പത്തനംതിട്ട: കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും നിശിതമായി വിമര്‍ശിച്ചാണ് പന്തളത്തെ ശബരിമല സംരക്ഷണ സംഗമം നടന്നത്. എല്ലാ അര്‍ത്ഥത്തിലും ശരണം വിളികളാല്‍ മുഖരിതമായിരുന്നു ആ ഒത്തു ചേരല്‍. തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ ഉദ്ഘാടകനായ ചടങ്ങില്‍ എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെയായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങല്‍. പന്തളത്തെ സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്തവരെല്ലാം ഉയര്‍ത്തിയത് സ്ത്രീ പ്രവേശന വിവാദ കാലത്ത് ഭക്തര്‍ക്ക് എതിരെ എടുത്ത കേസുകളായിരുന്നു. ആ കേസുകള്‍ പിന്‍വലിക്കുമോ എന്ന ചോദ്യമാണ് ഭക്തരുയര്‍ത്തിയത്. എന്‍ എസ് എസും എസ് എന്‍ ഡി പിയും എല്ലാം പരസ്യമായ നിലപാട് എടുത്തിട്ടും കേസുകള്‍ പോലീസ് പിന്‍വലിക്കുന്നില്ല. ഇതുകാരണം നാമ ജപ ഘോഷയാത്രായ്ക്ക് എത്തിയ പലരും വിദേശത്ത് ജോലിക്ക് പോലും പോകാന്‍ കഴിയാതെ വിഷമത്തിലാണ്. ഈ വികാരമാണ് അണ്ണാമലൈയും പന്തളത്ത് ഉയര്‍ത്തിയത്.

ഒരു മനുഷ്യന് നരകത്തിലേക്ക് പോകാന്‍ ആവശ്യമായതെന്ന് ഭഗവത്ഗീതയില്‍ പറയുന്ന കാമം, കോപം, അത്യാഗ്രഹം എന്നീ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനിലും കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും ഉണ്ടെന്ന് അണ്ണാമലൈ പരിഹസിച്ചു. സനാതന ധര്‍മത്തെ ഇല്ലാതാക്കണം എന്ന് പറയുന്ന തമിഴ്നാട്ടിലെ മുഖ്യമന്ത്രി സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ യഥാര്‍ഥ ലക്ഷ്യം എല്ലാവര്‍ക്കും മനസിലായെന്ന് അണ്ണാമലൈ പറഞ്ഞു. ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ഭഗവത് ഗീതയുമായി ജനങ്ങളെ ഉപദേശിക്കാന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും വോട്ടുകളും മാത്രമാണ് ഇരുനേതാക്കളുടേയും ലക്ഷ്യമെന്നും അണ്ണാമലൈ ആരോപിച്ചു.

അണ്ണാമലൈയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ചുവടെ

'നിങ്ങളെപ്പോലെ സനാതന ധര്‍മത്തെ സംരക്ഷിക്കുന്നവരില്‍ ഒരാളായാണ് ഞാന്‍ ഇന്നിവിടെ വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 20-ാം തീയതി ആശ്ചര്യമുണര്‍ത്തുന്ന ഒരു കാര്യത്തിന് നാം സാക്ഷ്യം വഹിച്ചു; ആഗോള അയ്യപ്പ സംഗമം. ലോകത്തിലുള്ള എല്ലാ അയ്യപ്പ ഭക്തന്മാരെയും കൂട്ടിയിണക്കി കേരളത്തിലെ സര്‍ക്കാരാണ് ആ പരിപാടി നടത്തിയത്. ആ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട പ്രധാന അതിഥി ആരായിരുന്നു എന്നതാണ് രസം. സനാതന ധര്‍മത്തെ അടിമുടി എതിര്‍ക്കുന്ന തമിഴ്നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിന്‍. അപ്പോള്‍ തന്നെ മനസിലായില്ലേ അവരുടെ ഉദ്ദേശമെന്താണെന്ന്?' അണ്ണാമലൈ ചോദിച്ചു.

