- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇറാന്റെ ഉന്നത സുരക്ഷാ നേതാക്കള്‍ ടെഹ്റാനിലെ രണ്ട് സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നത് കണ്ടെത്തിയത് ഇസ്രയേലിന്റെ ചാര മികവ്; ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ദിവസങ്ങള്‍ നീണ്ട നിരീക്ഷണം; ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം; ഖമനേയിയെ യു എസും ഇസ്രയേലും തീര്‍ത്ത കഥ

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചത് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ഒടുവിലെന്ന് റിപ്പോര്‍ട്ട്. ഖമനേയി എവിടെയാണെന്ന് ഇന്റലിജന്‍സ്, ട്രാക്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിച്ചു. ഒടുവില്‍ തന്റെ ഓഫിസില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി, യാതൊരു പഴുതും നല്‍കാതെയായിരുന്നു ആക്രമണം, ഖമനേയിക്കോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നുമാണ് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഖമനെയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകള്‍ തുടര്‍ച്ചയായി വര്‍ഷിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖമനയിയെയും കൂട്ടാളികളെയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം. ഖമേനിയുടെ കോമ്പൗണ്ട് നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന അംഗങ്ങളെയെല്ലാം വധിച്ചെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) എക്‌സിലൂടെ അറിയിച്ചത്. ഇറാനിലെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനും സുരക്ഷാ ഉപദേശകനുമായ അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ മുഹമ്മദ് പാക്പുര്‍, പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദ തുടങ്ങിയ ബുദ്ധികേന്ദ്രങ്ങളെ വധിച്ചെന്നാണ് ഐഡിഎഫ് അറിയിച്ചത്.
ഖമേനിയുടെ മകള്‍, പേരക്കുട്ടി, മരുമകന്‍, മരുമകള്‍ എന്നിവരും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണം ആരംഭിച്ചതിനുശേഷം ഖമനേയിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല, ശനിയാഴ്ച നടന്ന ആദ്യ ബാരേജില്‍ അദ്ദേഹത്തിന്റെ സുരക്ഷിതമായ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു. മൃതദേഹത്തിന്റെ ചിത്രം നെതന്യാഹു പുറത്തുവിട്ടുവെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലര്‍ച്ചെയെന്ന് സ്ഥിരീകരണം. ഇറാന്റെ ഉന്നത സുരക്ഷാ നേതാക്കളായ പ്രമുഖര്‍ ടെഹ്റാനിലെ രണ്ട് സ്ഥലങ്ങളിലായി യോഗം ചേര്‍ന്നത് ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നും അതിനുപിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നും ഇസ്രയേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ രാവിലെയായിരുന്നു സര്‍പ്രൈസ്' ആക്രമണമെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാന്‍ നിഷേധിച്ചിരുന്നു.
സ്വന്തം ഓഫീസില്‍ വെച്ചാണ് ഖമനെയി കൊല്ലപ്പെട്ടത്. ഇറാനെതിരെ സൈനിക ആക്രമണം തുടരുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കൃത്യവും വേഗതയുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഇറാനെതിരെ സൈനിക നടപടി ഈ ആഴ്ച ഉടനീളം തുടരുമെന്നുമാണ് അറിയിപ്പ്. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൈവരിക്കും വരെ തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. അതേസമയം ഇതുവരെ ഇല്ലാത്ത തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് ഐആര്‍ജിസി പ്രതികരിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലെ ഓഫീസിലായിരുന്നു ഖമനയി എന്നാണ് വിവരം. 'ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ' ഖമേനി കൊല്ലപ്പെട്ടുവെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനില്‍ ഇനി പുതുയുഗമെന്നാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജകുടുംബത്തിന്റെ പ്രതികരണം. ഖമനയിയെ ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കിയതായി റെസ പെഹ്ലവി പറഞ്ഞു. അതേസമയം, ഇറാനില്‍ യു.എസ് ഇസ്രയേല്‍ സംയുക്ത സേന ആക്രമണം തുടരുകയാണ്. പടിഞ്ഞാറന്‍, മധ്യ ഇറാനിലെ 30 ലക്ഷ്യങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മറ്റ് ഇറാന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. ഖേദിക്കേണ്ടി വരുമെന്നും കടുത്ത ശിക്ഷ ഉറപ്പാണെന്നും ഇറാന്‍ വിപ്ലവസേന ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പ്രസ്താവന പുറത്തിറക്കി. ശക്തമായ തിരിച്ചടി ഉടനെന്ന് ഇറാന്‍ കാബിനറ്റും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ഭീഷണി ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നതിന്റെ സൂചനയാണ്. ഇറാനില്‍ താല്‍ക്കാലിക ഭരണകൂടം അധികാരമേറ്റു. പ്രസിഡന്റും ജുഡീഷ്യറി മേധാവിയും ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് സമിതിയിലുള്ളത്.
ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആക്രമണം ആരംഭിച്ച് കഴിഞ്ഞതായി ഐആര്‍ജിസിയുടെ പ്രസ്താവന ഉദ്ധരിച്ച ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നിമിഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും മേഖലയിലെ യു.എസ്, ഇസ്രയേല്‍ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുകയെന്നും ഐആര്‍ജിസി വ്യക്തമാക്കി. മികച്ച നേതാവിനെ നഷ്ടമായെന്നും മരണത്തില്‍ ദുഃഖിക്കുന്നു എന്നുമായിരുന്നു ഖമനയിയുടെ മരണത്തിന് പിന്നാലെ ഐആര്‍ജിഎസ് പ്രതികരിച്ചത്.
യു.എസ് ഇസ്രയേല്‍ സംയുക്ത സേന ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂരി' യിലാണ് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. ഡോണള്‍ഡ് ട്രംപും ബെന്യമിന്‍ നെതന്യാഹുവുമാണ് ഖമനയി മരിച്ച വിവരം ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ഇറാന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടു. ഇറാന്‍ പ്രതിരോധമന്ത്രി അമീര്‍ നാസിര്‍സാദെയും റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൗറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ഇറാന്റെ തിരിച്ചടി ഗള്‍ഫിലാണ്. ഇറാന്‍ ആക്രമണത്തില്‍ ജബല്‍ അലിയില്‍ തീപിടിത്തമുണ്ടായി. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ദുബായ് തുറമുഖത്ത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. ഒരു ടെര്‍മിനലിന് നേരിയ കേടുപാടുകള്‍ പറ്റി. നാലുപേര്‍ക്ക് പരുക്കേറ്റു. കുവൈത്ത്, ബഹ്‌റൈന്‍ വിമാനത്താവളവും ആക്രമിച്ചു.


