കൊച്ചി: രക്താര്‍ബുദ ചികിത്സയ്ക്കിടെ എച്ച്.ഐ.വി ബാധിച്ച് മരണപ്പെട്ട ഒമ്പതുകാരിക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

2018ല്‍ മരിച്ച കുട്ടി തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) നടത്തിയ രക്തമാറ്റത്തിനിടെയാണ് എച്ച്.ഐ.വി ബാധിച്ചത്. സംഭവത്തില്‍ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ ഇതിന് തയ്യാറാണോയെന്ന് ചീഫ് സെക്രട്ടറി അല്ലെങ്കില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മൂന്ന് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണം എന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിര്‍ദേശം.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ആര്‍.സി.സിയിലേക്ക് മാറ്റിയപ്പോള്‍ കുട്ടിയുടെ എച്ച്.ഐ.വി പരിശോധന നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നുള്ള ചികിത്സയില്‍ 49 തവണ രക്തം നല്‍കിയപ്പോള്‍, രക്തദാതാക്കളില്‍ ഒരാള്‍ എച്ച്.ഐ.വി പോസിറ്റീവ് ആയിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഈ സാങ്കേതിക പിഴവിനെക്കുറിച്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി, അതേ സമയം ഇപ്പോഴുള്ള രക്തപരിശോധന സംവിധാനങ്ങള്‍ എന്തൊക്കെയാണ്? അവ എത്രത്തോളം വിശ്വാസ്യമാണ്? എന്നതിനെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.

സംഭവത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്കുശേഷമേ നഷ്ടപരിഹാരത്തിനെക്കുറിച്ച് തീരുമാനമെടുക്കാനാകൂ എന്നതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരജി വീണ്ടും ഏപ്രില്‍ 4-ന് പരിഗണിക്കും.