- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിലെ ദുരന്ത മേഖലയില് ശാസ്ത്രജ്ഞര്ക്ക് വിലക്കില്ല; അത്തരം നയം സര്ക്കാരിനില്ല; വിവാദ ഉത്തരവ് പിന്വലിക്കാന് നിര്ദ്ദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖല സന്ദര്ശിക്കുന്നതില് നിന്ന് ശാസ്ത്രജ്ഞരെ വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി. ഉരുള്പൊട്ടലിനെ കുറിച്ച് ഉദ്യോഗസ്ഥര് മാത്രമല്ല ശാസ്ത്രജ്ഞരും ഒന്നും മാധ്യമങ്ങളോട് മിണ്ടരുതെന്ന സര്ക്കാര് ഉത്തരവിനെതിരെ ശക്തമായ വിമര്ശനം ഉയര്ന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി വിശദീകരണം നല്കിയത്.
മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:
'വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില് അവിടം സന്ദര്ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര് മാനേജ്മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്ദ്ദേശം നല്കിയതായ വാര്ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സര്ക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പികക്കും വിധം ആശയവീനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് ഉടനെ പിന്വലിക്കാന് ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിര്ദേശിച്ചു.'
ഉത്തരവിന് എതിരെ ഇടത് അനുഭാവികള് പോലും രംഗത്തെത്തിയിരുന്നു. എന്നാല്, ദുരന്ത സമയത്ത് നിയന്ത്രണങ്ങള് ആവശ്യമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയുണ്ടായി. യാതൊരു ന്യായീകരണവും ഇല്ലാത്ത നിര്ദേശമെന്നും ശാസ്ത്ര സ്ഥാപനങ്ങള്ക്ക് സ്വതന്ത്രമായി പഠിക്കാനും നിഗമനങ്ങളില് എത്താനും കഴിയണമെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. തട്ടിക്കൂട്ട് ശാസ്ത്രം റിപ്പോര്ട്ട് വേണ്ട എന്നല്ലേ ഉദ്ദേശിച്ചത്എന്ന് മറുവിഭാഗം ചോദിക്കുന്നു.
സര്ക്കാരിന് ഹിതകരമല്ലാത്ത ശാസ്ത്ര പഠനങ്ങള് തല്ക്കാലം വെളിച്ചം കാണാതിരിക്കാനുള്ള ഇടപെടലാണിതെന്നും ചിലര് ചൂണ്ടിക്കാണിച്ചു. അനാവശ്യ നിര്ദ്ദേശമെന്ന് ദുരന്ത നിവാരണ വിദഗ്ധന് മുരളി തുമ്മാരുകുടിയും വിമര്ശിച്ചിരുന്നു.
റവന്യു-ഡിസാസ്റ്റര് മാനേജ്മെന്റ് പ്രിന്സിപ്പല് സെക്രട്ടറി ടിങ്കു ബിസ്വാളാണ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി പ്രൊഫ. കെ പി സുധീറിന് ഉത്തരവ് അയച്ചത്.
ദുരന്ത ബാധിത മേഖലയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലേക്ക് സംസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള് ഫീല്ഡ് വിസിറ്റ് നടത്തരുതെന്ന് നിര്ദ്ദേശിക്കണം. മാധ്യമങ്ങളുമായി ശാസ്ത്രജ്ഞര് തങ്ങളുടെ പഠന റിപ്പോര്ട്ടുകളോ, അഭിപ്രായങ്ങളോ പങ്കുവയ്ക്കരുത്. ദുരന്ത ബാധിത മേഖലയില് എന്തെങ്കിലും പഠനം നടത്തണമെങ്കില് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്കൂര് അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്.
ഉരുള്പൊട്ടല് മേഖലയില് നിന്ന് മാധ്യമങ്ങളെ അകറ്റി നിര്ത്താനാണ് സര്ക്കാരിന്റെ ശ്രമം. പഠന റിപ്പോര്ട്ടുകള് പങ്കുവയ്ക്കുന്നതിന് എന്തിന് വിലക്കേര്പ്പെടുത്തണമെന്ന ചോദ്യം ഉയരുന്നുണ്ട്. ദുരന്തത്തിന്റെ ശാസ്ത്രീയമായ കാരണങ്ങള് വിലയിരുത്താന് പഠന റിപ്പോര്ട്ടുകള് അനിവാര്യമല്ലേ എന്നും ചോദ്യം ഉയരുന്നു.
ഉരുള്പൊട്ടലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില് നിന്ന് ഉദ്യോഗസ്ഥര്ക്ക് സംസ്ഥാന സര്ക്കാര് നിയന്ത്രണം ഏര്പ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്ട്ടു ചെയ്തിരുന്നു. ചീഫ് സെക്രട്ടറി വി വേണു വിളിച്ചുചേര്ത്ത യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം സര്ക്കാര് കൈക്കൊണ്ടത്. മാധ്യമങ്ങളോട് സംസാരിക്കാന് ഉന്നത ഉദ്യോഗസ്ഥര്ക്ക് മാത്രമാണ് അനുമതി നല്കിയിരിക്കുന്നത്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര് മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിര്ദേശമെന്നാണ് വാര്ത്ത.
ദുരന്തനിവാരണ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന ഇന്സിഡന്റ് കമാന്ഡറിനും ജില്ലാ കളക്ടര്ക്കും മാത്രമേ പ്രാദേശിക മാധ്യമ സമ്പര്ക്കം പുലര്ത്താന് അനുവാദമുള്ളൂ എന്നാണ് സര്ക്കുലറില് നിര്ദേശിച്ചിരിക്കുന്നത്. 'മറ്റൊരു ഉദ്യോഗസ്ഥനും മാധ്യമങ്ങളുമായി സംവദിക്കുകയോ വിവരങ്ങള് പങ്കിടുകയോ ചെയ്യരുത്' എന്നാണ് ഉദ്യോഗസ്ഥര്ക്കുള്ള നിര്ദേശം.