- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഗ്രീൻലൻഡ് പദ്ധതിയിൽ സഹകരിക്കണം'; എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ഏർപ്പെടുത്തും; യൂറോപ്പിനെ മുൾമുനയിൽ നിർത്തി ട്രംപിന്റെ ഭീഷണി; നീക്കത്തിനെതിരെ ഡെന്മാർക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത്; ആർട്ടിക് മേഖലയെ 'സൈനികവൽക്കരിക്കുകയാണെന്ന്' റഷ്യ; 'ശീതസമാധാന'ത്തിന് സാധ്യത

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ നയങ്ങളും ഭാവിയിലെ അധികാര സാധ്യതയും ആഗോള ഭൗമരാഷ്ട്രീയ രംഗത്ത് നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. അമേരിക്ക ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിനെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതായി സൂചന. ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഈ നടപടിയെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കവെ ട്രംപ് അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന് ട്രംപ് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
പ്രതിരോധ കൂട്ടുകെട്ട് ശക്തിപ്പെടുത്താനും ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ഗ്രീൻലൻഡ് ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. യുഎസിന്റെ നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലൻഡ്. എണ്ണ, വാതകം, അപൂർവ ധാതുക്കൾ എന്നിവയുൾപ്പെടെ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഈ പ്രദേശം, വടക്കേ അമേരിക്കയ്ക്കും ആർട്ടിക് മേഖലയ്ക്കും ഇടയിൽ മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾക്കും കപ്പലുകൾ നിരീക്ഷിക്കുന്നതിനും തന്ത്രപരമായി പ്രാധാന്യമുള്ളതാണ്.
"ഗ്രീൻലൻഡ് പദ്ധതിയിൽ സഹകരിച്ചില്ലെങ്കിൽ, ഞാൻ ആ രാജ്യങ്ങൾക്ക് തീരുവ ചുമത്തിയേക്കാം. കാരണം ദേശീയ സുരക്ഷയ്ക്ക് നമുക്ക് ഗ്രീൻലാൻഡ് ആവശ്യമാണ്," ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ മരുന്നുവില കുറയ്ക്കുന്നതിനുള്ള പദ്ധതിയിൽ മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കാൻ തീരുവ ഉപയോഗിച്ച കാര്യം വിശദീകരിച്ചപ്പോഴാണ് ഗ്രീൻലൻഡിനും ഇതേ തന്ത്രം പ്രയോഗിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചത്.
എന്നാൽ, ഏതൊക്കെ രാജ്യങ്ങളെ ലക്ഷ്യമിടുന്നുവെന്നോ ഏത് അധികാരം ഉപയോഗിക്കുമെന്നോ അദ്ദേഹം വ്യക്തമാക്കാൻ തയ്യാറായില്ല. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഡെന്മാർക്കിനെ കൂടാതെ നിരവധി യൂറോപ്യൻ രാജ്യങ്ങളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിന് സൈനിക നടപടികളടക്കം ട്രംപ് ആലോചിക്കുന്നതായി നേരത്തെ വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
ജർമ്മനിയിലെ വാഹന വ്യവസായം, ഫ്രാൻസിലെ വൈൻ, ആഡംബര വസ്തുക്കളുടെ വിപണി തുടങ്ങി യൂറോപ്പിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളെല്ലാം അമേരിക്കൻ വിപണിയെ ആശ്രയിച്ചാണ്. ട്രംപ് തീരുവ ഉയർത്തിയാൽ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥ വലിയൊരു മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും.
നാറ്റോ (NATO) സഖ്യത്തിന്റെ പേരിൽ അമേരിക്ക നൽകുന്ന സുരക്ഷാ ഗ്യാരണ്ടിയാണ് യൂറോപ്പിന്റെ ധൈര്യം. എന്നാൽ സഖ്യകക്ഷികളെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ട്രംപിനെ വിശ്വസിച്ച് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് യൂറോപ്യൻ നേതാക്കൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഗ്രീൻലൻഡ് പ്രശ്നത്തിൽ ഡെന്മാർക്കിനെ പിന്തുണയ്ക്കാൻ പട്ടാളത്തെ അയക്കാൻ പോലും ചില യൂറോപ്യൻ രാജ്യങ്ങൾ തയ്യാറെടുക്കുന്നു എന്നത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യം വീണ്ടും ഉറപ്പിച്ചതിന് പിന്നാലെ, ആർട്ടിക് മേഖലയെ 'സൈനികവൽക്കരിക്കുകയാണെന്ന്' പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി റഷ്യ രംഗത്തെത്തിയിരുന്നു. ഗ്രീൻലാൻഡിനെ പ്രതിരോധിക്കാൻ യൂറോപ്പിന് കഴിവില്ലെന്ന് റഷ്യൻ ഉദ്യോഗസ്ഥരും ക്രെംലിൻ അനുകൂല വ്യക്തികളും പരിഹസിച്ചു. യൂറോപ്യൻ സൈനിക ഉദ്യോഗസ്ഥർ ഗ്രീൻലാൻഡിലേക്ക് എത്തിത്തുടങ്ങിയ സാഹചര്യത്തിലാണ് റഷ്യയുടെ ഈ പ്രതികരണം. നാറ്റോ ആസ്ഥാനമായ ബെൽജിയത്തിലെ റഷ്യൻ എംബസി, ട്രംപിന്റെ പ്രസ്താവനകൾ "റഷ്യൻ വിരുദ്ധവും ചൈനീസ് വിരുദ്ധവുമായ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ" നാറ്റോ ഉപയോഗിക്കുകയാണെന്ന് പറഞ്ഞു.
