- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുമായി 'കൂട്ടുവെട്ടി' അന്‍വര്‍! മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി അന്‍വര്‍; പ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ചിത്രം പോസ്റ്റു ചെയ്തു; സിപിഎം തള്ളിപ്പറഞ്ഞതോടെ മുന്നില്‍ ഇനിയുള്ള വഴിയെന്ത്?
സിപിഎം തള്ളിപ്പറഞ്ഞതോടെ മുന്നില്‍ ഇനിയുള്ള വഴിയെന്ത്?
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നിലെ പാര്‍ട്ടിയും തള്ളിപ്പറഞ്ഞതോടെ ഇടതു സ്വതന്ത്ര എംഎല്‍എ പി വി അന്‍വറിന് മുന്നില്‍ ഇനി വഴിയെന്താണ് എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നു. സ്വര്‍ണ്ണക്കടത്തു മാഫിയയുടെ പിന്തുണയോടെയാണ് അന്‍വര്‍ മുഖ്യമന്ത്രിക്കും പോലീസിനും എതിരെ തിരിഞ്ഞതെന്നാണ് സൂചനകള്‍. ഇതില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ബോധ്യമായതോടെയാണ് അന്‍വര്‍ തല്‍ക്കാലം അടങ്ങി നല്ലകുട്ടിയായത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂട്ടുവെട്ടി എന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്.
വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്. വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് കവര്‍ ചിത്രവും മാറ്റിയത്. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയിലുള്ള വിശ്വാസം പോയെന്നും വ്യക്തമാക്കും വിധത്തിലാണ് പുതിയ ഫേസ്ബുക്ക് കവര്‍.
താന്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിനില്‍ക്കുന്നവര്‍ക്ക് നിരാശയേ വഴിയുള്ളൂ. ഈ പാര്‍ട്ടിയും ആളും വേറെയാണ്. താന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം തനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.
അന്‍വര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയതോടെ തല്‍ക്കാലം അടങ്ങി നില്ക്കാതെ അന്‍വറിന് മുന്നില്‍ വഴികള്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടിനിര്‍ദേശം ശിരസ്സാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അന്‍വര്‍ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ സാമൂഹികമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. സി.പി.എമ്മിനെയും സര്‍ക്കാരിനെയും ആഴ്ചകളായി പ്രതിസന്ധിയിലാക്കിയ വിവാദത്തിനാണ് ശമനമാകുന്നത്.
പ്രതിഷേധവും വിമര്‍ശനവും ജനാധിപത്യത്തിന്റെ മാര്‍ഗങ്ങളാണെന്നും അന്‍വറിനും ആ അവകാശമുണ്ടെന്നുമായിരുന്നു തുടക്കത്തില്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. പക്ഷേ, അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ശശിയെയും ഒരുപരിധിവരെ മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് പാര്‍ട്ടി അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്.
പി.വി. അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ. എന്ന നിലയിലാണ് നിയമസഭയിലും നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പകര്‍പ്പ് സംസ്ഥാനസെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചുവരുകയാണ്. ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ല. ഇത്തരം നിലപാടുകള്‍ പാര്‍ട്ടിശത്രുക്കള്‍ക്ക് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി, പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍നിന്ന് പിന്തിരിയണമെന്ന് സംസ്ഥാനസെക്രട്ടേറിയറ്റ് അഭ്യര്‍ഥിക്കുന്നു.- എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കുറിപ്പ്. തല്‍ക്കാലം ഈ കുറിപ്പില്‍ പിടിച്ചാണ് അന്‍വര്‍ മുഖം രക്ഷിച്ചത്.
അതേസമയം പൊലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്വര്‍ണ്ണക്കടത്തും ഗൂഢാലോചനയും അടക്കം നിരന്തരം ആരോപണങ്ങള്‍ക്ക് വിധേയമാക്കിയ പി വി അന്‍വറിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. അന്‍വര്‍ കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണെന്നും ഇടതുപക്ഷ പശ്ചാത്തലമുള്ളയാളല്ലയെന്നുമായിരുന്നു വിമര്‍ശനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമുള്ള എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ ചെയ്യേണ്ടിയിരുന്നത് പ്രശ്നം പാര്‍ട്ടിയുടെയും തന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെയാണ് അന്‍വറിന് തിരിച്ചടിയായതും.