- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബമ്പര്‍ ഭാഗ്യവാന്‍ ശരത് ജോലി ചെയ്തിരുന്ന പെയിന്റ് ഗോഡൗണിന്റെ തൊട്ടടുത്തു തന്നെയായിരുന്നു ആ വീട്ടമ്മയുടെ വീടെന്നത് യാദൃച്ഛികത; എഐ ചിത്രത്തിന്റെ അകമ്പടിയില്‍ കദനകഥയും എത്തി; ഇത് ലോട്ടറി അടിച്ചി്ല്ലെന്ന് തെളിഞ്ഞ് സന്തോഷിക്കുന്ന നെട്ടൂരിലെ വീട്ടമ്മയുടെ കഥ
മരട്: നെട്ടൂരിലെ വീട്ടമ്മ ആഹ്ലാദത്തിലാണ്. ലോട്ടറി അടിച്ചില്ലെന്ന് തെളിഞ്ഞതിന്റെ ആശ്വാസം. ബംപറടിച്ച ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ് ഞായറാഴ്ച നടത്തിയ വെളിപ്പെടുത്തലു കാരണം സമാധാനം പോയ ഒരു വീട്ടമ്മയുണ്ടായിരുന്നു. ഈ വീട്ടമ്മയ്ക്കാണ് ലോട്ടറി അടിച്ചതെന്നായിരുന്നു ലതീഷ് പറഞ്ഞത്. വീട്ടമ്മ ഉടന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്നും പറഞ്ഞു. പിന്നീട് ജനക്കൂട്ടത്തെ ഭയന്ന് എത്തില്ലെന്നും അറിയിച്ചു. എന്നാല്‍ വീട് ഏതാണെന്ന് മാധ്യമങ്ങള്‍ അറിയുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ സമാധാനം പോയി. അടിയ്ക്കാത്ത ലോട്ടറിയുടെ പേരില്‍ കോടിപതി ചര്‍ച്ചയിലും എത്തി.
നെട്ടൂരില്‍ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കാണ് ബംപറടിച്ചതെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ലതീഷ് പറഞ്ഞത്.
ലതീഷിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്, ബംപറടിച്ചെന്നു സംശയിച്ചിരുന്ന സ്ത്രീയുടെ വീടിനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് വാര്‍ത്താ ചാനലുകളും മറ്റും. തനിക്ക് സമ്മാനമടിച്ചിട്ടില്ലെന്ന് ഇവര്‍ പലയാവര്‍ത്തി പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. മാധ്യമങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും ഇവരുടെ വീട് കേന്ദ്രീകരിച്ച് തമ്പടിച്ചു. നാട്ടുകാര്‍ മാധ്യമ സംഘങ്ങളെ ഇവിടെനിന്ന് ഓടിക്കേണ്ടിവരുമെന്ന് പറയുകയും ചെയ്തു. സ്ത്രീ ടിക്കറ്റുമായി ബാങ്കിലേക്ക് പോകുന്നതും ഫോട്ടോ പകര്‍ത്താനായും കാത്തിരുന്നു. ഇതിനിടെയാണ് തറവൂരിലെ ഭാഗ്യവാന്റെ കഥ പുറത്തായത്.
നെട്ടൂരിലെ വീട്ടമ്മയ്ക്കു സമാധാനമായി പുറത്തിറങ്ങാന്‍ കഴിഞ്ഞത് അപ്പോള്‍ മാത്രമാണ്. ഈ വീട്ടമ്മയെ ചുറ്റിപ്പറ്റി എഐ ചിത്രത്തിന്റെ അകന്പടിയോടെ കദനകഥവരെ പ്രചരിച്ചു. ഇതെല്ലാം വൈറലായി. ഇതോടെ വീട്ടമ്മ ആകെ പ്രതിസന്ധിയിലുമായി. ബംപര്‍ ഭാഗ്യവാന്‍ ശരത് എസ്. നായര്‍ ജോലി ചെയ്തിരുന്ന പെയിന്റ് ഗോഡൗണിന്റെ തൊട്ടടുത്തുതന്നെയായിരുന്നു വീട്ടമ്മയുടെ വീടെന്നതും യാദൃച്ഛികതയായി. ഈ ഗോഡൗണിലെ ജീവനക്കാരനായ ശരത് വര്‍ഷങ്ങളായി ഇവിടെയാണു ജോലി ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയും ഗോഡൗണിലെത്തിയ ശരത് ഉടന്‍തന്നെ അച്ഛന് സുഖമില്ലെന്നു പറഞ്ഞ് തുറവൂരിലേക്ക് മടങ്ങുകയായിരുന്നു.
