- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോഴിക്കോട്ട് 'ഒരു രൂപ ഷൂ' ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട് അതിരാവിലെ 'ജെന്‍സികള്‍' കൂട്ടമായെത്തി; രാവിലെ പത്ത് മണിക്ക് കൊടുക്കുമെന്ന് പറഞ്ഞ ഓഫര്‍ പുലര്‍ച്ചെ കൊടുത്തു തീര്‍ത്തെന്ന് ഉടമകളും; കോഴിക്കോട്ടെ 'ട്രെന്‍ഡ് ഫാക്ടറി'യുടെ ഓഫര്‍ കിട്ടാത്തവര്‍ പ്രകോപിതരായി; പിന്നെ ലാത്തി ചാര്‍ജ്ജ്; ഇത് ഓഫര്‍ തട്ടിപ്പിന്റെ അതിവിചിത്ര മുഖം

കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നല്‍കുമെന്ന സോഷ്യല്‍ മീഡിയ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയതോടെ കോഴിക്കോട് നഗരത്തില്‍ വന്‍ സംഘര്‍ഷം. തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പോലീസ് ലാത്തി വീശുകയും കടയുടമകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നഗരത്തിലെ 'ട്രെന്‍ഡ് ഫാക്ടറി' എന്ന കടയാണ് ഈ വിചിത്രമായ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.
രണ്ട് ദിവസം മുന്‍പാണ് കടയുടമകള്‍ സോഷ്യല്‍ മീഡിയ വഴി ഒരു രൂപയ്ക്ക് ഷൂ നല്‍കുമെന്ന പരസ്യം നല്‍കിയത്. ഒരു രൂപയുടെ നോട്ടും കൈവശം വെച്ച് എത്തുന്നവര്‍ക്ക് ഓഫര്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇത് കേട്ട് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ വിദ്യാര്‍ത്ഥികളും യുവാക്കളും കടയ്ക്ക് മുന്നില്‍ തടിച്ചുകൂടി. എന്നാല്‍ പത്ത് മണിക്ക് തുറക്കുമെന്ന് പറഞ്ഞ കടയില്‍ പുലര്‍ച്ചെ തന്നെ ഓഫര്‍ തീര്‍ന്നുവെന്ന ഉടമകളുടെ വിശദീകരണം കാത്തുനിന്നവരെ പ്രകോപിപ്പിച്ചു.
ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ ഗതാഗതം തടസ്സപ്പെടുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തി വീശി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇന്ന് കട തുറക്കില്ലെന്ന് പോലീസ് ബോര്‍ഡ് വെച്ചതോടെ പ്രകോപിതരായ കുട്ടികള്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിനും അശാസ്ത്രീയമായ പരസ്യം നല്‍കി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും കടയുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരസ്യം കണ്ട് ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും എത്തിയ കുട്ടികള്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും നിരാശരായി മടങ്ങേണ്ടി വന്നു. നിലവില്‍ സ്ഥലത്ത് പോലീസ് കാവല്‍ തുടരുകയാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ട്രെന്‍ഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫര്‍ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്ന് ഓഫര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
ഇതു വിശ്വസിച്ച് ജെന്‍സി കുട്ടികള്‍ കടയ്ക്ക് മുന്നില്‍ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലര്‍ച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫര്‍ കഴിഞ്ഞതായും കുട്ടികള്‍ പറയുന്നു. രാവിലെ 10 മണി നല്‍കും എന്ന് പറഞ്ഞ ഓഫര്‍ പുലര്‍ച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികള്‍ പറയുന്നു. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവര്‍ക്കാണ് ഓഫര്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ പിരിഞ്ഞുപോവാത്തതിനാല്‍ പൊലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോര്‍ഡും വെച്ചു.


