- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ചത് കാപ്പ കേസ് പ്രതിയെ മാത്രമല്ല, കഞ്ചാവ് കടത്തുകാരനെയും; സിപിഎം അംഗത്വം സ്വീകരിച്ച യദുകൃഷ്ണന് കഞ്ചാവുമായി പിടിയില്‍
പത്തനംതിട്ട: കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മിലേക്ക് ആരോഗ്യമന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ച യുവാവ് രണ്ടു ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയില്‍. മാലയാലപ്പുഴ മൈലാടുംപാറ സ്വദേശി യദുകൃഷ്ണനെയാണ് രണ്ടുഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം യദുകൃഷ്ണന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നത്.
തിങ്കളാഴ്ചയാണ് മയിലാടുംപാറ ചരിവുകാലായില്‍ ഉണ്ണികൃഷ്ണന് നായരുടെ മകന് യദുകൃഷ്ണന് രണ്ടു ഗ്രാം കഞ്ചാവുമായി പത്തനംതിട്ട എക്സൈസിന്റെ പിടിയിലായത്. പിന്നാലെ സിപിഎം മലയാലപ്പുഴ ലോക്കല്‍ സെക്രട്ടറി അപ്പുണ്ണിയുടെ നേതൃത്വത്തില്‍ എക്സൈസ് ഓഫീസില്‍ നിന്ന് യദുവിനെ ജാമ്യത്തില്‍ ഇറക്കി. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ജാമ്യമുള്ള വകുപ്പാണ് ചുമത്തിയത്.
കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം ബിജെപി-യുവമോര്‍ച്ച അനുഭാവികളായ 62 പേരാണ് കഴിഞ്ഞ വെള്ളിയാഴ്ച കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ വച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. ഇവരെ മാലയിട്ടും മുദ്രാവാക്യം വിളിച്ചും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് ആരോഗ്യമന്ത്രി വീണാ ജോര്‍ജും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ആയിരുന്നു.
കാപ്പ കേസ് പ്രതിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് വിവാദമായപ്പോള്‍ ന്യായീകരണവുമായി മന്ത്രിയും ജില്ലാ സെക്രട്ടറിയും രംഗത്തു വന്നിരുന്നു. കാപ്പ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നാണ് ഇവര്‍ വാദിച്ചത്. യഥാര്‍ഥത്തില്‍ രാഷ്ട്രീയ കേസൊന്നും ശരണിനെതിരേ ഇല്ലായിരുന്നു. സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയെയാണ് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്ന മന്ത്രിയടക്കം മാലയിട്ട് സ്വീകരിച്ചത്. ഇത് വിവാദമായപ്പോള്‍ ന്യായീകരിച്ച് മെഴുകുകയാണ് ജില്ലാ സെക്രട്ടറി അടക്കം ചെയ്തത്.
ജില്ലാ സെക്രട്ടറിയുടെ വിശദീകരണത്തിന്റെ മറ പിടിച്ച് മന്ത്രിയും തലയൂരി. എന്നാല്‍, ഇപ്പോള്‍ അതിലൊരാളെ കഞ്ചാവുമായി പിടിച്ചതോടെ ഉത്തരം മുട്ടിയിരിക്കുകയാണ് സിപിഎമ്മിന്.