ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡര്‍ ഹവറില്‍ ധനരഹിത ചികിത്സയ്ക്ക് പദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. മാര്‍ച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

മോട്ടോര്‍ വാഹന നിയമത്തിലെ 162ആം വകുപ്പ് പ്രകാരം ഗോള്‍ഡന്‍ ഹവറില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനരഹിത ചികിത്സ നല്‍കുന്ന പദ്ധതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. വലിയ അപകടത്തില്‍ പെട്ടതിന് ശേഷമുള്ള, വൈദ്യചികിത്സ ഏറ്റവും ഫലപ്രദമായ ആദ്യത്തെ 60 മിനിറ്റാണ് ഗോള്‍ഡന്‍ ഹവര്‍. പരുക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ ഹവറില്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പലപ്പോഴും, ഗോള്‍ഡന്‍ ഹവറില്‍ ആവശ്യമായ വൈദ്യചികിത്സ നല്‍കിയില്ലെങ്കില്‍ പരിക്കേറ്റവര്‍ക്ക് ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം.

റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള ചികിത്സയ്ക്ക് ആവശ്യമായ തുക സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയിരുന്നു. റോഡപകടത്തില്‍പ്പെട്ടവരുടെ ഏഴ് ദിവസത്തെ ചികിത്സയ്ക്ക് 1.5 ലക്ഷം രൂപ വരെ സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ക്യാഷ്ലെസ് ട്രീറ്റ്‌മെന്റ് ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രകാരമാണ് പുതിയ നയം അവതരിപ്പിക്കപ്പെട്ടത്. മാര്‍ച്ചോടെ പുതിയ നിയമം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ഏതു വിഭാഗത്തിലുള്ള റോഡിലെയും വാഹനാപകടങ്ങള്‍ക്കും പദ്ധതി ബാധകമാകും. 24 മണിക്കൂറിനുള്ളില്‍ പോലീസിനെ വിവരമറിയിച്ചാല്‍ അപകടത്തില്‍പ്പെട്ടയാളുടെ ഏഴുദിവസത്തെ ചികിത്സച്ചെലവ് അല്ലെങ്കില്‍ പരമാവധി 1.5 ലക്ഷം രൂപ പദ്ധതിയിലൂടെ നല്‍കും. അടിയന്തരചികിത്സ ആവശ്യമായവര്‍ക്കാണ് പരമാവധി തുക നല്‍കുന്നത്. മരിക്കുന്നയാളുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെ സഹായധനം നല്‍കും. പണം കണ്ടെത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായവും കേന്ദ്രം തേടിയിരിക്കയാണ്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുകയുടെ ചെറിയ ശതമാനം പദ്ധതി ഫണ്ടിലേക്ക് മാറ്റണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

രാജ്യത്ത് രണ്ടു ലക്ഷത്തോളം പേരാണ് 2024-ല്‍ റോഡപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 30,000 മരണങ്ങള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാലാണ്. മാരകമായ അപകടങ്ങള്‍ക്ക് ഇരയായവരില്‍ 66 ശതമാനം പേരും 18-34 വയസ്സുള്ളവരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച് ഏകദേശം 3000 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതായും മന്ത്രി വ്യക്തമാക്കി.സംസ്ഥാന ആരോഗ്യ ഏജന്‍സി, പോലീസ്, ആശുപത്രികള്‍, എന്നിവരുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പരിപാടിയുടെ നിര്‍വഹണച്ചുമതല.