- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ; മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം; മുസ്ലീം സമുദായത്തോട് മാപ്പു പറയണം': മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ ഒ അബ്ദുല്ല
മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ ഒ അബ്ദുല്ല
കോഴിക്കോട്: കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെയും, തൊഴിലിടങ്ങളിലെ സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും, പ്രതീകമായ വാഴ്ത്തപ്പെട്ട ഒരു കാര്യമായിരുന്നു, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ വഴിപാട് കഴിച്ചത്. അസുഖബാധിതനായി വിശ്രമത്തിലായ, മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജയാണ് മോഹന്‍ലാല്‍ വഴിപാടായി നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
മൂന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍, ആ സംഭവത്തെക്കുറിച്ച് ഇങ്ങനെയാണ് എഴുതിയിരുന്നത്. -'ഇതാണ് കേരളം. ഇങ്ങനെയാവണം നമ്മുടെ രാജ്യം. മോഹന്‍ലാലിന് ഹൃദയത്തില്‍ തൊട്ട അഭിനന്ദനങ്ങള്‍. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കട്ടെ. മലയാളത്തിന്റെ എക്കാലത്തെയും രണ്ടു സ്തംഭങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും അഭിനയ സിദ്ധികള്‍ വ്യത്യസ്തമാണ്. തുലനം ചെയ്യാന്‍ പറ്റാത്ത അത്ര വ്യതിരിക്തമാണ് രണ്ട് പേരുടെയും അഭിനയ നൈപുണ്യം. മോഹന്‍ലാല്‍ മമ്മൂട്ടിക്കോ, മമ്മൂട്ടി മോഹന്‍ലാലിനോ ഭീഷണിയല്ല. ആവുകയുമില്ല. രണ്ട് പേരും അഭിനയ കല രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മഹാപ്രതിഭകളാണ്. മമ്മൂട്ടിയും മോഹന്‍ലാലും മല്‍സരിച്ച് അഭിനയിച്ചതിന്റെ ഗുണം കിട്ടിയത് നടനകലാ ലോകത്തിനാണ്. ഒരേമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ മാതൃകയാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരായിരം നന്‍മകകളും പ്രാര്‍ത്ഥനകളും....''- കെ ടി ജലീലിന്റെ ഈ പോസ്റ്റിനും വലിയ സ്വീകര്യത കിട്ടി.
എന്നാല്‍ മാധ്യമം ദിനപ്പത്രത്തിന്റെ മൂന്‍ അസോസിയേറ്റ് എഡിറ്ററും, എഴുത്തുകാരനും, പ്രഭാഷകനുമായ ഒ അബ്ദുല്ല, വഴിപാടിനെ നിശിതമായി വിമര്‍ശിച്ചാണ് രംഗത്ത് എത്തിയത്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മുട്ടിയുടെ സമ്മതത്തോടെയാണ് ഈ വഴിപാട് നടന്നതെങ്കില്‍ അദ്ദേഹം മാപ്പുപറയണം എന്നും ഒ അബ്ദുല്ല പറയുന്നു.
'മതപണ്ഡിതന്‍മാര്‍ ഇടപെടണം'
തന്റെ യുട്യൂബ് ചാനലിലുടെ ഒ അബ്ദുല്ല നടത്തിയ വിവാദ ഭാഷണത്തിന്റെ പ്രസ്തകഭാഗങ്ങള്‍ ഇങ്ങനെയാണ്-'മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണം. വളരെ ഗുരുതരമായ ഒരു വീഴ്ച, മമ്മൂട്ടി എന്ന അനുഗൃഹീത സിനിമാ നടന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത. ഇത് മമ്മൂട്ടി പറഞ്ഞ് എല്‍പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്നമില്ല.
പക്ഷേ അദ്ദേഹം( മമ്മൂട്ടി) പറഞ്ഞ് എല്‍പ്പിച്ചാണ് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണ്്. കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാന്‍ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് അത്.
പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തില്‍ പങ്കുചേര്‍ക്കാനോ, അതിന് വിരുദ്ധമായത് പ്രവര്‍ത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല. മമ്മൂട്ടിയില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കില്‍ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാന്‍ മാസത്തില്‍, അത് ഒരിക്കലം അനുവദിക്കാന്‍ പാടില്ല. മുസ്ലീം മതപണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ ഇടപെടണം''- ഒ അബ്ദുല്ല ചൂണ്ടിക്കാട്ടി.
എയറിലായി അബ്ദുല്ല
പക്ഷേ ഈ വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നയോടെ ഒ അബ്ദുല്ല എയറിലായിരിക്കയാണ്. ഇത്രയും വര്‍ഗീയ വിഷം എങ്ങനെ ചീറ്റാന്‍ കഴിയുന്നുവെന്നാണ് പലരും ചോദിക്കുന്നത്. കേരളത്തിന്റെ മതേതര ബോധത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചതിന്, നിയമ നടപടി സ്വീകരിക്കണം എന്നും കമന്റുകള്‍ വരുന്നുണ്ട്. നേരത്തെയും ഇത്തരത്തിലുള്ള തീവ്ര വര്‍ഗീയ പ്രസംഗങ്ങള്‍കൊണ്ട് കുപ്രസിദ്ധനാണ് ഒ അബ്ദുല്ല. എന്നാല്‍ ഇസ്ലാമിക വിധിയനുസരിച്ച് അബ്ദുല്ല പറഞ്ഞയാണ് ശരിയെന്നും, ഇസ്ലാമിലെ ഏറ്റവും വലിയ തെറ്റാണ് ശിര്‍ക്ക് എന്നും, മതം പഠിപ്പിച്ചത് പച്ചയായി പറയുകയാണ് അബ്ദുല്ല ചെയ്തത് എന്നും ചൂണ്ടിക്കാണിക്കുന്നവര്‍ ഉണ്ട്.
ശബരിമലയിലെ വഴിപാട് വിഷയത്തില്‍ നേരത്തെ പ്രതികരവുമായി മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. 'മമ്മൂട്ടി തന്റെ സഹോദരനും വളരെയടുത്ത സുഹൃത്തുമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ സുഹൃത്ത് കെ മാധവനും ഒപ്പമാണ് ശബരിമലയില്‍ എത്തിയത്. മോഹന്‍ലാലിന്റെ എമ്പുരാന്‍ എന്ന സിനിമ മാര്‍ച്ച് 27ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയത്.