- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബസ് ബൈക്കില്‍ തട്ടിയതില്‍ തുടങ്ങിയ തര്‍ക്കം; നോബിളിനെ ബന്ധുക്കളുമായെത്തി മര്‍ദ്ദിച്ചു അസീസ്; പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വെച്ചു മര്‍ദ്ദനം; പ്രാണരക്ഷാര്‍ഥം ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ അവിടെയും പിന്തുടര്ന്നെത്തി; രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ നോയലിനെ കരകയറാന്‍ അനുവദിക്കാതെ കല്ലെറിഞ്ഞപ്പോള്‍ മുങ്ങി മരണം; നോയല്‍ കൊലക്കേസിലെ ഒടുവില്‍ വിധിയെത്തുമ്പോള്‍
ബസ് ബൈക്കില്‍ തട്ടിയതില്‍ തുടങ്ങിയ തര്‍ക്കം

കോട്ടയം: പകയുടെ കാര്യത്തില്‍ ലോകത്ത് മനുഷ്യനോളം പോന്ന ഒരു ജീവികളുമില്ല. നിസ്സാരമായ വാക്കുതര്‍ക്കങ്ങള്‍ പോലും അതിക്രൂരമായി കൊലപാതകത്തില്‍ എത്തുന്ന സംഭവങ്ങള്‍ കേരളത്തിലും ഉണ്ടായിട്ടുണ്ട്. കേരളത്തെ നടുക്കിയ 'മുറിഞ്ഞപുഴ കൊലപാതകം' ഇത്തരത്തില്‍ ഒന്നാണ്. പരിഹരിക്കാവുന്ന ഒരു തര്‍ക്കം വഷളാക്കി ആസൂത്രിതമായ ഒരു യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ വിധി വന്നപ്പോള്‍ അഞ്ച് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവാണ് ശിക്ഷ വിധിച്ചത്.
പ്രതികള്‍ 50,000 രൂപ വീതം പിഴയും ഒടുക്കണമെന്ന് കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നോയലിന്റെ കുടുംബത്തിന് നല്‍കണം. ഒപ്പം ആക്രമിക്കപ്പെട്ട സഹോദരന്‍ നോബിളിന് 50,000 രൂപ നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ് പ്രാണരക്ഷാര്‍ത്ഥം പുഴയില്‍ ചാടിയ യുവാവിനെ കരയ്ക്ക് കയറാന്‍ അനുവദിക്കാതെ കല്ലെടുത്തു എറിഞ്ഞ ക്രൂരന്‍മാര് യുവാവിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു.
അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി പുഴയില്‍ ചാടിയ നോയലിനെ കരയ്ക്ക് കയറാന്‍ അനുവദിക്കാതെ മരണത്തിനിടയാക്കിയെന്ന കേസിലാണ് വിധി.വടക്കേമുറി ഓണാട്ടുതറയില്‍ ഷമീര്‍ (45), സഹോദരന്‍ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുള്‍ അസീസ് (64), വടക്കേമുറി ഇന്നാംതുരുത്തില്‍ വീട്ടില്‍ ഷാജി (54), വടക്കേമുറി പള്ളത്ത് വീട്ടില്‍ സുധീര്‍ സുബി (47) എന്നിവരാണ് പ്രതികള്‍. പ്രതിപട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുല്‍ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.
പിന്തുടര്‍ന്ന് പകപോക്കി അസീസും സംഘവും
2012 മാര്‍ച്ച് 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ പത്തരയോടെ വൈക്കത്തെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയതായിരുന്നു പ്രിയദര്‍ശിനി ബസും ഡ്രൈവര്‍ നോബിളും. ബസ് പിന്നോട്ടെടുത്തപ്പോള്‍ തന്റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് അബ്ദുള്‍ അസീസ് നോബിളിനെ മര്‍ദ്ദിച്ചു. പിന്നീട് മക്കളെയും ബന്ധുക്കളെയും കൂട്ടിവന്ന് ബസിന്റെ എറണാകുളം ട്രിപ് തടഞ്ഞ് വീണ്ടും നോബിളിനെ മര്‍ദ്ദിച്ചു.
പരിക്കേറ്റ നോബിളിനെ വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്രതികള്‍ അവിടെയുമെത്തി.നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരന്‍ നോയലിനെയും പ്രതികള്‍ ആശുപത്രി പരിസരത്തുവച്ചും മര്‍ദ്ദിച്ചു. പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടില്‍ അഭയം പ്രാപിച്ചപ്പോള്‍ പ്രതികള്‍ ഇവിടെയുമെത്തി. പിന്നാലെ നോബിളും നോയലും മുറിഞ്ഞപുഴയാറ്റില്‍ ചാടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ 200 മീറ്ററോളം വീതിയുള്ള പുഴയുടെ മറുകരയിലെത്തുക അസാദ്ധ്യമെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും തിരികെ നീന്തി. ഈ സമയം പുഴയുടെ കരയില്‍ നിന്ന പ്രതികള്‍ സഹോദരങ്ങള്‍ക്കുനേരെ കകല്ലെറിഞ്ഞു. വടിവാള്‍ വീശിയും ഭീഷണിപ്പെടുത്തി. നീന്തി അവശനിലയിലായ നോയലിനെ കരയിലെത്താന്‍ പ്രതികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് നോയല്‍ പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു.
പുഴയിലെ മരണക്കെണി: പ്രതികളില്‍ നിന്ന് രക്ഷപ്പെടാന്‍ മുറിഞ്ഞപുഴയാറ്റില്‍ ചാടിയ സഹോദരങ്ങളെ കരയ്ക്ക് കയറാന്‍ പ്രതികള്‍ സമ്മതിച്ചില്ല. നീന്തി അവശനായി തിരിച്ചുവന്ന നോയലിന് നേരെ കല്ലെറിയുകയും വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. പുഴയില്‍ മുങ്ങിത്താഴുന്ന നോയലിനെ നോക്കി ആക്രോശിച്ച പ്രതികള്‍ അവനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു.