വെളിച്ചെണ്ണക്കടയില്‍ ഓണം ബമ്പറിന്റെ 25 കോടി അടിച്ചിരിക്കുന്നു...'' നെട്ടൂരിലെ രോഹിണി ട്രേഡേഴ്സ് എന്ന വെളിച്ചെണ്ണക്കടയുടെ മുന്നില്‍ ഞായറാഴ്ച പുതിയ ഫ്‌ളക്‌സ് ബോര്‍ഡ് വന്നു. ഇവിടെ വെളിച്ചെണ്ണയ്‌ക്കൊപ്പം ലതീഷ് ലോട്ടറിക്കച്ചവടവും നടത്തിവരുകയാണ്. ഇതിനിടെ ബമ്പറടിച്ചത് നെട്ടൂര്‍ സ്വദേശിനിക്കാണെന്ന് ഏജന്റ് സംശയം പ്രകടിപ്പിച്ചതോടെ 'ഭാഗ്യവതി'യെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും സജീവമായി. ഏജന്റ് നല്‍കിയ സൂചനയനുസരിച്ച് നെട്ടൂര്‍ സ്വദേശിനിയുടെ വീടായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. രാവിലെ വീട്ടില്‍ അവരെ സമീപവാസികള്‍ കണ്ടെങ്കിലും പിന്നീട് വീട് പൂട്ടിയനിലയിലായിരുന്നു. അന്വേഷിച്ചവരോട് താന്‍ ലോട്ടറിയെടുത്തിരുന്നെന്നും ചെറിയ നമ്പറിന്റെ വ്യത്യാസത്തില്‍ ബമ്പര്‍സമ്മാനം നഷ്ടമായെന്നുമാണ് അവര്‍ പറഞ്ഞത്.
ഭാഗ്യവതിയുടെ കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നതിനിടെ ലോട്ടറി അടിച്ച വനിത ഉച്ചയ്ക്ക് 12 മണിയോടെ മാധ്യമങ്ങളെ കാണുമെന്ന് ഏജന്റ് പറഞ്ഞു. അതോടെ എല്ലാവരും ലതീഷിന്റെ കടയിലും പരിസരത്തുമായി തമ്പടിച്ചു. 'ഭാഗ്യവതി' പ്രത്യക്ഷപ്പെടുന്നതും കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് ഉച്ചയായപ്പോള്‍ ഏജന്റ് പക്ഷേ, മറ്റൊരു കാര്യമാണ് പറഞ്ഞത്. ''ഇവിടെനിന്ന് വിറ്റ ടിക്കറ്റില്‍ നെട്ടൂരിലുള്ള ഒരുസ്ത്രീയ്ക്കാണ് ബമ്പര്‍ അടിച്ചിരിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവരൊരു സാധാരണ സ്ത്രീയാണ്, ഇവിടുത്തെ ആളും ബഹളവും കണ്ട് അവര്‍ പേടിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇവിടേക്ക് ഇനി വരില്ല. നാളെ അവര്‍ ബാങ്കില്‍ ടിക്കറ്റ് ഹാജരാക്കുമ്പോള്‍ നിങ്ങള്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാനാകും. ദയവായി ഇനി ഇവിടെ കൂടിനിന്ന് എന്നെ ബുദ്ധിമുട്ടിക്കരുത്...''
കൂപ്പുകൈകളോടെ ലതീഷ് പറഞ്ഞതോടെ 'ഭാഗ്യവതി'യുടെ സസ്‌പെന്‍സ് പിന്നെയും നീണ്ടു. ബമ്പര്‍ അടിച്ചെന്ന് സംശയിക്കുന്ന സ്ത്രീ ജോലിചെയ്യുന്നത് ചന്തിരൂരുള്ള ചെമ്മീന്‍ ഫാക്ടറിയിലായിരുന്നു.