പാലക്കാട്: സാംസ്‌കാരിക കേരളത്തിന്റെ തലകുനിപ്പിച്ച് വീണ്ടും പാലക്കാട് ഒരു ആള്‍ക്കൂട്ടക്കൊലപാതകം. പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് മോഷ്ടാവെന്നാരോപിച്ച് അതിഥിത്തൊഴിലാളിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാമനാരായണ്‍ ഭയ്യാര്‍ (31) ആണ് ക്രൂരമായ മര്‍ദനത്തിനിരയായി ചോരതുപ്പി മരിച്ചത്. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിന് സമാനമായ രീതിയില്‍ വിചാരണ നടത്തിയായിരുന്നു ഈ കൊടും ക്രൂരത.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന രാമനാരായണനെ മോഷ്ടാവെന്ന് സംശയിച്ച നാട്ടുകാര്‍ വളയുകയായിരുന്നു. ചോദ്യം ചെയ്യലെന്ന പേരില്‍ തുടങ്ങിയ മര്‍ദനം പിന്നീട് അതിക്രൂരമായി മാറി. ഇയാളുടെ കയ്യില്‍ നിന്ന് മോഷണവസ്തുക്കളൊന്നും കണ്ടെത്താനായില്ലെങ്കിലും ജനക്കൂട്ടം പിന്‍വാങ്ങിയില്ല. ക്രൂരമായ മര്‍ദനമേറ്റ യുവാവ് ചോരതുപ്പി നിലത്തുവീഴുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച മധു കേസിലെ വിധി വന്ന് അധികം വൈകും മുന്‍പേ വീണ്ടുമൊരു ആള്‍ക്കൂട്ട വിചാരണ നടന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പാലക്കാട് വാളയാറില്‍ അതിഥിത്തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിന്റെ കൂടുതല്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവരികയാണ്. മധു വധക്കേസിന് ശേഷം കേരളം വീണ്ടും ഒരു ആള്‍ക്കൂട്ട വിചാരണയ്ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളാണ് ഉയരുന്നത്. പ്രദേശത്തെ വീടുകളില്‍ മോഷണം നടത്താന്‍ എത്തിയതാണെന്ന സംശയമാണ് ഭയ്യാറിന് നേരയുണ്ടായ മര്‍ദ്ദനത്തിന് കാരണമായത്. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്ന് മോഷണവസ്തുക്കളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും വഴിതെറ്റി അവിടെ എത്തിയതാണെന്നുമാണ് പ്രാഥമിക നിഗമനം.

മര്‍ദ്ദനമേറ്റ് ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ രാമനാരായണ്‍ ചോര തുപ്പി നിലത്തു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരമാകെ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ആള്‍ക്കൂട്ട മര്‍ദ്ദനത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

2018-ല്‍ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണം ആരോപിച്ചു കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നതിന് സമാനമായ സാഹചര്യമാണ് വാളയാറിലും ഉണ്ടായത്. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അക്രമി സംഘം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വാളയാറിലും സമാനമായി രാമനാരായണനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.