ലണ്ടന്‍: പൊതുജനങ്ങളുടെ ശക്തമായ ആവശ്യത്തിനു നേരെ മുഖം തിരിക്കാന്‍ കഴിയാതെ ഒരു വിഭാഗം എം പിമാര്‍ നോര്‍ത്ത് സീയില്‍ എണ്ണ പ്രകൃതിവാതക ഖനനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്. നെറ്റ് സീറോ നയങ്ങള്‍ മയപ്പെടുത്തണമെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബന്‍ഡിനോട് ശക്തമായി ആവശ്യപ്പെടുന്ന എം പിമാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് സൂചന. ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചു നിര്‍ത്താനും ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനും ഇത് അത്യാവശ്യമാണെന്ന് ഭരണകക്ഷി എം പിമാര്‍ പോലും പറയുന്നു.

മദ്ധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടീഷ് കുടുംബങ്ങള്‍ പെടാപാടു പെടുന്നതിനിടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരിലും ഭൂരിഭാഗം പേരും നോര്‍ത്ത് സീയിലെ ഖനനത്തിനു മേലുള്ള നിരോധനം നീക്കണം എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഡെയിലി മെയിലിനു വേണ്ടി ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും മിലിബാന്‍ഡിനോട് ആവശ്യപ്പെട്ടത് ഖനനം ആരംഭിക്കാനായിരുന്നു.

അതേസമയം, നോര്‍ത്ത് സീയില്‍ എണ്ണ - പ്രകൃതി വാതക ഖനനത്തിനു മേലുള്ള നിരോധനം നീക്കിയാല്‍ താന്‍ സന്തുഷ്ടയാണെന്ന ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന്റെ പ്രസ്താവന, മന്ത്രിസഭയ്ക്കുള്ളിലും ഇതു സംബന്ധിച്ച് തര്‍ക്കം ശക്തമാവുകയാണെന്ന സൂചനയാണ് നല്‍കുന്നത്. ട്രേഡ് യൂണിയനുകളും ലേബര്‍ പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. അതിനെല്ലാം പുറമെ ഇപ്പോള്‍ എം പിമാര്‍ പരസ്യമായി തന്നെ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നതും സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.

ലേബര്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ ചാഞ്ചാടുകയാണെന്ന് ആരോപണം

ബ്രിട്ടനെ യുദ്ധ സജ്ജമാക്കാനുള്ള പദ്ധതികള്‍ നീട്ടിക്കൊണ്ടു പോയി ഒരു തീരുമാനമെടുക്കാതെ ലേബര്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന ആരോപണം ഉയരുന്നു. ഇതിനായി നടത്താന്‍ ഉദ്ദേശിച്ച നിയമനിര്‍മ്മാണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചതോടെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സൈന്യത്തെയും മറ്റ് സുപ്രധാന മേഖലകളെയും ഒരു യുദ്ധമുണ്ടാകുന്ന പശ്ചാത്തലത്തില്‍ അതിനെ നേരിടാന്‍ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ഈ വര്‍ഷം ആദ്യം തന്നെ, ഡിഫന്‍സ് റെഡിനെസ് ബില്‍ എന്ന ഈ ബില്‍ പാര്‍ലമെന്റില്‍ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, 2027 പകുതി വരെയെങ്കിലും അത് ഉണ്ടാകില്ല എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ലോക രാഷ്ട്രീയം അത്യന്തം സംഘര്‍ഷം നിറഞ്ഞ സ്ഥിതിയില്‍ തുടരുമ്പോള്‍, ഇത്തരമൊരു ബില്‍ അവതരിപ്പിക്കുന്നതിലുള്ള കാലതാമസം ശത്രുക്കള്‍ക്കും സഖ്യരാജ്യങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

2025 ലെ തന്ത്രപ്രധാനമായ പ്രതിരോധ വിശകലനത്തിന്റെ സുപ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായ ഈ ബില്‍ ബ്രിട്ടനെ സദാ യുദ്ധസജ്ജമാക്കി നിര്‍ത്താന്‍ ലക്ഷ്യം വച്ചുള്ളതാണ്. സുപ്രധാന വ്യവസായങ്ങളെ ഏറ്റെടുക്കാനും, പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ഒന്നാണ് ഈ ബില്‍. അതുപോലെ കരുതല്‍ സൈന്യത്തിന്റെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനും മന്ത്രിസഭയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. 2026 ആരംഭത്തോടെ ബില്‍ വരുമെന്നായിരുന്നു കഴിഞ്ഞ ജൂണില്‍ പ്രതിരോധ മന്ത്രി ലോര്‍ഡ് കോക്കെര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ലമെന്റിന്റെ അടുത്ത സെഷനിലെ അജണ്ട വെളിപ്പെടുത്തുന്ന, അടുത്തമാസത്തെ രാജാവിന്റെ പ്രസംഗത്തില്‍ ഇത് ഉള്‍പ്പെടുത്തിയതായി സൂചനകള്‍ ഒന്നും തന്നെയില്ല.