ദുബായ്: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ ഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍. ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ദോഹയിലുടനീളം സ്‌ഫോടനങ്ങള്‍ നടക്കുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് അവിടുത്തെ മലയാളികളും. അപ്രതീക്ഷിതമായാണ് സ്‌ഫോടനമുണ്ടായതെന്ന് ബഹറൈനില്‍ താമസിക്കുന്ന മലയാളിയും കവിയും ഗാനരചയിതാവുമായ ആര്‍.കെ. ദാമോദരന്റെ മകളുമായ അനഘ ദാമോദരന്‍ പറഞ്ഞു. ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്. നിലവില്‍ ഇവര്‍ വീടുവിട്ട് കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്ക് മാറിയിരിക്കുകയാണ്.

'ഞങ്ങള്‍ ബഹറൈനിലെ യുഎസ് ബേസിന്റെ സമീപത്താണ് താമസിക്കുന്നത്. ഒരു മണിക്കൂര്‍ മുന്‍പാണ് ഇവിടെ ഒരു സ്‌ഫോടനമുണ്ടായത്. അപ്രതീക്ഷിതമായിരുന്നു സംഭവങ്ങള്‍. എമര്‍ജന്‍സി അലാം മുഴങ്ങിയിരുന്നു. പാസ്‌പോര്‍ട്ടും അത്യാവശ്യം വേണ്ടുന്ന രേഖകളും മറ്റും കയ്യിലെടുത്തു. താമസസ്ഥലത്തുനിന്ന് സാധനങ്ങളൊക്കെ പാക്ക് ചെയ്ത് വാഹനമെടുത്ത് അവിടെനിന്ന് ഇറങ്ങി.

ഇപ്പോള്‍ സിഞ്ജ് എന്ന സ്ഥലത്താണുള്ളത്. ഇറങ്ങുന്ന സമയത്ത് രണ്ടാമതൊരു സ്ഫോടന ശബ്ദം കേട്ടു. പിന്നാലെ മൂന്നാമത്തേതും സംഭവിച്ചു. ഭാഗ്യത്തിന് നമുക്ക് അവിടെനിന്ന് ഇറങ്ങാന്‍ സാധിച്ചു. ഇപ്പോള്‍ നില്‍ക്കുന്നതിന് സമീപത്തും പ്രശ്‌നമുണ്ട്. തൊട്ടപ്പുറത്ത് യുഎസ് എംബസിയുണ്ട്. ആളുകളെല്ലാം ഭയചകിതരാണ്. ആര്‍ക്കെങ്കിലും പരിക്കുള്ളതായൊന്നും ഇതുവരെ അറിഞ്ഞിട്ടില്ല.' അനഘയുടെ വാക്കുകള്‍.

ബഹ്‌റൈന് പുറമേ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണങ്ങള്‍. ബഹ്‌റൈനില്‍ അഞ്ചോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ബഹ്റൈന്‍ ജുഫൈര്‍ ഭാഗത്താണ് യുഎസ് സൈനിക ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ജുഫൈര്‍ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുവൈത്തില്‍ ജഹ്‌റയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.