കണ്ണൂര്‍: പാനൂരിനടുത്തെ ചെണ്ടയാട് കണ്ടോത്തും ചാലില്‍ സ്ഫോടനമുണ്ടായത് സംഭരിച്ച ബോംബുകള്‍ പൊട്ടിച്ചതിനാലാണെന്ന് പൊലീസ് നിഗമനം. പാനൂരില്‍ വ്യാപക അക്രമം നടക്കുന്ന ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും സംഭരിച്ചു വെച്ച ബോംബുകളാണ് പരീക്ഷണാര്‍ത്ഥത്തില്‍ പൊട്ടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

തെയ്യം, തിറ മഹോത്സവങ്ങള്‍ നടക്കാനിരിക്കെ വരും ദിവസങ്ങളില്‍ ബോംബേറ് ശക്തമാകുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ചെണ്ടയാട് വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി 12.30 ന് റോഡരികിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. സംഭവം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉഗ്രശബ്ദത്തില്‍ രണ്ട് സ്ഫോടനമാണ് ഉണ്ടായത്. ഇതേ സ്ഥലത്തിന് സമീപത്തെ കുന്നുമ്മലില്‍ രണ്ടു ദിവസത്തിന് മുന്‍പ് സ്ഫോടനം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പരിസരപ്രദേശത്തും സ്ഫോടനം ഉണ്ടായിട്ടുണ്ട്. പാനൂര്‍ മൂളിയതോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടിട്ട് അധികമായിട്ടില്ല. നാടന്‍ ബോംബ് എറിഞ്ഞതാണെന്നു സംശയക്കാവുന്ന അവശിഷ്ടങ്ങള്‍ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.



പാനൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നിലാരാണെന്നും എന്താണ് ലക്ഷ്യമെന്നും കണ്ടെത്തേണ്ടതുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ആരാണ് പിന്നില്‍, എന്താണ് ലക്ഷ്യം എന്നൊക്കെ ഉള്ള കാര്യങ്ങള്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു.

സ്‌ഫോടനം നടന്ന സ്ഥലത്ത് കണ്ണുരില്‍ നിന്നും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി ഫോറന്‍സിക് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. സി.പി.എമ്മിനും ബി.ജെ.പിക്കും കോണ്‍ഗ്രസിനും സ്വാധീനമുള്ള പ്രദേശമാണ് ചെണ്ടയാട്. അതു കൊണ്ടുതന്നെ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനാവാതെ കുഴങ്ങുകയാണ് പൊലീസ്.