സുല്‍ത്താന്‍ ബത്തേരി: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകളും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത പത്മജ (52) ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി' എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പത്മജ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ എന്‍.എം. വിജയനും മകന്‍ ജിജേഷും വിഷം കഴിച്ച് മരിച്ച സംഭവത്തിന് പിന്നാലെയാണ് പത്മജ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. നേതാക്കള്‍ വാക്കുപാലിച്ചില്ലെന്നും, താന്‍ ദുരിതത്തിലാണെന്നും അവര്‍ ആരോപിച്ചിരുന്നു. രണ്ടരക്കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായും, പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് 20 ലക്ഷം രൂപ മാത്രമാണെന്നും പത്മജ തുറന്നുപറഞ്ഞിരുന്നു. മരണപ്പെട്ടാല്‍ മാത്രമേ പാര്‍ട്ടി നീതി ലഭ്യമാക്കൂ എന്ന് അവര്‍ വേദനയോടെ ചോദിച്ചിരുന്നു.

എന്‍.എം. വിജയനുണ്ടായ സാമ്പത്തിക ബാധ്യതകള്‍ ജൂണ്‍ 30നകം തീര്‍ക്കാമെന്ന് പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്ന് പത്മജ ആരോപിച്ചു. ഭര്‍ത്താവ് വിജേഷ് ചികിത്സയിലായിരുന്നപ്പോള്‍ സഹായം ലഭിച്ചില്ലെന്നും, ആശുപത്രി ബില്‍ അടയ്ക്കാന്‍ വാഗ്ദാനം ചെയ്ത തുക പോലും നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി പ്രസിഡന്റ് ധാരണാപത്രം പഠിക്കാന്‍ വാങ്ങി വെച്ചിരിക്കുകയാണെന്നും, സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ താമസിക്കുന്ന വീട് പോലും ബാങ്കില്‍ പണയത്തിലാണെന്നും പത്മജ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായും അവര്‍ പറഞ്ഞു. സാമ്പത്തിക ബാധ്യതകള്‍ കഴിയുന്നത്ര വേഗത്തില്‍ തീര്‍ക്കുമെന്ന് നേതാക്കള്‍ വാക്ക് നല്‍കിയിരുന്നെങ്കിലും, അത് പാലിക്കപ്പെട്ടില്ലെന്ന് അവര്‍ ആരോപിച്ചു. ടി സിദ്ദിഖ് എംഎല്‍എയാണ് പണം നല്‍കാമെന്ന് കരാര്‍ ഒപ്പിട്ടതെന്നും, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും പത്മജ വ്യക്ത

ഇതിനിടെ, എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍, ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍, പി.വി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം കത്തില്‍ പരാമര്‍ശിച്ചിരുന്നു.