- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പയ്യന്നൂരില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമം; കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടാക്രമിച്ചു; വീടിന്റെ ജനലുകള്‍ അടിച്ചുതകര്‍ത്തു; പോര്‍ച്ചിലുണ്ടായിരുന്ന കാറിന് തീയിട്ട് ഭീകരാന്തരീക്ഷം; ആക്രമണത്തിന് പിന്നില്‍ സി.പി.എം എന്ന് ആരോപണം; പരാജയഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന് വി. കുഞ്ഞികൃഷ്ണന്‍; കണ്ണൂരില്‍ ജാഗ്രത

കണ്ണൂര്‍: നിയമസഭാ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടും കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു. പയ്യന്നൂരില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ പുരുഷോത്തമന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
പുലര്‍ച്ചെ ഒരു മണിയോടെ തീ ആളിക്കത്തുന്നത് കണ്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. ഉടന്‍ തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ ഭാഗികമായി കത്തിനശിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക സി.പി.എം പ്രവര്‍ത്തകരാണെന്ന് പുരുഷോത്തമന്‍ ആരോപിച്ചു. മുന്‍ സി.പി.എം ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ടി. ഗോവിന്ദന്റെ സഹോദരി പുത്രനായ പുരുഷോത്തമന്‍ പണ്ട് ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം നേതൃനിരയില്‍ സജീവവുമായിരുന്നു.
പയ്യന്നൂര്‍ സി.പി.എമ്മിലുണ്ടായ വിഭാഗീയതയെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം പിന്നീട് സ്വതന്ത്ര സാംസ്‌കാരിക സംഘടനകളിലും ഇതര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇത്തവണ വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സജീവമായതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ദിവസം പയ്യന്നൂരിലെ വിവിധ ബൂത്തുകളില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യു.ഡി.എഫ് നേരത്തെ ആരോപിച്ചിരുന്നു.
കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തുകളിലും പയ്യന്നൂര്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളിലും ജനാധിപത്യം അട്ടിമറിക്കപ്പെട്ടതായി സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി. കള്ളവോട്ട് ചോദ്യം ചെയ്ത ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും കാനായില്‍ ബൂത്ത് ഏജന്റ് സുരേഷ് കാനായിയെ സി.പി.എം സംഘം മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്. കൂടാതെ പുഞ്ചക്കാട് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭിജിത്തിനെയും പത്തോളം വരുന്ന സംഘം ആക്രമിച്ചിരുന്നു.
പരാജയഭീതിയിലാണ് സി.പി.എം ജില്ലയില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. പോലീസ് നിഷ്‌ക്രിയമാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സി.പി.എമ്മും ചേര്‍ന്ന് ജനാധിപത്യം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം തുടരുന്നത് ജില്ലയില്‍ കടുത്ത രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


