ന്യൂഡല്‍ഹി: പിഎം കെയര്‍, പ്രധാനമന്ത്രി ദേശിയ ദുരിധാശ്വാസ ഫണ്ട് (പിഎംഎന്‍ഡിആര്‍എഫ്), ദേശിയ പ്രതിരോധ ഫണ്ട് (എന്‍ഡിഎഫ്) എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ലോക്‌സഭാ സെക്രട്ടേറിയേറ്റിനാണ് പിഎംഒ ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയത്. ഇവയിലെ പണം സര്‍ക്കാറുമായി ബന്ധപ്പെട്ടതല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. വിവരാവകാശ പരിധിയില്‍ പോലും വരാത്ത വിധത്തിലാണ് പി എം കെയര്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത്.

ലോക്സഭയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട റൂള്‍ 41(2) (viii), 41(2)(xvii) എന്നിവയ്ക്ക് കീഴില്‍ ഈ മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും ബാധകമാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയേറ്റിനെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലാത്തതോ സര്‍ക്കാറിന് പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് ഈ റൂളുകള്‍ പറയുന്നത്. ഈ മൂന്നു ഫണ്ടുകളെ കുറിച്ചുള്ള ചോദ്യങ്ങളോ സീറോ അവര്‍ നോട്ടീസുകളോ വന്നാല്‍ അവ അനുവദിക്കണമോ എന്ന് തീരുമാനിക്കാന്‍ മുകളില്‍ പറഞ്ഞ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം എന്നും നിര്‍ദ്ദേശത്തിലുണ്ട്.

ഈ ഫണ്ടുകളിലെ പണം പൊതുജനങ്ങളില്‍ നിന്നും സ്വമേധയ സംഭാവനയായി സ്വീകരിക്കുന്നതാണെന്നും രാജ്യത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നുള്ളതല്ലെന്നുമാണ് പിഎംഒ നല്‍കുന്ന വിശദീകരണം. ജനുവരി 30 തിന് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയേറ്റിന് നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതിനായുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് പിഎം കെയേഴ്‌സ്. പ്രകൃതി ദുരന്തം, അപകടം, കലാപം എന്നിവ ബാധിച്ചവര്‍ക്കാണ് പിഎംഎന്‍ആര്‍എഫ് വഴി സഹായം ലഭിക്കുന്നത്. സായുധ, അര്‍ധസൈനിക സേനകളിലെ അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് എന്‍ഡിഎഫ് ആരംഭിച്ചത്. കോവിഡിന് പിന്നാലെ 2020 മാര്‍ച്ച് 27 നാണ് പിഎം കെയേഴ്‌സ് ഫണ്ട് ആരംഭിക്കുന്നത്. പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റായാണ് ഇത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-23 വര്‍ഷത്തെ വരവ് ചെലവ് കണക്കു മാത്രമാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2023 മാര്‍ച്ചില്‍ 6283.7 കോടി രൂപയാണ് പിഎം കെയറിലുള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കോടിക്കണക്കിന് രൂപയാണ് ഈ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുള്ളത്. നേരത്തെ ഈ ഫണ്ട് ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സി.എ.ജി ഓഡിറ്റിനും ഈ ഫണ്ടുകള്‍ വിധേയമല്ല.

പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് 1948 ജനുവരിയിലാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി സ്ഥാപിതമായത്. പ്രളയം, ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, വലിയ അപകടങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇരയായവര്‍ക്കും അടിയന്തര സഹായം എത്തിക്കുന്നതിനാണ് നിലവില്‍ ഇതിലെ ഫണ്ട് പ്രധാനമായും ഉപയോഗിക്കുന്നത്.

സായുധ സേനയിലെയും പാരാമിലിട്ടറി സേനയിലെയും അംഗങ്ങളുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനായാണ് ദേശീയ പ്രതിരോധ നിധി ഉപയോഗിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം, പ്രധാനമന്ത്രി അധ്യക്ഷനായ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ നിധി നിയന്ത്രിക്കുന്നത്. പ്രതിരോധ, ധനകാര്യ, ആഭ്യന്തര മന്ത്രിമാര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്.