തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുമായി സഹകരണം കോണ്‍ഗ്രസ് പുന:സ്ഥാപിച്ചതില്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ അമര്‍ഷം. ഒരു വര്‍ഷം നീണ്ടുനിന്ന ബഹിഷ്‌കരണത്തിന് വിരാമമിട്ട് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ വീണ്ടും പങ്കെടുത്തു തുടങ്ങിയതോടെയാണ് പ്രവര്‍ത്തകരില്‍ അതൃപ്തി പടര്‍ന്നത്. റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതോടെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അണികളില്‍ നിന്നുയരുന്നത്.

റിപ്പോര്‍ട്ടര്‍ ചാനലുമായി കോണ്‍ഗ്രസ് നിസഹകരണം പ്രഖ്യാപിച്ചത് ഈ വര്‍ഷം ജനുവരിയിലായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ചാനലുമായി സഹകരിച്ചില്ല. ചാനല്‍ കോണ്‍ഗ്രസ്സിനെതിരെ തുടക്കം മുതല്‍ തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. തുടര്‍ന്ന് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി ബഹിഷ്‌ക്കരണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള യുദ്ധം കോണ്‍ഗ്രസ് അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ചാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുമായി സഹകരിക്കാന്‍ കെപിപിസി തീരുമാനിച്ചെന്ന് ചാനല്‍ ചര്‍ച്ചയില്‍ അവതാരക അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ പങ്കെടുക്കുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അണികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോണ്‍ ഗ്രസിന്റേതായ പല സൈബര്‍ പേജുകളില്‍ പ്രതിഷേധം അണികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് എതിരെ പ്രചാരണം നടത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ തുടങ്ങിവച്ച ബഹിഷ്‌കരണം അന്ന് കെപിസിസി ഏറ്റടുക്കുകയും അന്നത്തെ പ്രസിഡന്റ് കെ സുധാകരന്‍ ബഹിഷ്‌കരണം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഈ ബഹിഷ്‌കരണം അവസാനിപ്പിക്കുമ്പോള്‍ ആരാണ് അതിന് തീരുമാനം എടുത്തത് എന്നറിയില്ല. നേരത്തെ ചാനലിലെ പീഡനപരാതിയില്‍ ഉള്‍പ്പടെ ചാനലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബഹിഷ്‌ക്കരണം പിന്‍വലിച്ചത് സംബന്ധിച്ച് ഔദ്യോഗികമായി കുറിപ്പുകളൊന്നും പുറത്തുവരാത്തതിനാല്‍ ആരാണ് ഈ തീരുമാനം എടുത്തതെന്നും അണികള്‍ ചോദിക്കുന്നു. വിഷയത്തില്‍ ഇപ്പോഴത്തെ കെപിസിസി നേതൃത്തോടുള്ള പ്രതിഷേധവും, മുന്‍ കെപിസിസി പ്രസിഡന്റെ നിലപാടിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

വിഷയത്തില്‍ കോണ്‍ ഗ്രസിന്റെ സൈബര്‍ പേജായ പോരാളി വാസുവില്‍ വന്ന കുറിപ്പ് ഇങ്ങനെ,

പാര്‍ട്ടിയെ എസ്ഡിപിഐയോട് കൂട്ടിക്കെട്ടിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല

പത്തോളം പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ കേസും നിലനില്‍ക്കുന്നു

മൊട്ടയും മരം മുറി ആന്റോയും ചേര്‍ന്ന് മീറ്റ് ദി എഡിറ്റര്‍സ് എന്ന പ്രോഗ്രാമിലൂടെ ഹീനമായി പാര്‍ട്ടിയെ അപമാനിക്കുന്നു.. എന്തിന് ഉമ്മന്‍ ചാണ്ടിയേയും യൂത്ത് കോണ്‍ഗ്രസിനെയും വരെ അശ്ലീല ചുവയില്‍ സംസാരിക്കുന്നു.

