- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇന്ന് നടന്ന യോഗത്തിന് ക്ഷണിച്ചത് ഇന്നലെയോ മിനിഞ്ഞാന്നോ; പറയാനുള്ളത് നേതൃത്വത്തോട് പറയും'; രാഹുലിന്റെ 'അവഗണനയില്‍' കടുത്ത അതൃപ്തിയില്‍; വയനാട്ടില്‍ കൊടുത്ത വാക്ക് കൊച്ചിയില്‍ അവസാനിച്ചോ? കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി ഡല്‍ഹിയില്‍ പറന്നിറങ്ങി ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതി യോഗത്തില്‍ നിന്ന് വിട്ടു നിന്ന ശശി തരൂര്‍ എം പി. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ഡല്‍ഹിയില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അതൃപ്തിക്ക് പിന്നാലെ ദുബായ് യാത്രയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കവെയാണ് ഡല്‍ഹിയില്‍ ശശി തരൂര്‍ പറന്നിറങ്ങിയത്. പാര്‍ട്ടി നേതൃത്വത്തോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുമെന്ന് തരൂര്‍ പറഞ്ഞു. 'ഞാന്‍ പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതില്‍ എനിക്ക് സംശയമില്ല.' തരൂര്‍ പറഞ്ഞു.
സിപിഎമ്മിലേക്കെത്തിക്കാനുള്ള ചര്‍ച്ച ദുബായില്‍ നടന്നെന്ന വാര്‍ത്ത തള്ളിയ തരൂര്‍ ആരോപണം മാധ്യമങ്ങള്‍ സൃഷ്ടിച്ചതെന്നാണ് പ്രതികരിച്ചത്. നിങ്ങളുടെ ആഹാരത്തിന് വേണ്ടി നിങ്ങള്‍ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോടെ പറയൂവെന്നും തരൂര്‍ വ്യക്തമാക്കി. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസം. ഈ വിഷയത്തില്‍ കൂടുതല്‍ പറയാനില്ല, കൂടുതല്‍ പറഞ്ഞാല്‍ വീണ്ടും ചോദ്യങ്ങള്‍ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോള്‍ സംസാരിക്കാമെന്നും തരൂര്‍ വ്യക്തമാക്കി. നേതൃത്വവുമായി ചര്‍ച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂര്‍ നല്‍കിയത്. നയ രൂപീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് പാര്‍ട്ടി നേതൃത്വം കത്ത് നല്‍കിയിരുന്നു. നാളെ നടക്കാനിരുന്ന രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചക്കും അദ്ദേഹം ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല.
തരൂരിന്റെ ദുബായ് യാത്ര സിപിഎമ്മില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് തരൂര്‍ പറയുന്നത്. ഇന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് ക്ഷണം വൈകിയത് കൊണ്ടാണെന്നും തരൂര്‍ വ്യക്തമാക്കി. 'അവര്‍ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.' തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വവുമായി ഏറെക്കാലമായി തരൂര്‍ അകല്‍ച്ചയിലാണ്. എന്നാല്‍, തരൂരിനെതിരേ നടപടിയെടുക്കാനോ അദ്ദേഹത്തിന് ഏതെങ്കിലും രീതിയിലുള്ള വിലക്കിടാനോ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. പാര്‍ട്ടി നടപടി നേരിട്ട് രക്തസാക്ഷി പരിവേഷം തരൂരിന് ഉണ്ടാക്കേണ്ടതില്ലെന്നതാണ് ഇതിനു കാരണം.
സോണിയാ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു നിര്‍ണ്ണായക യോഗം നടന്നത്. ഇതിനു മുന്‍പ് ഡല്‍ഹിയില്‍ നടന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നിന്നും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. കൊച്ചിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തില്‍ തന്നെ അവഗണിച്ചു എന്നതാണ് തരൂരിന്റെ ഈ പ്രതിഷേധത്തിന് പ്രധാന കാരണം. കോണ്‍ഗ്രസുമായി മുന്‍പ് ചില മഞ്ഞുരുകലിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നെങ്കിലും, അവഗണന തുടരുന്ന സാഹചര്യത്തിലാണ് നയരൂപീകരണ സമിതി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ അവഗണന നേരിട്ടു എന്നതാണ് തരൂരിന്റെ ഒടുവിലത്തെ പരാതി. രാഹുല്‍ പങ്കെടുത്ത പരിപാടിയില്‍ വേദിയിലുണ്ടായിരുന്നിട്ടും തരൂരിന്റെ പേരുപോലും പരാമര്‍ശിച്ചില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വരുന്ന വാര്‍ത്തകളില്‍ തെറ്റും ശരിയുമുണ്ടാകാമെന്നും തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നുമായിരുന്നു ഇതേക്കുറിച്ച് തരൂരിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് തരൂര്‍ സിപിഎമ്മിലേക്കെന്ന പ്രചാരണം ഉണ്ടായത്.
എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി. രാഹുല്‍ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുല്‍ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാല്‍ അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്. അതേസമയം, സിപിഎമ്മില്‍ ചേരുകയെന്ന അബദ്ധം തരൂര്‍ കാണിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തരൂരിനെപ്പോലെയൊരാള്‍ക്ക് എന്ത് സ്ഥാനം സിപിഎമ്മിന് കൊടുക്കാനാകുമെന്നാണ് അവരുടെ ചോദ്യം.


