- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമമോ? എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന് തകരാറെന്നും സൂചന; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍; ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി; താളംതെറ്റി മറ്റ് വിമാനത്താവളങ്ങളും
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ സാങ്കേതിക തകരാര്‍ രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സര്‍വീസുകളെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തില്‍ (AMSS) ഉണ്ടായ സാങ്കേതിക തകരാറാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിച്ചത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാര്‍ വിമാന കമ്പനികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് ഡല്‍ഹി വിമാനത്താവളം അധികൃതര്‍ പറയുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മെസേജിങ് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ 800 ഓളം വിമാനങ്ങള്‍ വൈകിയതിന് പിന്നാലെ, സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി .
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഫ്‌ലൈറ്റ് മാന്വല്‍ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ഡല്‍ഹിയില്‍നിന്നും പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ വിമാനകമ്പനികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികള്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
ഡല്‍ഹിയില്‍ നിന്ന് മുംബൈ, ജയ്പുര്‍, ലക്‌നൗ, വാരണാസി തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നതിനാല്‍ ഡല്‍ഹിയിലെ AMSS തകരാര്‍ ഈ വിമാനത്താവളങ്ങളെയും ബാധിച്ചു തുടങ്ങി. അതേസമയം, മറ്റ് വിമാനത്താവളങ്ങളില്‍ ഇത്തരമൊരു പ്രശ്‌നമുള്ളതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പല വിമാനങ്ങളും ഒരു മണിക്കൂറോളം വൈകി. ചില വിമാനങ്ങള്‍ റദ്ദായി. ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായത് പറ്റ്‌ന, മുംബൈ മുതലായ രാജ്യത്തെ പല വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലടക്കം തെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമം നടക്കുന്നതായും, ഡിജിസിഎ ഇതില്‍ അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതാണോ തകരാറിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
'എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ഫ്‌ലൈറ്റ് പ്ലാനിങ്ങിനെ സഹായിക്കുന്ന, ഡല്‍ഹിയിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തില്‍ (AMSS) ഉണ്ടായ സാങ്കേതിക തകരാര്‍ മുംബൈ വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചിരിക്കുന്നു. ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി, വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടാകാം. വിമാനങ്ങളുടെ തല്‍സ്ഥിതിയെയും പുതുക്കിയ സമയക്രമത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു, നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി', മുംബൈ വിമാനത്താവളം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
അതേസമയം, ഡല്‍ഹിയിലെ എടിസി തകരാര്‍ മൂലം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറഞ്ഞത് 15 വിമാനങ്ങള്‍ വൈകി. വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നും വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമാനത്താവളം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലഖ്‌നൗ വിമാനത്താവളവും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ വിമാനങ്ങളുടെ തല്‍സ്ഥിതിയും പുതുക്കിയ സമയക്രമവും അറിയാന്‍ യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 800-ലധികം ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകിയതോടെ, രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹിയിലെ ഐജിഐ വിമാനത്താവളം വെള്ളിയാഴ്ച ആശങ്കയിലായി. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നുണ്ടെന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവ അറിയിച്ചു.
'എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയെ സഹായിക്കുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തില്‍ (AMSS) ഉണ്ടായ സാങ്കേതിക തകരാര്‍ കാരണം ഡല്‍ഹി വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ വൈകുകയാണ്. കണ്‍ട്രോളര്‍മാര്‍ ഫ്‌ലൈറ്റ് പ്ലാനുകള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതാണ് കാലതാമസത്തിന് കാരണം. സാങ്കേതിക വിദഗ്ധര്‍ എത്രയും വേഗം സിസ്റ്റം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്', എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പ്രസ്താവനയില്‍ പറഞ്ഞു.
എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ഫ്‌ലൈറ്റ് പ്ലാനിങ് പ്രക്രിയയെ പിന്തുണയ്ക്കുന്ന AMSS-ലെ സാങ്കേതിക തകരാര്‍ കാരണം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (DIAL) അറിയിച്ചു. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ തകരാര്‍ നിരവധി അന്താരാഷ്ട്ര എയര്‍ലൈനുകളെയും ബാധിച്ചു. റോമിലേക്കുള്ള ഐടിഎ എയര്‍വേയ്സ് വിമാനം രണ്ട് മണിക്കൂറോളവും ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം ഒരു മണിക്കൂറിലധികവും വൈകി. ഓട്ടോമേഷന്‍ സോഫ്റ്റ്വെയറില്‍ മാല്‍വെയര്‍ മൂലമുണ്ടായ ഓവര്‍ലോഡിന്റെ ഫലമാകാം ഈ തടസ്സമെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ്18-നോട് പറഞ്ഞു.




