- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; അജിത് പവാറിനൊപ്പം കത്തിയമര്‍ന്നത് പിങ്കിയുടെ സ്വപ്നങ്ങളും; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!
'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെയും രാജ്യത്തെയും ഒരുപോലെ ഞെട്ടിച്ച ആ വിമാനാപകടത്തിന്റെ നടുക്കം ഇനിയും വിട്ടുമാറുന്നില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയും നാല് മനുഷ്യജീവനുകളും എരിഞ്ഞടങ്ങിയപ്പോള്‍, അവശേഷിക്കുന്നത് ചില ഫോണ്‍ വിളികളും തീരാത്ത കണ്ണീരും മാത്രമാണ്. ഇതില്‍ ഏറ്റവും നൊമ്പരമുണര്‍ത്തുന്നത് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പിങ്കി മാലിയും അച്ഛനും തമ്മില്‍ നടന്ന അവസാന സംഭാഷണമാണ്.
മുംബൈയില്‍ നിന്നും അജിത് പവാറിനെയും വഹിച്ച് വിമാനം പറന്നുയരുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് പിങ്കി തന്റെ അച്ഛന്‍ ശിവകുമാര്‍ മാലിയെ വിളിക്കുന്നത്. ആവേശത്തോടെയായിരുന്നു ആ വിളി. 'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുകയാണ്. അദ്ദേഹത്തെ അവിടെ ഇറക്കിയ ശേഷം നന്ദേഡിലേക്ക് പോകും. നമുക്ക് നാളെ സംസാരിക്കാം...'
ജോലിത്തിരക്കിനിടയില്‍ മകള്‍ നല്‍കിയ ആ ഉറപ്പ് അച്ഛനും വിശ്വസിച്ചു. 'ശരി മോളെ, ജോലി കഴിഞ്ഞ് വരുമ്പോള്‍ നമുക്ക് സംസാരിക്കാം' എന്ന് പറഞ്ഞ് അച്ഛന്‍ ഫോണ്‍ വെച്ചു. എന്നാല്‍ പിറ്റേദിവസം അച്ഛനെ തേടിയെത്തിയത് മകളുടെ ഫോണ്‍ വിളിയല്ലായിരുന്നു, പകരം ജീവനറ്റ ശരീരത്തിന്റെ വാര്‍ത്തയായിരുന്നു.
ബുധനാഴ്ച രാവിലെ 8.45ഓടെ ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള വി.എസ്.ആര്‍ വെഞ്ച്വേഴ്സ് എന്ന സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തിന്റെ ചെറുവിമാനമാണ് അപകടത്തില്‍ കത്തിനശിച്ചത്. മുംബൈയില്‍നിന്ന് രാവിലെ എട്ടിനാണ് പൊതുപരിപാടിയില്‍ പങ്കെടുക്കാനായി അജിതും അംഗരക്ഷകര്‍ ഉള്‍പ്പെടെ നാലു പേരും വിമാനത്തില്‍ യാത്ര തിരിച്ചത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായി ഫ്‌ലൈറ്റ് അറ്റന്‍ഡര്‍ പിങ്കി മാലി, പിതാവ് ശിവകുമാര്‍ മാലിയെ ഫോണില്‍ വിളിച്ചിരുന്നു. ഈ വാക്കുകളാണ് നോവായി മാറുന്നത്.
ജോലി കഴിഞ്ഞതിനുശേഷം നാളെ സംസാരിക്കാമെന്ന് ഞാന്‍ മകളോട് പറഞ്ഞു. എന്നാല്‍, ആ നാളെ ഇനി ഒരിക്കലും വരില്ല - കണ്ണീരോടെ ശിവകുമാര്‍ പറയുന്നു. അടുത്തിടെ ശിവകുമാറിന്റെ വിമാനയാത്രകളിലെല്ലാം മകളുണ്ടായിരുന്നു. മകളെ നഷ്ടമായി. ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അപകടത്തെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങളൊന്നും അറിയില്ല. പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. അന്ത്യകര്‍മങ്ങള്‍ നടത്താനായി മകളുടെ മൃതദേഹം വേണം. ആ ആഗ്രഹം മാത്രമേയുള്ളൂവെന്നും ശിവകുമാര്‍ പറയുമ്പോള്‍ കേട്ടുനിന്നവരുടെ കണ്ണും നിറഞ്ഞു.
അജിത് പവാറിനെ കൂടാതെ, സുരക്ഷ ജീവനക്കാരന്‍ വിദീപ് യാദവ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പിങ്കി മാലി, പൈലറ്റുമാരായ സുമിത് കപൂര്‍, ശംഭവി പഥക് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുണ ജില്ലയിലെ വിവിധ റാലികളില്‍ പങ്കെടുക്കാനാണ് അജിത് ബാരാമതിയിലേക്ക് പോയത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ ഒരു നേതാവിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ വലിയൊരു രാഷ്ട്രീയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും, സാധാരണക്കാരായ മനുഷ്യരുടെ ഇടയില്‍ പിങ്കി എന്ന ആ പെണ്‍കുട്ടിയുടെ അവസാനത്തെ വാഗ്ദാനം ഒരു വലിയ വിങ്ങലായി അവശേഷിക്കുന്നു.


