർഥ്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നു. പുതിയ തൊഴിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ രാജ്യം വിടേണ്ടി വരുന്നത് പലർക്കും നേരിടേണ്ടി വരുന്ന യഥാർത്ഥ്യമാണ്.