പാലക്കാട്: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പി സരിന്‍ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് വന്നു. സരിന്‍ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള വൈരുദ്ധ്യം സരിന്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. യുഡിഎഫിനോടുള്ള വിയോജിപ്പ് സരിന്‍ വ്യക്തമാക്കിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് നടക്കുമെന്നും എംവി ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസിനെ പോലെ ത്രിമൂര്‍ത്തികളുടെ ചര്‍ച്ചയല്ല ഞങ്ങളുടേത്. മൃദു ഹിന്ദുത്വ നിലപാടാണ് സതീശന്റേത്. വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഇക്കാര്യം കാണാം. ഡോ സരിന്‍ പറഞ്ഞതില്‍ നിന്ന് ബിജെപി ബന്ധം ആരോപണമല്ലെന്ന് വ്യക്തമായെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കുകയായിരുന്നു കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി.

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പി.സരിന്‍ അതൃപ്തിയറിയിച്ച് വാര്‍ത്താസമ്മേളനം നടത്തി സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസുമായി സരിന്‍ ഇടഞ്ഞത്. ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നടപടിക്ക് പിന്നാലെ സരിന്‍ നിലപാട് വ്യക്തമാക്കിയത്.

സിപിഎം നേതൃത്വം ആവശ്യപ്പെട്ടാല്‍ പാലക്കാട് മത്സരിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാല്‍ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അന്‍വറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതല്‍ ആളുകള്‍ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിന്‍ പറഞ്ഞു.

പി സരിനെ പിന്തുണക്കാന്‍ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പിന്നാലെ പി സരിനെ പാര്‍ട്ടി ഓഫീസിലേക്ക് സിപിഎം നേതാക്കള്‍ ക്ഷണിച്ചു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് കൂടിക്കാഴ്ച നടത്തും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ ഫോണില്‍ ബന്ധപ്പെട്ടത്. ക്ഷണം സരിന്‍ സ്വീകരിച്ചിട്ടുണ്ട്. തനിക്ക് നേതാക്കളോട് പ്രത്യേകമായി ചില കാര്യങ്ങള്‍ തുറന്നു പറയാനുണ്ടെന്ന് പി സരിന്‍ പറഞ്ഞു. പി സരിന് പൂര്‍ണ പിന്തുണയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയിരിക്കുന്നത്.

പാലക്കാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ പാര്‍ട്ടിയില്‍ തീരുമാനമായിരുന്നു. സരിന്റെ തീരുമാനമെത്തിയതിന് ശേഷം പ്രഖ്യാപനം നടത്താമെന്ന നിലപാടിലായിരുന്നു നേതൃത്വം. സിപിഎമ്മിന്റെ സ്വതന്ത്രനായാണ് സരിന്‍ പാലക്കാട് മത്സരത്തിനിറങ്ങുക.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എതിര്‍പ്പുമായി പി സരിന്‍ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. സരിന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍.