സിഡ്‌നി: ആസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ അക്രമിയുടെ കൈയ്യില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി നിരവധിപ്പേരുടെ ജീവന്‍ രക്ഷിച്ച അഭയാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. വെടിയുണ്ടകളേറ്റതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിറിയൻ വംശജനും ഓസ്‌ട്രേലിയൻ പൗരനുമായ അഹ്മദ് അൽ അഹമ്മദ് (40) എന്ന യുവാവാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി അവിശ്വസനീയമായ ധീരത കാണിച്ചത്.

ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹ്മദ്, വേദനയിൽ പുളയുമ്പോഴും താൻ ചെയ്തതിനെക്കുറിച്ച് ഒട്ടും ഖേദിക്കുന്നില്ലെന്ന് അഭിഭാഷകനോട് പറഞ്ഞു. "വീണ്ടും ഇങ്ങനെയൊരവസരം വന്നാല്‍ താൻ അത് ചെയ്യും," എന്നാണ് അഹ്മദ് തൻ്റെ നിയമോപദേഷ്ടകനായ സാം ഇസ്സയോട് പറഞ്ഞത്.

തോക്ക് തട്ടിയെടുത്ത സാഹസിക നീക്കം

ഞായറാഴ്ച വൈകുന്നേരം 6:45 ഓടെ ഒരു പൊതു ഹനുക്ക ആഘോഷത്തിനിടെയാണ് ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് ആരംഭിച്ചത്. കാൽനടപ്പാലത്തിലൂടെയെത്തിയ രണ്ട് അക്രമികളാണ് ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. നിരവധിപേർക്ക് പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നതിനിടയിൽ, അഹ്മദ് അൽ അഹമ്മദ് ഒരു അക്രമിയുടെ നേർക്ക് ചാടി വീണു. അതിസാഹസികമായി അക്രമിയുമായി മല്ലിട്ട് അദ്ദേഹം റൈഫിൾ കൈക്കലാക്കി. ഈ സമയം അക്രമി അദ്ദേഹത്തിന് നേരെ രണ്ട് തവണ വെടിയുതിർത്തെങ്കിലും, തോക്ക് കൈക്കലാക്കിയതോടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.

ജീവന് വേണ്ടി പോരാട്ടം

വെടിയേറ്റതിനെത്തുടർന്ന് ശരീരത്തിൽ പലയിടത്തും മുറിവേറ്റ അഹ്മദ് നിലവിൽ കോകരഹിലെ സെന്റ് ജോർജ് ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. പ്രധാനമായും അദ്ദേഹത്തിൻ്റെ ഇടതു കൈക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. വെടിയേറ്റ ഒരു ബുള്ളറ്റ് ഇപ്പോഴും അദ്ദേഹത്തിൻ്റെ ഇടതു തോളെല്ലിൽ കുടുങ്ങിക്കിടക്കുകയാണ്. ഗുരുതരമായ പരിക്കുകൾ കാരണം അഹ്മദിന്റെ ഇടതുകൈ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ സാം ഇസ്സ വെളിപ്പെടുത്തി. "അവൻ്റെ അവസ്ഥ പ്രതീക്ഷിച്ചതിലും മോശമാണ്. കൈയിൽ വെടിയേറ്റാൽ ഗുരുതരമായിരിക്കില്ല എന്ന് നാം കരുതും. എന്നാൽ അവന് ധാരാളം രക്തം നഷ്ടപ്പെട്ടു," ഇസ്സ പറഞ്ഞു.

സംഭവ സമയത്ത് അഹ്മദിനൊപ്പം അദ്ദേഹത്തിൻ്റെ കസിൻ ജോസേ അൽക്കാൻജും ഉണ്ടായിരുന്നു. "ഞാൻ മരിക്കാൻ പോകുകയാണ്, എൻ്റെ കുടുംബത്തെ കാണണം. ആളുകളുടെ ജീവൻ രക്ഷിക്കാൻ പോയതാണെന്ന് അവരോട് പറയണം," എന്ന് അഹ്മദ് അപകടത്തിന് തൊട്ടുമുമ്പ് തന്നോട് പറഞ്ഞതായി അൽക്കാൻജ് ഓർത്തെടുത്തു. സ്വന്തം ജീവൻ നിലനിർത്താൻ പോരാടുമ്പോഴും അദ്ദേഹം താൻ ചെയ്ത കാര്യത്തിൽ ദുഃഖിക്കുന്നില്ല എന്ന് നിയമോപദേഷ്ടകൻ സാം ഇസ്സ വീണ്ടും ആവർത്തിച്ചു. "നമ്മുടെ നായകൻ ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.