അതേസമയം, ട്രംപ് അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോഴും റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നതിനുള്ള സാധ്യതകൾ വിദൂരമായി തുടരുകയാണ്. ഇതിനിടെ, പുതിയ സംഘർഷങ്ങൾ രൂപപ്പെടുകയും അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങൾ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ നിലനിൽപ്പിന് വെല്ലുവിളിയാകുകയും ചെയ്യുന്നതോടെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ നിർണായകമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ജോ ബൈഡനിൽ നിന്ന് അധികാരം ഏറ്റെടുത്തയുടൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വെടിനിർത്തൽ സാധ്യമായിട്ടില്ല. ഇറാനിലും വെനസ്വേലയിലും അമേരിക്ക ഹ്രസ്വമായ ചില ഇടപെടലുകൾ നടത്തിയതിനൊപ്പം ഇറാനിൽ വീണ്ടും ഇടപെടാനുള്ള സാധ്യതകളും സജീവമാണ്. ട്രംപിന്റെ ഏകപക്ഷീയ നീക്കങ്ങൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകത്തിന്റെ പതനത്തിന് വേഗം കൂട്ടുന്നുവെന്നാണ് വിലയിരുത്തൽ.
1945-ൽ രണ്ടാംലോകയുദ്ധം അവസാനിച്ചപ്പോൾ പാശ്ചാത്യലോകത്തിന്റെ അമരത്ത് അമേരിക്കയായിരുന്നു. നാറ്റോ സഖ്യം അംഗരാജ്യങ്ങൾക്ക് മികച്ച സുരക്ഷാ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ കാലഘട്ടം മാറിയിരിക്കുന്നു. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഗ്രീൻലൻഡിനെ സ്വന്തമാക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾ അത് തടയാൻ യൂറോപ്യൻ രാജ്യങ്ങൾ സൈന്യത്തെ അയയ്ക്കാൻ തയ്യാറാകുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഒരു ലോകനേതാവ് എന്നതിൽ നിന്ന് വ്യാപാര പങ്കാളി എന്ന നിലയിലേക്ക് അമേരിക്ക ചുരുങ്ങുന്നത് പുതിയ ലോകക്രമത്തിൽ റഷ്യയ്ക്കും ചൈനയ്ക്കും കൂടുതൽ സ്വാധീനം നേടാൻ അവസരം നൽകുന്നു. അമേരിക്കൻ പ്രസിഡന്റ് തന്നെ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ നാറ്റോയുടെ നിലനിൽപ്പ് വലിയ വെല്ലുവിളി നേരിടുകയാണ്.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് തടസ്സം യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയാണെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് ചർച്ചകളെ തടസ്സപ്പെടുത്തുന്നതെന്ന് യൂറോപ്യൻ യൂണിയൻ (ഇയു) അധികൃതർ വാദിക്കുന്നു. അമേരിക്ക തയ്യാറാക്കിയ സമാധാനപദ്ധതിയെ റഷ്യയാണ് തള്ളിക്കളഞ്ഞതെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് വ്യക്തമാക്കി. സമാധാനക്കരാറിന്റെ ഭാഗമായി സുരക്ഷാ ഉറപ്പുകൾ വേണമെന്ന് പുടിൻ ആവശ്യപ്പെടുന്നു. സുരക്ഷ എല്ലാവർക്കും തുല്യവും അവിഭാജ്യവും ആയിരിക്കണമെന്നും ചിലരുടെ സുരക്ഷയുടെ ചെലവിൽ മറ്റു ചിലർക്ക് സുരക്ഷ ഉറപ്പാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


