- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാഹുലിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയത് കടുപ്പമേറിയ വാദങ്ങള്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്ഐടി; 'പരസ്പര സമ്മതം' ഉയര്‍ത്തി പ്രതിഭാഗവും; അടച്ചിട്ട കോടതി മുറിയില്‍ വാദം പൂര്‍ത്തിയായി; പാലക്കാട് എംഎല്‍എയ്ക്ക് ജാമ്യം ലഭിക്കുമോ? വിധി നാളെ

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ റിമാന്‍ഡിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം പറയുക. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലടക്കം രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും.
ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍ രംഗത്ത് വന്നിരുന്നു. രാഹുലിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ലൈംഗിക പീഡന പരാതിയില്‍ മറ്റ് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു. കേസില്‍ പ്രതിയും പരാതിക്കാരെയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെയാണ് എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം വാദിച്ചു.
ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്ന് ആവകാശപ്പെട്ട്, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടു. 2024 ല്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്‍എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്. യുവതിക്കെതിരായ സൈബര്‍ അധിക്ഷേപം നടത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫെനി നൈനാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി നല്‍കിയ പരാതിയിലാണ് പത്തനംതിട്ട സൈബര്‍ പൊലീസിന്റെ നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാല്‍ അധിക്ഷേപ പോസ്റ്റിട്ടത്.
രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ സൈബര്‍ അധിക്ഷേപത്തില്‍ പരാതിക്കാരി പ്രതികരിച്ചിരുന്നു. രാഹുലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയാണ് ഫെന്നി പുറത്തുവിട്ട ചില ചാറ്റുകളെക്കുറിച്ച് പ്രതികരിച്ചത്. ഫെന്നിയുടെ സൈബര്‍ അധിക്ഷേപം ഇനി പരാതിക്കാര്‍ മുന്നോട്ടുവരുന്നത് തടയാനാണെന്നും ചാറ്റിന്റെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും പരാതിക്കാരി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. തലയും വാലുമില്ലാത്ത ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നതെന്നും യുവതി വ്യക്തിമാക്കി.