'സനാതന ധര്‍മത്തെ വേരോടെ പിഴുതെറിയണം എന്ന് വിശ്വസിക്കുന്ന, അതിനുവേണ്ടി പ്രയത്നിക്കുന്ന ആളാണ് സ്റ്റാലിന്‍. അദ്ദേഹം മാത്രമല്ല, ആ കുടുംബം മുഴുവന്‍ അങ്ങനെയാണ്. ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകിനെ പോലെയാണ് സനാതന ധര്‍മമെന്നും, അതിനെ ബാക്കിവെയ്ക്കാതെ നശിപ്പിക്കണം എന്നും പറഞ്ഞയാളാണ് സ്റ്റാലിന്റെ മകന്‍ ഉദയനിധി. അങ്ങനെയുള്ള സ്റ്റാലിനെ ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചപ്പോള്‍ തന്നെ മനസിലായില്ലേ അത് അയ്യപ്പനുവേണ്ടി നടത്തിയ പരിപാടി അല്ല എന്ന്.' അദ്ദേഹം പറഞ്ഞു.

'ജനങ്ങളെ പറ്റിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് വാങ്ങുക എന്ന ലക്ഷ്യത്തോടെ മാത്രം സംഘടിപ്പിച്ച ഒരു പരിപാടിയാണ് അത്. അയ്യപ്പന്‍ നാസ്തിക ബ്രഹ്‌മചാരിയാണെങ്കില്‍ പിണറായി വിജയനും സ്റ്റാലിനും 'നാസ്തിക ഡ്രാമാചാരി'കളാണ്. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു, അതുകൊണ്ടാണ് പരിപാടിക്ക് പങ്കെടുക്കാന്‍ ആളുകളില്ലാഞ്ഞത്. ഒഴിഞ്ഞ കസേരകളില്‍ കഷ്ടപ്പെട്ടാണ് അവര്‍ കുറച്ച് ആളുകളെയെങ്കിലും ഒപ്പിച്ചത്.' അണ്ണാമലൈ പരിഹസിച്ചു.

'2018-'19 വര്‍ഷങ്ങളില്‍, ഒരു കോടതി ഉത്തരവിന്റെ പേരില്‍ അയ്യപ്പഭക്തരെ തല്ലിച്ചതച്ചവര്‍ക്ക് ഇങ്ങനെ ഒരു സംഗമം നടത്താന്‍ എന്ന് അവകാശമാണുള്ളത്. കഴിഞ്ഞ വര്‍ഷം പഴനിയില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ 'ആഗോള മുരുക സംഗമം' നടത്തിയിരുന്നു. അതിന്റെ മറ്റൊരു മുഖമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ കണ്ടത്. ഒരു കള്ളന്‍ ചെയ്യുന്ന കാര്യങ്ങള്‍ തൊട്ടടുത്തുള്ള കള്ളനും കണ്ടുപഠിച്ച് ചെയ്യുകയാണ്. സനാതന ധര്‍മത്തെ അടിമുടി എതിര്‍ക്കുന്നവരാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ഭരണത്തിലുള്ള പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാക്കളും പ്രവര്‍ത്തകരും.' ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

'ദൈവങ്ങളെപ്പറ്റി സംസാരിക്കാന്‍ ഒരവകാശവും ഇല്ലാത്തവരാണ് പിണറായിയും സ്റ്റാലിനും. ദൈവമില്ല എന്ന് വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയിലെ അംഗമായ പിണറായി വിജയന്‍ ഇന്നൊരു വേദിയില്‍വന്ന് ഭഗവത്ഗീതയെപ്പറ്റി നമ്മളോട് സംസാരിക്കുന്നു. ഭഗവത്ഗീതയിലെ ഒരു ഭാഗം വായിച്ച്, ഒരു ഭക്തന്‍ എങ്ങനെയായിരിക്കണം എന്ന് നമുക്ക് പാഠമെടുക്കുന്നു. ഭഗവത്ഗീതയിലെ മറ്റൊരു വാക്യം അദ്ദേഹം വായിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അവിടെ ഇങ്ങനെ പറയുന്നു; ഒരു മനുഷ്യന് നരകത്തില്‍ പോകാന്‍ മൂന്ന് വഴികളാണുള്ളത്; കാമം, ക്രോധം, ലോഭം. ഇത് മൂന്നും ഇന്ന് ഉള്ളത് കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും അവരുടെ നേതാവ് പിണറായി വിജയനിലുമാണ്. അതുകൊണ്ട് ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട.' അണ്ണാമലൈ പറഞ്ഞു.