മോസ്‌കോ/കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണം അതിരൂക്ഷമാകുന്നു. ഞായറാഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ നടത്തിയ വന്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് നഗരത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി.

മോസ്‌കോയില്‍ അതീവ ജാഗ്രത

മോസ്‌കോ ലക്ഷ്യമിട്ടെത്തിയ 11 ഡ്രോണുകള്‍ ഉള്‍പ്പെടെ ആകെ 71 യുക്രെയ്ന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഷെറമെറ്റീവോ, ഡൊമോഡെഡോവോ, വ്‌നുക്കോവോ, ഷുക്കോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സുരക്ഷാ കാരണങ്ങളാല്‍ ഒരു മണിക്കൂറോളം നിര്‍ത്തിവെച്ചു. ജനവാസ മേഖലകളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മോസ്‌കോ നഗരം കനത്ത ജാഗ്രതയിലാണ്.

റഷ്യന്‍ മിസൈല്‍ ഫാക്ടറിക്ക് നേരെ 'ഫ്‌ലമിംഗോ' പ്രഹരം

റഷ്യയുടെ ഉള്‍പ്രദേശമായ ഉദ്മൂര്‍ത്തിയയിലെ മിസൈല്‍ നിര്‍മ്മാണ ശാലയ്ക്ക് നേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ഹ്രസ്വദൂര മിസൈലായ 'ഇസ്‌കന്ദര്‍', വന്‍നാശകാരിയായ 'ടോപോള്‍-എം' എന്നിവ നിര്‍മ്മിക്കുന്ന വോട്ട്കിന്‍സ്‌കിലെ പ്ലാന്റിന് നേരെയാണ് യുക്രെയ്ന്‍ സ്വന്തമായി വികസിപ്പിച്ച 'ഫ്‌ലമിംഗോ' ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

യുക്രെയ്‌നില്‍ റഷ്യയുടെ 'മരണതാണ്ഡവം'

യുക്രെയ്‌നിലെ ഊര്‍ജ്ജ മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ ഞായറാഴ്ച 50 ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും 297 ഡ്രോണുകളുമാണ് തൊടുത്തുവിട്ടത്. കീവ്, ഒഡേസ, ഖാര്‍കിവ് മേഖലകളില്‍ വൈദ്യുതി നിലയങ്ങള്‍ തകര്‍ന്നു. മൈനസ് 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്ന സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ വെള്ളവും വെളിച്ചവും ചൂടും ഇല്ലാതെ ദുരിതത്തിലായി. കീവില്‍ ഒരാള്‍ കൊല്ലപ്പെടുകയും കുട്ടികളടക്കം 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എല്‍വിവില്‍ ഒരു കടയിലുണ്ടായ സ്‌ഫോടനത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു.

പരാജയപ്പെടുന്ന സമാധാന ചര്‍ച്ചകള്‍

യുഎസിന്റെ മധ്യസ്ഥതയില്‍ ജനീവയിലും യുഎഇയിലും നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ആക്രമണം ശക്തമായത്. പിടിച്ചെടുത്ത ഭൂമി വിട്ടുനല്‍കില്ലെന്ന് റഷ്യയും, പ്രവിശ്യകള്‍ വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്‌നും നിലപാട് കടുപ്പിക്കുന്നു. റഷ്യയില്‍ നിന്ന് വീണ്ടും ആക്രമണം ഉണ്ടാകില്ലെന്ന വ്യക്തമായ സുരക്ഷാ ഉറപ്പാണ് യുക്രെയ്ന്‍ ആവശ്യപ്പെടുന്നത്.

'റഷ്യ നയതന്ത്രത്തേക്കാള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ആക്രമണങ്ങളിലാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.