- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി സമ്മേളനത്തിന് ശേഷം തിരുത്തല്‍ നടപടികളിലേക്ക് സിപിഎം; മാധ്യമങ്ങളെ പരസ്യമായി തെറി വിളിക്കുന്നത് പതിവാക്കിയ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്കെതിരെ ആദ്യ നടപടി; പി എം മനോജിനെ പിആര്‍ഡി ചുമതലയില്‍ നിന്നും മാറ്റി; നടപടി പിആര്‍ഡി പരസ്യ കരാറുകള്‍ മകന്റെ സ്ഥാപനത്തിനും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന്
പി എം മനോജിനെ പിആര്‍ഡി ചുമതലയില്‍ നിന്നും മാറ്റി
ആലപ്പുഴ: കൊല്ലത്ത് സമാപിച്ചി സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടിയില്‍ പിണറായി വിജയന് എതിരാളികള്‍ ഇല്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. എന്നാല്‍, പാര്‍ട്ടിക്ക് വഴങ്ങുന്ന പ്രകൃതക്കാരനായ പിണറായി സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വികാരങ്ങള്‍ മാനിച്ച് തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാകുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ തിരുത്തലുകള്‍ തുടങ്ങുന്നു എന്നാണ് വിവരം. തെരഞ്ഞെടുപ്പുകാലം കൂടി അടുത്ത പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ നിരന്തരം തെറിപറയുന്ന പ്രസ് സെക്രട്ടറിയെ പിആര്‍ഡി ചുമതലയില്‍ നിന്നും മാറ്റി.
പ്രസ് സെക്രട്ടറി പി.എം.മനോജിനെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ (പിആര്‍ഡി) ചുമതലയില്‍നിന്ന് ഒഴിവാക്കിയത്. അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനും മീഡിയ സെക്രട്ടറി പ്രഭാവര്‍മയ്ക്കുമാണ് ഇനി പിആര്‍ഡി ചുമതല. പ്രസ് സെക്രട്ടറി സ്ഥാനത്തുനിന്നു മനോജിനെ മാറ്റണമെന്ന അഭിപ്രായമുണ്ടായെങ്കിലും പിആര്‍ഡി ചുമതലയില്‍നിന്നു മാറ്റുന്നതില്‍ നടപടി ഒതുക്കി. മനോജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ തീരുമാനിച്ചു. പിആര്‍ഡിയുമായി ബന്ധപ്പെട്ട കരാറുകളില്‍ അടക്കം മനോജ് ഇടപെട്ടു തുടങ്ങിയെന്നാണ് വിവരം. എന്റെ കേരളം, കേരളീയം, നവകേരള സദസ്സ് എന്നീ പരിപാടികളുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെയാണു മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരിലേക്ക് പാര്‍ട്ടിയും നോട്ടമിട്ടത്. പിആര്‍ഡി കരാറുകള്‍ നിരന്തരം മനോജിന്റെ മകന്റെ സ്ഥാപനം ഉള്‍പ്പെടെ ഉള്ളഴവര്‍ക്ക് ലഭിക്കുന്നതും വിവാദമായിരുന്നു. ഈ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അതിനെ പരിഹസിക്കുന്ന നിലപാടാണ് മനോജ് സ്വീകരിച്ചതും.
പിആര്‍ഡി പരസ്യ കരാറുകളിലും ഡോക്യുമെന്ററി നിര്‍മാണത്തിലും ഇടപെടലുണ്ടെന്നും ആരോപണമുയര്‍ന്നു. പിആര്‍ഡി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലും സ്ഥലംമാറ്റത്തിലുമൊക്കെ ഇവരുടെ ഇടപെടലുണ്ടായി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികപരിപാടികള്‍ ഉടന്‍ നടക്കുന്നതും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നതും കണക്കിലെടുത്ത് അഴിച്ചുപണി അത്യാവശ്യമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസിനോടു പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചെന്നാണു സൂചന. പി എം മനോജുമായി മുന്നോട്ടു പോയാല്‍ മാധ്യമങ്ങളുമായുള്ള ബന്ധം കൂടുതല്‍ വിഷളാകുമെന്ന സൂചനയാണ് പാര്‍ട്ടിയിലെ പലരും നല്‍കിയത്.
പ്രസ് സെക്രട്ടറി മനോജ് മാധ്യമങ്ങള്‍ക്കെതിരെ മോശമായ വിമര്‍ശനം നടത്തിയതും പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിക്കൊണ്ടാണ് മനോജ് ഈ വിമര്‍ശനങ്ങളെല്ലാം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസും മാധ്യമങ്ങളുമായുള്ള ബന്ധം ഇത്രയും വഷളായ ഘട്ടം മുന്‍പുണ്ടായിട്ടില്ലെന്ന വിമര്‍ശനവുമുയര്‍ന്നു. പാര്‍ട്ടി മുഖപത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ ആയിരിക്കെയാണു മനോജ് പ്രസ് സെക്രട്ടറി സ്ഥാനത്തെത്തിയത്. മനോജ് പത്രത്തിലേക്കു മടങ്ങുമെന്നും സൂചനയുണ്ടെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത.