- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇറാനില്‍ ഒരേ സമയം ആക്രമിച്ചത് 30 കേന്ദ്രങ്ങളില്‍; പെസഷ്‌കിയന്റെ കൊട്ടാരത്തിലേക്കും ഖമനയിയുടെ ഓഫിസിലേക്കും യുഎസ് മിസൈല്‍ പറന്നെത്തി; ഓപ്പറേഷന്‍ 'എപിക് ഫ്യുറി' ലക്ഷ്യമിട്ടത് ടെഹ്‌റാന്റെ വടക്ക് കിഴക്കന്‍ നഗരങ്ങള്‍; ആക്രമണം ഏശിയിട്ടില്ലെന്ന് ഇറാന്; ഇറാന് മിസൈലുകളെ തകര്‍ത്തെന്ന് ഖത്തര്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇറാനില്‍ യുഎസ് - ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരേസമയം ഇറാനിലെ തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ടെഹ്‌റാന്റെ വടക്ക് കിഴക്കന്‍ നഗരങ്ങളാണ് പ്രധാനമായും ലക്ഷ്യമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ കൊട്ടാരവും ഇറാന്‍ പരമോന്നത നേതാവ് ഖമനയിയുടെ ഓഫിസുമടക്കമാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ആക്രമണം ഏശിയിട്ടില്ലെന്നും പ്രസിഡന്റ് പെസഷ്‌കിയന്‍ തന്റെ ജോലികള്‍ തുടരുന്നുവെന്നുമാണ് ഹിസ്ബുല്ല അനുകൂല മാധ്യമമായ അല്‍നാറിന്റെ റിപ്പോര്‍ട്ട്. പെസഷ്‌കിയന് പരുക്കേറ്റിട്ടില്ലെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ മെഹ്‌റും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇറാന്റെ ഇന്റലിജന്‍സ് കാര്യാലയം, പ്രതിരോധ മന്ത്രാലയം, ഇറാന്റെ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും ആക്രമണം ഉണ്ടായി. ഖമനയി നേരത്തേ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. ഉഗ്ര സ്‌ഫോടനങ്ങള്‍ വിവിധയിടങ്ങളില്‍ ഉണ്ടായതായി ജനങ്ങളും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
ഇറാനെതിരെ യു.എസ് ആരംഭിച്ച ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് പിന്നാലെ യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലും വന്‍ സ്‌ഫോടനമുണ്ടായി. ഖത്തറിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. രണ്ട് ഇറാന്‍ മിസൈലുകളെ ഖത്തര്‍ ആകാശത്ത് പാട്രിയേറ്റ് പ്രതിരോധ സംവിധാനം തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹൈറൈനിലും യുഎഇയിലും കുവൈത്തിലും യു.എസ് സേനാ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്‌ഫോടനം.
ബഹ്‌റൈനിലും അബുദാബിയിലും നിരവധി സ്‌ഫോടനം നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹറൈനിലെ ജുഫൈറിലാണ് സ്‌ഫോടനം നടന്നത്. ഇവിടെയാണ് യു.എസ് നേവി താവളം സ്ഥിതി ചെയ്യുന്നത്. യുഎസ് നേവിയുടെ അഞ്ചാം കപ്പല്‍പ്പടയുടെ സര്‍വീസ് സെന്ററിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ബഹ്റൈന്‍ അറിയിച്ചു.
കുവൈത്തില്‍ സ്‌ഫോടനത്തിന് പിന്നാലെ സൈറണ്‍ മുഴങ്ങി. യു.എഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ ശബ്ദത്തോടെ സ്‌ഫോടനം നടന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാവരും വീട്ടിലോ സുരക്ഷിത ഇടങ്ങളിലെ തുടരണമെന്ന് ഖത്തര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സൈനിക താവളങ്ങളില്‍ നിന്ന് മാറി വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് മൊബൈലില്‍ എത്തിയ സന്ദേശം.
ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ കേട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാനുനേരെ അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ബഹ്റൈനിലും സ്‌ഫോടനങ്ങള്‍ നടന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തുടനീളം അപായ സൈറണുകള്‍ മുഴങ്ങി.മനാമയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായും നഗരത്തില്‍ പുക ഉയര്‍ന്നതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്‌ഫോടനത്തിന്റെ കൃത്യമായ ഉറവിടമോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമാണ് ബഹ്റൈന്‍. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് അതീവ സുരക്ഷാ ജാഗ്രതയിലാണ് കേന്ദ്രം. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ലക്ഷ്യമിട്ടാണ് ഇറാന്‍ പ്രത്യാക്രമണം നടത്തുന്നത്. പുറത്തുവരുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പ്രകാരം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിന് മുന്നോടിയായി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ബഹ്റൈന്‍ തീരത്തുനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സൂചനയുണ്ട്.
ഇറാന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ബഹ്‌റൈനിന് പിന്നാലെ സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവടങ്ങളിലും ഇറാന്‍ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് മിസൈലുകള്‍ അയച്ചു. അതേസമയം, അബുദാബിയിലേക്ക് അയച്ച മിസൈലുകള്‍ തകര്‍ത്തു.
പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെയും യു.എസിന്റെയും കേന്ദ്രങ്ങള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വരാനിക്കുന്നതിന് തയ്യാറെടുക്കൂ എന്നാണ് ഇറാന്‍ പ്രതികരിച്ചത്. പശ്ചിമേഷ്യയിലെ എല്ലാ യു.എസ് ഇസ്രയേല്‍ താല്‍പര്യങ്ങളും ലക്ഷ്യമാണ്. ഇനി നിയന്ത്രണങ്ങളൊന്നുമില്ല. മുന്‍പ് പരിഗണിക്കാത്ത സാഹചര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം ലക്ഷ്യമിടുമെന്നും അദ്ദേഹം സൂചന നല്‍കി. ഇസ്രയേലും യു.എസും ഒന്നിച്ചുള്ള ആക്രമണത്തില്‍ ഞെട്ടലില്ലെന്നും ഈ സംഘര്‍ഷത്തിന് ദീര്‍ഘകാലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
സമാധാനത്തിന്റെ പാതയില്‍ ഇറാന്‍ വരാതിരുന്നതിനാലാണ് ആക്രമിക്കേണ്ടി വന്നതെന്നും നിലനില്‍പ്പിന് തന്നെ ഇറാന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇറാനെ ആക്രമിച്ചതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ആയുധം വച്ച് കീഴടങ്ങണമെന്നും അല്ലെങ്കില്‍ മരണമെന്നുമായിരുന്നു ഇറാന്‍ സൈന്യത്തിന് ട്രംപിന്റെ മുന്നറിയിപ്പ്. കടല്‍മാര്‍ഗവും ആകാശമാര്‍ഗവുമാണ് ഇറാനെ ആക്രമിച്ചെതന്നാണ് യുഎസ് സ്ഥിരീകരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ആയുധപ്പുരകളും മിസൈല്‍ കേന്ദ്രങ്ങളും നിര്‍മൂലമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ആക്രമണം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നും അമേരിക്ക അറിയിച്ചു.
ആക്രമണപ്രത്യാക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാനും ഇസ്രയേലും തങ്ങളുടെ വ്യോമപാതകള്‍ അടച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ടെഹ്‌റാനിലെ ജനങ്ങള്‍ പരിഭ്രാന്തരാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പെട്രോള്‍ പമ്പുകളില്‍ വലിയ ക്യൂ ഉള്ളതായി കാണാം. ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരവാദ ഭരണകൂടത്തെ നീക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹുവും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണിലാണ് 12 ദിവസം നീളുന്ന യുദ്ധത്തില്‍ ഇറാനെ ഇസ്രയേലും അമേരിക്കയും ആക്രമിച്ചത്. അന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉള്‍പ്പടെ പ്രയോഗിച്ചത്.


