മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ട്വിസ്റ്റുകളും പുതുമകളും നിറഞ്ഞതാണ് സ്ഥാനാര്‍ഥി പട്ടിക. യുവാക്കള്‍ക്കും വനിതകള്‍ക്കും പട്ടികയില്‍ ഇടം നല്‍കി. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാലാണ് എം കെ മുനീറിനെ ഒഴിവാക്കിയതെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു. മുനീര്‍ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ സൈബര്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയില്‍ കെ എം ഷാജി ആയിരിക്കും സ്ഥാനാര്‍ത്ഥി. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍ മത്സരിക്കും. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു കോഴിക്കോട് സൗത്തില്‍ മത്സരത്തിനിറങ്ങും. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ജയന്തി രാജന്‍ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റര്‍ കുന്നമംഗലത്തും മഞ്ചേരിയില്‍ റഹ്‌മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയന്‍ അന്‍വര്‍ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാര്‍ത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങളും മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുല്‍ ഗഫൂറും മത്സരിക്കും. 25 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പുനലൂര്‍, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍

മഞ്ചേശ്വരം - എ.കെ.എം അഷറഫ്

കാസര്‍ഗോഡ് - കല്ലട്ര മായിന്‍ ഹാജി

അഴിക്കോട് - കരീം ചേലേരി

കൂത്തുപറമ്പ് - ജയന്തി രാജന്‍

കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള

പേരാമ്പ്ര - ഫാത്തിമ തഹലിയ

തിരുവമ്പാടി - കാസിം കൂടരഞ്ഞി

കൊടുവള്ളി - പി.കെ ഫിറോസ്

കുന്നമംഗലം - റസാക്ക് മാസ്റ്റര്‍

കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസല്‍ ബാബു

വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം

കൊണ്ടോട്ടി - ടി.പി അഷ്‌റഫ് അലി

മഞ്ചേരി- അഡ്വ റഹ്‌മത്തുള്ള

ഏറനാട് - പി.കെ ബഷീര്‍

മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി

മങ്കട - മഞ്ഞളാം കുഴി അലി

പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം

വേങ്ങര - കെ.എം ഷാജി

കോട്ടക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍

തിരൂര്‍ - കുറുക്കോളി മൊയ്തീന്‍

താനൂര്‍ - പി.കെ നവാസ്

തിരൂരങ്ങാടി - പി.എം.എ സമീര്‍

മണ്ണാര്‍കാട് - എന്‍ ഷംസുദ്ദീന്‍

ഗുരുവായൂര്‍ - സി.എച്ച് റഷീദ്

കളമശ്ശേരി - അഡ്വ.വി.ഇ അബ്ദുള്‍ ഗഫൂര്‍

അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. 50ലധികം പേരുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.