തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തില്‍ ബിജെപി സീല്‍ പതിച്ചെന്ന ആരോപണവുമായി സിപിഎം. കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2019 മാര്‍ച്ച് 19ന് തയ്യാറാക്കിയ കത്താണ് മെയിലിനൊപ്പം അയച്ചത്.

അതേസമയം യഥാര്‍ത്ഥ രേഖയില്‍ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ ഈ രേഖകള്‍ ഉണ്ട്. പല തെരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തതെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം 5 മണിക്ക് സിപിഎം ദേശീയ നേതൃത്വം വിഷയത്തില്‍ പ്രതികരിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാമെന്നും എന്നാല്‍, കുറഞ്ഞപക്ഷം ഇവര്‍ രണ്ട് ഓഫീസ് ആയെങ്കിലും പ്രവര്‍ത്തിക്കണമെന്നും സിപിഎം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ പരിഹസിച്ചു. 'ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനെയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാം. എന്നാല്‍ ഈ രണ്ട് ഓഫീസിലെയും സീലുകള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും' സിപിഎം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

'തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ഒരു സീല്‍ ആണ് ഉപയോഗിക്കുന്നത് എന്നത് പുതിയ അറിവാണ്. വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു യാദൃശ്ചികത ആകും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിലെ ബിജെപി സീല്‍' എന്നും സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ സിപിഎം പരിഹസിച്ചു. സിപിഎമ്മിന് മാത്രമല്ല, മറ്റ് പാര്‍ട്ടികള്‍ക്കും ഇതേ പിഴവോടെയുള്ള കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയില്‍ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നാണെന്നും സിപിഎം ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആശയവിനിമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം പതിഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ ഉണ്ടെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക എക്‌സ് (മുന്‍പ് ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ എന്ന ചോദ്യം ഉന്നയിച്ച് എം വി നികേഷ് കുമാര്‍ വിവരം പങ്കുവച്ചിട്ടുണ്ട്.

2019 മാര്‍ച്ച് 19-ന് തയ്യാറാക്കിയ ഒരു കത്താണ് ഇത്തവണ അയച്ച ഇമെയിലിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ നടപടി ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തുല്യനീതി ഉറപ്പാക്കേണ്ട കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അതീവ ഗൗരവകരമാണെന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

കമ്മീഷന്റെ കത്തില്‍ എങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്ര പതിഞ്ഞു എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായതോടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് ഇത് വലിയൊരു രാഷ്ട്രീയ ആയുധമായി മാറാന്‍ സാധ്യതയുണ്ട്. കമ്മീഷന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പിഴവാണോ അതോ മനഃപൂര്‍വമായ ഇടപെടലാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

നികേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ ?

ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം.

എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം!

സീല്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍!

ഏത് ചിഹ്നത്തില്‍ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം!

ശ്രദ്ധിക്കണ്ടേ അമ്പാനെ...

വാര്‍ത്ത തിരയുന്നവരോട് ...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്ത affidavit ല്‍ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍. വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ ഞെക്കിയാലും താമര തെളിയുന്നു എന്ന വാര്‍ത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീല്‍ ആണ് ഉപയോഗിക്കുന്നത് എന്ന വാര്‍ത്ത ഇതാദ്യമാണ്. ബ്രേക്കിംഗ് ന്യൂസ്. എല്ലാ ഇ മെയില്‍ വിലാസക്കാര്‍ക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് verify ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് തന്നെയാണ് അയച്ചതും. അതും ഉറപ്പിച്ചിട്ടുണ്ട്...