മുംബൈ: ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ - ചരക്ക് ഗതാഗതത്തിന് സൈനിക സംരക്ഷണം നല്‍കുമെന്ന വാര്‍ത്ത അമേരിക്ക നിഷേധിച്ചതോടെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 82 ഡോളര്‍ ഉണ്ടായത് 92 ഡോളര്‍ ആയി ഉയര്‍ന്നു. നേരത്തേ, ഇതുവഴിയുള്ള എണ്ണക്കടത്തിന് അമേരിക്ക സംരക്ഷണം നല്‍കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചിരുന്നു.

ഇത് നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്തെത്തിയതോടെയാണ് എണ്ണവിലയില്‍ വീണ്ടും കുതിപ്പുണ്ടായത്. ആഗോളവിപണിയില്‍, എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഹോര്‍മൂസ് കടലിടുക്കുവഴി പോയ ഒരു ഓയില്‍ ടാങ്കറിന് അമേരിക്കന്‍ സൈന്യം എസ്‌കോര്‍ട്ട് പോയതായി യു എസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആ പോസ്റ്റ് ഡിലിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഒരു യു എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അത്തരത്തിലൊരു അവകാശവാദം തെറ്റാണെന്നാണ് വൈറ്റ്ഹൗസ് പ്രസ്സ സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞത്. ഇറാന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ അടഞ്ഞു കിടക്കുകയാണ്. ഇത് ആഗോള തലത്തില്‍ തന്നെ എണ്ണയുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലോക വിപണിയിലേക്കുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്നത് ഇതുവഴിയാണ്.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചതായി ഇറാന്‍ അറിയിച്ചു. ഇത് ഈവഴിയുള്ള കപ്പല്‍ ഗതാഗതത്തെ കൂടുതല്‍ ബാധിക്കും. അതേസമയം, ഹോമുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് തന്റെ ട്രൂത്ത് പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടു. ഈ കപ്പല്‍ പാത തുറന്ന് പ്രവര്‍ത്തിക്കുന്നതിനായുള്ള മറ്റു നടപടികള്‍ അമേരിക്കന്‍ സൈന്യം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് ലെവിറ്റും അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ എണ്ണ ടാങ്കറുകള്‍ക്ക് നാവിക സേനയുടെ സംരക്ഷണം ഉറപ്പാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളാവും സ്വീകരിക്കുക.

എല്‍പിജി ക്ഷാമം നേരിടാന്‍ റിലയന്‍സ്

അതേസമയം എല്‍പിജി ഉത്പാദനം കൂട്ടുമെന്ന് അറിയിച്ച് റിലയന്‍സ് രംഗത്തെത്തി. വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിലയന്‍സ് അറിയിച്ചു. അതേസമയം, ഇന്ധന സര്‍ചാര്‍ജ്ജ് എയര്‍ ഇന്ത്യ കൂട്ടിയത് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യത്ത് എല്‍പിജി ക്ഷാമം നേരിടുകയാണ്. അതിനിടെ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തി.

ഗാര്‍ഹിക ആവശ്യത്തിനുള്ള വാതകം പൂര്‍ണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കുന്ന മന്ത്രി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതില്‍ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. എല്‍പിജി പൂഴ്ത്തിവയ്പ്പ് തടയാന്‍ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. ഹോര്‍മുസ് കടലിടുക്കിലെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പാചക വാതക ലഭ്യതയെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വാതകം പൂര്‍ണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പ് നല്‍കുന്നത്. എന്നാല്‍ വാണിജ്യ ആവശ്യത്തിനുള്ള വാതകത്തിന്റെ ലഭ്യതയില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നേക്കാം. വിതരണം കാര്യക്ഷമമാക്കും, ഊര്‍ജ ലഭ്യതയില്‍ കുറവില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.