ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അതിശക്തമായ പാക്കിസ്ഥാന്‍ ചാരശൃംഖലയെ തകര്‍ത്ത് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റിലായി. നിലവില്‍ എട്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. രാജ്യത്തെ നടുക്കുന്ന വിവരങ്ങളാണ് ഈ അറസ്റ്റിലൂടെ പുറത്തുവരുന്നത്. ഗാസിയാബാദിലെ കൗശാംബി പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു സാധാരണ വിവരത്തില്‍ നിന്നാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വലിയ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. കേവലം ഒരു പ്രാദേശിക രഹസ്യാന്വേഷണമല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെ അതിര്‍ത്തി കടന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിപുലമായ ഒരു ശൃംഖലയാണിതെന്ന് വ്യക്തമായിക്കഴിഞ്ഞു. ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദില്‍ നിന്നാണ് പിടിയിലായത്. ഒരു പെട്രോള്‍ പമ്പിന് സമീപം പഞ്ചര്‍ ഒട്ടിക്കുന്ന കടയുടെ മറവിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

പിടിയിലായവരില്‍ ചിലര്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സന്ദര്‍ശനം നടത്തുകയും അവിടെ നിന്നുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത് മറ്റൊരു വലിയ ആക്രമണത്തിനുള്ള മുന്നൊരുക്കമാണോ എന്ന ഗൗരവകരമായ സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഇതോടൊപ്പം തന്നെ ഇന്ത്യന്‍ നമ്പറുകള്‍ ഉപയോഗിച്ച് വിദേശത്തിരുന്ന് വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഒടിപി (OTP), സിം കാര്‍ഡ് മാഫിയയുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. ഉത്തര്‍പ്രദേശിന് പുറമെ ബീഹാര്‍, മഹാരാഷ്ട്ര, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഈ ശൃംഖലയുടെ വേരുകള്‍ നീളുന്നുണ്ട്. എന്‍ഐഎ, എടിഎസ്, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ എന്നിവര്‍ സംയുക്തമായാണ് ഇപ്പോള്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നത്.

ഈ ശൃംഖലയുടെ പ്രവര്‍ത്തനരീതി അങ്ങേയറ്റം പ്രൊഫഷണലായിരുന്നു എന്നതാണ് അന്വേഷണ സംഘത്തെ അമ്പരപ്പിക്കുന്നത്. സാങ്കേതിക വിദ്യയില്‍ അറിവുള്ള യുവാക്കളെ ചാരപ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നതില്‍ നൗഷാദ് അലി പ്രധാന പങ്കുവഹിച്ചിരുന്നു എന്നാണ് അന്വേഷണസംഘം പറയുന്നത്. മൊബൈല്‍ റിപ്പയറിംഗ്, കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യല്‍, സിസിടിവി ഇന്‍സ്റ്റാളേഷന്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള യുവാക്കളെ പണം നല്‍കി പ്രലോഭിപ്പിച്ചാണ് സംഘത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വെച്ചായിരുന്നു റിക്രൂട്ട്മെന്റ്. പിടിയിലായവരില്‍ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു എന്നത് സംശയം ഒഴിവാക്കാനുള്ള സംഘത്തിന്റെ തന്ത്രമായിരുന്നു.

റെയില്‍വേ സ്റ്റേഷനുകള്‍, സൈനിക കേന്ദ്രങ്ങള്‍ കന്റോണ്‍മെന്റുകള്‍ തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ജിപിഎസ് ലൊക്കേഷന്‍ സഹിതം മെസേജിംഗ് ആപ്പുകള്‍ വഴി പാകിസ്ഥാനിലെ കൈമാറുകയായിരുന്നു ഇവരുടെ പ്രധാന രീതി. ഓരോ ചിത്രത്തിനും വീഡിയോയ്ക്കും നിശ്ചിത തുക പ്രതിഫലമായി നല്‍കിയിരുന്നു. സംശയം ഒഴിവാക്കാന്‍ സ്ത്രീകളെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 14-ന് സോഹൈല്‍ മാലിക്, സനെ ഇറം എന്നിവരുള്‍പ്പെടെയുള്ള ആറ് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വന്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

ഇതിലുമപ്പുറം, ഡല്‍ഹി മുതല്‍ ജമ്മു വരെയുള്ള റെയില്‍വേ ഇടനാഴിയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ട്രെയിന്‍ നീക്കങ്ങളുടെയും സൈനിക നീക്കങ്ങളുടെയും തത്സമയ ദൃശ്യങ്ങള്‍ പാകിസ്ഥാനിലേക്ക് എത്തിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഡല്‍ഹി കന്റോണ്‍മെന്റ്, സോണിപത് എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ പോലീസ് കണ്ടെടുത്തു. ഏകദേശം 50 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്താനായിരുന്നു ഇവരുടെ നീക്കം. സോഷ്യല്‍ മീഡിയയും എന്‍ക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകളും വഴിയാണ് പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍മാരില്‍ നിന്ന് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നത്. ഏത് റെയില്‍വേ സ്റ്റേഷന്‍ ചിത്രീകരിക്കണം, ഏത് ആംഗിളില്‍ വീഡിയോ എടുക്കണം എന്നിങ്ങനെയുള്ള കൃത്യമായ വിവരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഓരോ അസൈന്‍മെന്റിനും 5,000 മുതല്‍ 20,000 രൂപ വരെയാണ് പ്രതിഫലമായി നല്‍കിയിരുന്നത്.

ഒരു പോലീസ് കോണ്‍സ്റ്റബിളിന് തോന്നിയ സംശയമാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വലിയ ചാരസംഘത്തെ വെളിച്ചത്തുകൊണ്ടുവന്നത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. സ്വന്തമായി സിസിടിവി സ്ഥാപിച്ചായിരുന്നു ചാരവൃത്തി. ഡല്‍ഹിയിലും യുപിയിലും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം സിസിടിവികള്‍ സ്ഥാപിച്ചു. ഡല്‍ഹി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും സിസിടിവി കണ്ടെത്തി. എന്‍ഐഎ, എടിഎസ്, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ എന്നിവര്‍ സംയുക്തമായാണ് ഇപ്പോള്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നത്.