കൊച്ചി: നടന്‍ നിവിന്‍ പോളിയെയും സംവിധായകന്‍ ഏബ്രിഡ് ഷൈനിനെയും വഞ്ചനാക്കുറ്റത്തില്‍ കുടുക്കാന്‍ ശ്രമിച്ച പരാതിക്കാരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. 'ആക്ഷന്‍ ഹീറോ ബിജു 2' എന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ചമയ്ക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഷംനാസിനെതിരെയാണ് വൈക്കം മജിസ്ട്രേറ്റ് കോടതി നടപടിക്ക് നിര്‍ദ്ദേശിച്ചത്.

സിനിമയിലെ ബിജു പൗലോസ് എന്ന കടുപ്പക്കാരനായ പോലീസ് ഓഫീസറെ മലയാളിക്ക് മറക്കാനാവില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സ്വന്തം ജീവിതത്തില്‍ ഒരു 'ആക്ഷന്‍ ഹീറോ'യെപ്പോലെ പോരാടുകയായിരുന്നു നിവിന്‍ പോളി. വ്യാജ പീഡനാരോപണത്തിന്റെ കരിനിഴലില്‍ തളച്ചിടാന്‍ നോക്കിയവര്‍ക്കും, സാമ്പത്തിക തര്‍ക്കങ്ങളുടെ പേരില്‍ വഞ്ചിക്കാന്‍ ശ്രമിച്ചവര്‍ക്കും കോടതിയിലൂടെ മറുപടി നല്‍കി നിവിന്‍ പോളി തന്റെ വിജയഗാഥ തുടരുന്നു.

ആക്ഷന്‍ ഹീറോ ബിജു 2' എന്ന സിനിമയുടെ നിര്‍മ്മാണ അവകാശം നിവിന്‍ പോളിയുടെ 'പോളി ജൂനിയര്‍' എന്ന കമ്പനിക്കാണെന്നിരിക്കെ, നിവിന്റെ ഒപ്പ് വ്യാജമായി ഇട്ട് രേഖകള്‍ ഉണ്ടാക്കി ഷംനാസ് അവകാശം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. നിവിന്‍ പോളിയുമായി മറ്റ് നിയമപ്രശ്‌നങ്ങളില്ലെന്ന് ഷംനാസ് കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയതായി വ്യക്തമായി. എറണാകുളം കോടതിയില്‍ ഇവര്‍ തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് ഷംനാസ് പരാതി നല്‍കിയത്.

തെറ്റായ തെളിവുകള്‍ ഹാജരാക്കിയതിനും കോടതിയെ വഞ്ചിച്ചതിനും ബിഎന്‍എസ്എസ് പ്രകാരമുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ഷംനാസിനെതിരെ അന്വേഷണം നടത്തി കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. നേരത്തെ ഷംനാസിന്റെ പരാതിയില്‍ നിവിന്‍ പോളിക്കെതിരെ എടുത്ത വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പീഡനാരോപണം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ നിന്നും നിയമപരമായി മുക്തനായ നിവിന്‍ പോളിക്ക് ഈ കോടതി ഉത്തരവ് വലിയ ആശ്വാസമാണ്.

തിരിച്ചടികള്‍ക്ക് ശേഷം 'സര്‍വ്വം മായ', 'ഫാര്‍മ' തുടങ്ങിയ ഹിറ്റുകളുമായി സിനിമയില്‍ സജീവമായ നിവിന്‍ പോളി, ഈ മാസം തന്നെ 'ആക്ഷന്‍ ഹീറോ ബിജു 2'-ന്റെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ തന്റെ പ്രതാപം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചു കൊണ്ട് നിവിന്‍ ചിത്രം 'സര്‍വ്വം മായ' 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഒടിടി പ്ലാറ്റ്ഫോമില്‍ 'ഫാര്‍മ'യിലൂടെ ഗംഭീര പ്രകടനം കാഴ്ചവെച്ച് നിരൂപകരുടെ കൈയ്യടി താരം നേടി. തനിക്കെതിരെ ഉയര്‍ന്ന വ്യാജ പീഡനാരോപണത്തെ പതറാതെ നേരിടുകയും നിയമപരമായി സത്യം തെളിയിക്കുകയും ചെയ്തതോടെ നിവിന്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും പ്രിയങ്കരനായി.

താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'ആക്ഷന്‍ ഹീറോ ബിജു'വിന്റെ രണ്ടാം ഭാഗത്തിന് ഇനി തടസ്സങ്ങളില്ല. ജീവിതത്തിലെ എല്ലാ കല്ലുകടികളെയും നീതിപീഠത്തിന്റെ സഹായത്തോടെ നീക്കം ചെയ്ത നിവിന്‍, കൂടുതല്‍ കരുത്തോടെ വീണ്ടും കാക്കി അണിയാനൊരുങ്ങുകയാണ് നിവിന്‍.