വാഷിങ്ടണ്‍: അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച (Blizzard) തുടരുന്നു. 'ബോംബ് സൈക്ലോണ്‍' (Bomb Cyclone) എന്ന് വിളിക്കപ്പെടുന്ന അതിതീവ്രമായ കാലാവസ്ഥാ പ്രതിഭാസത്തെത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും പിന്നാലെ വിവിധ മേഖലകളില്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ഗതാഗത സംവിധാനങ്ങള്‍ നിലച്ചു. വിദ്യാലയങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ ചിലയിടങ്ങളില്‍ നിര്‍ദേശം നല്‍കി.

24 മണിക്കൂറിനുള്ളില്‍ വായുമര്‍ദ്ദം 24 മില്ലിബാറിലധികം കുത്തനെ ഇടിയുന്ന 'ബോംബോഗെനിസിസ്' (Bombogenesis) എന്ന പ്രതിഭാസമാണ് ഈ കൊടുങ്കാറ്റിന് പിന്നില്‍. ഇത് ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റിനും മിന്നല്‍വേഗത്തിലുള്ള മഞ്ഞുവീഴ്ചയ്ക്കും കാരണമാകുന്നു. ന്യൂയോര്‍ക്കിലെ മോണ്ടോക്ക് പോയിന്റില്‍ മണിക്കൂറില്‍ 135 കിലോമീറ്റര്‍ (84 മൈല്‍) വേഗതയിലാണ് കാറ്റ് വീശിയടിച്ചത് ശക്തമായ മഞ്ഞും കാറ്റും കാരണം കാഴ്ചപരിധി (Visibility) കാല്‍ മൈലിലും താഴെയായി കുറഞ്ഞു. ഇത് ഗതാഗത സംവിധാനങ്ങളെ പൂര്‍ണ്ണമായും തകര്‍ത്തു. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

ഞായറാഴ്ച (ഫെബ്രുവരി 22) വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്ച തിങ്കളാഴ്ചയോടെ അതിരൂക്ഷമായി മാറി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് ഏകദേശം 4.5 ലക്ഷത്തോളം ഉപഭോക്താക്കള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലായി. അമേരിക്കയിലുടനീളം 5,000-ത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ന്യൂജേഴ്സി വിമാനത്താവളങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. പൊതുഗതാഗത സംവിധാനങ്ങളും പലയിടത്തും നിര്‍ത്തിവച്ചു. പലയിടങ്ങളിലും രണ്ട് അടിയിലധികം (60 സെന്റിമീറ്റര്‍) മഞ്ഞ് അടിഞ്ഞുകൂടി. റോഡ് ഐലന്‍ഡിലെ വാര്‍വിക്കിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച (3 അടിയിലധികം) രേഖപ്പെടുത്തിയത്.

അന്തരീക്ഷത്തിലുണ്ടായ ഈ മാറ്റങ്ങള്‍ ബഹിരാകാശത്തുനിന്നുള്ള ഉപഗ്രഹങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളെ പൂര്‍ണ്ണമായും മൂടിക്കൊണ്ട് അതിവേഗം ചലിക്കുന്ന മഞ്ഞുപാളികളുടെ ദൃശ്യങ്ങള്‍ കാലാവസ്ഥാ നിരീക്ഷകര്‍ പുറത്തുവിട്ടു. ഈ ആഴ്ച അവസാനത്തോടെ മറ്റൊരു മഞ്ഞുവീഴ്ച കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍തീരങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.