ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്വിജയ് സിങ്. ആര്‍എസ്എസില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നുവെന്നും ഇതാണ് ആര്‍എസ്എസിന്റെ സംഘടനാബലം എന്നും ദിഗ്വിജയ് സിങ് പറഞ്ഞു. അദ്വാനിയുടെ കാല്‍ക്കലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ചാണ് സമൂഹമാധ്യമ പോസ്റ്റ്.

'ഈ ചിത്രം വളരെ ശ്രദ്ധേയമാണ്. നേതാക്കളുടെ കാല്‍ക്കല്‍ തറയില്‍ ഇരിക്കുന്ന ആര്‍എസ്എസിന്റെ താഴെത്തട്ടിലുള്ള സ്വയംസേവകരും ജനസംഘം (ബിജെപി) പ്രവര്‍ത്തകരും പിന്നീട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്നു. ഇതാണ് ആ സംഘടനയുടെ ശക്തി. ജയ് സിയ റാം'- സിംഗ് എക്സില്‍ കുറിച്ചു. 1996ല്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അന്നത്തെ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന ചിത്രമാണ് ദിഗ്വിജയ് സിങ് പങ്കുവച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലും ദിഗ്വിജയ് സിങ് സമാനാഭിപ്രായം ഉന്നയിച്ചു. കോണ്‍ഗ്രസില്‍ അധികാര വികേന്ദ്രീകരണം നടക്കുന്നില്ലെന്നും താഴെത്തട്ടില്‍ പാര്‍ട്ടിക്ക് ചലനമില്ലെന്നും സിങ് ആരോപിച്ചു. പിസിസി അധ്യക്ഷന്‍മാരെ നിയമിക്കല്‍ മാത്രമാണ് നടക്കുന്നതെന്നും ദിഗ്വിജയ് സിങ് അഭിപ്രായപ്പെട്ടു. ദിഗ്വിജയ് സിങ് പങ്കുവച്ച ട്വീറ്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി രംഗത്തെത്തെി. സിങ്ങിന്റെ പരാമര്‍ശം സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ കോണ്‍ഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടുന്നതാണെന്ന് പാര്‍ട്ടി വക്താവ് സിആര്‍ കേശവന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി ഒരാഴ്ച പിന്നിടുമ്പോള്‍ ദിഗ്വിജയ് സിംഗ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1990-കളിലെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിരന്തരം വേട്ടയാടുന്ന ബിജെപിയെയും അതിന്റെ പ്രത്യയശാസ്ത്ര മാതൃസംഘടനയായ ആര്‍എസ്എസിനെയും പ്രശംസിക്കുന്നത്.

അദ്വാനിക്ക് സമീപം തറയിലിരിക്കുന്ന യുവ മോദിയെ ചിത്രത്തില്‍ കാണാം. ഇതിനെ പരാമര്‍ശിച്ച്, ഒരുകാലത്ത് തറയിലിരുന്നിരുന്ന സാധാരണ പ്രവര്‍ത്തകര്‍ബിജെപി സംവിധാനത്തിനുള്ളില്‍ വളര്‍ന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാന്‍ കഴിയുന്നതിനെ അദ്ദേഹം പ്രശംസിച്ചു. പരാമര്‍ശം വിവാദമായതോടെ പിന്നീട് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. താന്‍ സംഘടനയെ മാത്രമാണ് പ്രശംസിച്ചതെന്നും ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്നത് തുടരുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പോസ്റ്റിന് പിന്നില്‍

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എംപിമാരായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ദിഗ്വിജയ് സിംഗ് പോസ്റ്റ് ഇട്ടത്. ഇത് പാര്‍ട്ടി ഹൈക്കമാന്‍ഡിനുള്ള സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

ഒരു ആഴ്ചയ്ക്ക് മുമ്പ് കോണ്‍ഗ്രസിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും അത് പരിശോധിക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിക്ക് കൂടുതല്‍ 'പ്രായോഗികമായ വികേന്ദ്രീകൃത പ്രവര്‍ത്തനം' ആവശ്യമാണെന്ന് ഡിസംബര്‍ 19-ന് അദ്ദേഹം പറഞ്ഞിരുന്നു, എന്നാല്‍ ഗാന്ധിയെ 'ബോധ്യപ്പെടുത്തുക എളുപ്പമല്ല' എന്ന് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

സംസ്ഥാന രാഷ്ട്രീയത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് സിംഗിന്റെ ഈ പോസ്റ്റുകള്‍ എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ രാജ്യസഭാ കാലാവധി അടുത്ത വര്‍ഷം ആദ്യം അവസാനിക്കും, മൂന്നാം തവണ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയവും അദ്ദേഹത്തിന് അനുകൂലമല്ല.