ഇങ്ങനെയൊരു സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ബഹിഷ്‌കരണം പിന്‍വലിച്ച കെപിസിസി പ്രസിഡന്റിനും മുഴുവന്‍ നേതാക്കള്‍ക്കും വീണ്ടും വീണ്ടും അഭിവാദ്യങ്ങള്‍ പാര്‍ട്ടിയെ ചാനല്‍ നാണം കെടുത്തിയാല്‍ എന്താ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ചാനല്‍ കള്ളക്കേസ് കൊടുത്താല്‍ എന്താ ?

മരം മുറി കള്ളന്റെ പൂത്ത കാശു കണ്ടാല്‍ കണ്ണ് മഞ്ഞളിച്ചോണം അതാണോ ഈ പിന്‍വലിക്കലിന്റെ ഉദ്ദേശം..?നിങ്ങള്‍ എന്ത് തിരുമാനവും എടുത്തോളൂ പക്ഷേ അത് സാധാരണക്കാരെ പ്രവര്‍ത്തകരെ അറിയിക്കണം. കാരണം അവരാണ് നിങ്ങള്‍ക്ക് വേണ്ടി ഈ റിപ്പോട്ടര്‍ ചാനല്‍ നുണ അടിച്ചു വിടുമ്പോള്‍ അതിനു എതിരെ ഫൈറ്റ് ചെയ്യുന്നത് ഓര്‍മ്മ ഇരിക്കട്ടെ..

തെരഞ്ഞെടുപ്പാണ് പ്രവര്‍ത്തകര്‍ പ്രതികരിക്കില്ല എന്നുള്ളത് കൊണ്ട് ഈ സമയം തന്നെ തിരഞ്ഞെടുത്ത കാഞ്ഞ ബുദ്ധിക്ക് പ്രത്യേക അഭിവാദ്യം..എന്നാല്‍ കേട്ടോ പ്രതികരിക്കുക തന്നെ ചെയ്യും.. അത് കൊണ്ട് അടുക്കളയില്‍ ഇരുന്ന് ആ തീരുമാനം എടുത്ത ഏത് നേതാവ് ആയാലും ഇനിയും ശക്തമായി തന്നെ ചാനല്‍ ബഹിഷ്‌കരിക്കാന്‍ തന്നെ ആണ് തീരുമാനം. കാരണം ഇവിടെ ഉള്ള സാധാരണക്കാരന് ആത്മാഭിമാനം ഉണ്ട്..

സന്ദീപ് വാര്യര്‍ നിങ്ങളെ ഞങ്ങള്‍ കുറ്റം പറയില്ല നിങ്ങള്‍ പാര്‍ട്ടി പറഞ്ഞ ഉത്തരവാദിത്വം കൃത്യമായി ചെയ്യ്തു.. ഇത് നിങ്ങള്‍ക്ക് ഉള്ളത് അല്ല പാര്‍ട്ടിയെ അടുക്കളയില്‍ ഇരുന്ന് ഒറ്റിയ നേതൃത്വത്തിന് എതിരെ ആണ്.. ആരാണ് ഒറ്റിയത് എന്ന് കൃത്യമായി വിവരം കിട്ടിയിട്ടുണ്ട് ബാക്കി വരും ദിവസങ്ങളില്‍..


കെ സുധാകരന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മറ്റൊരു കുറിപ്പ് ഇങ്ങനെ

No Compromise No Adjustment

റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ ഒറ്റ നിലപാട്...??

വെറുതെ ആണോ പുള്ളിയുടെ കൂടെ കട്ടക്ക് പിള്ളേര്‍ ഉള്ളത്

റിപ്പോര്‍ട്ടര്‍ ചാനലിന്റെ വ്യാജ വാര്‍ത്തകളെയും സമീപനങ്ങളെയും പാര്‍ട്ടി വളരെ ഗൗരവത്തോടു കൂടി കണക്കിലെടുത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നിന്നിട്ടും പ്രസ്തുത മാധ്യമം അവരുടെ തെറ്റായ വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിക്കുകയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സൃഷ്ടിച്ച കേസുകളില്‍ നിന്ന് പിന്മാറുകയോ ചെയ്യാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഔദ്യോഗികമായി തീരുമാനിക്കുന്നു എന്നായിരുന്നു ബഹിഷ്‌ക്കരണ പ്രഖ്യാപന സമയത്ത് കോണ്‍ ഗ്രസിന്റെ പ്രസ്താവന