- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; പിന്നാലെ വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തി ബന്ധുവീട്ടില്‍ നിന്നും പൊക്കി; ഷിംജിതയെ കസ്റ്റഡിയിലെടുത്തത് അതീവരഹസ്യ നീക്കത്തില്‍; പോലീസ് ജീപ്പ് ഒഴിവാക്കി പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? സംശയം ഉന്നയിച്ച് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും; 'റീല്‍സ് റാണിക്ക്' ഇനി ജയിലഴികള്‍ എണ്ണാം

കോഴിക്കോട്: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡില്‍. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാമ്യം നല്‍കണമെന്ന് ഷിംജിത കോടതിയില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വരുമ്പോള്‍ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന വനിതാ പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം മഫ്തിയില്‍ സ്വകാര്യവാഹനത്തില്‍ എത്തിയാണ് ഷിംജിതയെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ഒളിവില്‍ കഴിയുന്നതിനിടെയാണ് വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടില്‍നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലീസിന്റെ രഹസ്യനീക്കങ്ങളില്‍ സംശയമുണ്ടെന്നും ഇവര്‍ പ്രതികരിച്ചു.
സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഷിംജിതയ്‌ക്കെതിരെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കി. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി ഷിംജിത കോടതിയെയും സമീപിച്ചു. ഈ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. പൊലീസ് തിങ്കളാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത ശേഷം ഷിംജിത ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ സംസ്ഥാനം വിട്ടതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ഇവരെ ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബസില്‍ അപമാനകരമായ രീതിയില്‍ പെരുമാറിയെന്നു കാട്ടിയാണ് ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഷിംജിത സമൂഹമാധ്യമത്തില്‍ ഉള്‍പ്പെടുത്തിയത്. പിന്നാലെ ഇതിന്റെ വിശദീകരണം എന്ന രീതിയില്‍ തൊട്ടടുത്ത ദിവസം മറ്റൊരു വിഡിയോ കൂടി പുറത്തുവിട്ടു. ഇതോടെ മാനസിക സംഘര്‍ഷത്തിലായാണ് ദീപക്ക് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
യുവതിയുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കെ. കന്യക സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കമ്മിഷണര്‍ ഈ പരാതി മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ ചുമതലയുള്ള ഡിഎസ്പിക്ക് കൈമാറി. ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പെടുന്ന ബിഎന്‍എസ് 108 വകുപ്പ് പ്രകാരമാണ് ഷിംജിതയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പത്തുവര്‍ഷം വരെ തടവും പിഴയും ഉള്‍പ്പെടുന്ന വകുപ്പാണിത്.
പയ്യന്നൂരില്‍ ദീപക്കും ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബസിനുള്ളില്‍ നിന്ന് ഷിംജിത പകര്‍ത്തി മൂന്നു വിഡിയോ ദൃശ്യങ്ങള്‍ ഏകോപിപ്പിച്ചാണ് സമൂഹമാധ്യമത്തില്‍ ഷിംജിത വിഡിയോ ഉള്‍പ്പെടുത്തിയത്. മൊബൈല്‍ ഫോണിലെ വിഡിയോയിലും ഷിംജിത ആരോപിക്കപ്പെടുന്ന ദൃശ്യം ഇല്ലെങ്കില്‍ ഷിംജിതയ്ക്ക് അത് കുരുക്കാകും എന്നാണ് സൂചന.


