- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വഞ്ചന; നഴ്സിങ് കോളജിന് അംഗീകാരമില്ല; അറുപതോളം കുട്ടികള്‍ പെരുവഴിയില്‍
പത്തനംതിട്ട: സ്വകാര്യ മേഖലയായിരുന്നുവെങ്കില്‍ നമ്മള് ഇതിനെ വ്യാജ നഴ്സിങ് കോളജ് എന്ന് വിളിച്ചേനേം. എന്തു ചെയ്യാം 60 വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കിയ ഈ നഴ്സിങ് കോളജ് സര്‍ക്കാരിന്റേതാണ്. അതും ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ അവര്‍ മുന്‍കൈയെടുത്ത് കൊണ്ടു വന്നത്. പെട്ടിക്കട പോലെ തട്ടിക്കൂട്ടി പ്രവര്‍ത്തനം തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ല. ഇതോടെ മെറിറ്റില്‍ അഡ്മിഷന് നേടിയ അറുപതോളം വിദ്യാര്‍ഥികളുടെ ഭാവി എന്താകുമെന്ന് ആര്‍ക്കും അറിയില്ല.
അടിസ്ഥാന സൗകര്യമില്ലാതെ വാരിക്കോരി നല്കിയ നഴ്സിങ് കോളജുകള്‍ക്ക് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചതോടെയാണ് ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അടക്കം ആരംഭിച്ച തട്ടിക്കൂട്ട് നഴ്സിങ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം വാരിക്കോരി പുതിയ നഴ്സിങ് കോളജ് സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ചപ്പോള്‍ പത്തനംതിട്ടയ്ക്കും കിട്ടി ഒരെണ്ണം. കൂടാതെ കോന്നിയില്‍ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചും സീതത്തോട്ടിലും ഓരോന്നു കൂടി അനുവദിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ യാതൊന്നും ഒരുക്കാതെയാണ് പത്തനംതിട്ട നഗരത്തില്‍ നഴ്സിങ് കോളജ് തുടങ്ങിയത്. നഗരത്തില്‍ കോ ഓപ്പറേറ്റീവ് കോളജിന്റെ കെട്ടിടവും സ്ഥലവും ഏറ്റെടുത്ത് നഴ്സിങ് കോളജ് ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. ഇവിടെ സൗകര്യങ്ങള്‍ തീരെയില്ലെന്നു കണ്ടതോടെ മാറ്റി. പകരം കാതോലിക്കേറ്റ് കോളജ് ജങ്ഷനില്‍ വാടകയ്ക്കു കെട്ടിടം എടുത്ത് കോളജ് തുടങ്ങി. എട്ടുമാസമായി പ്രവര്‍ത്തനം തുടങ്ങിയിട്ട്. കഴിഞ്ഞവര്‍ഷത്തെ നഴ്സിങ് പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍തലത്തില്‍ പുതിയ കോളജുകള്‍ തുടങ്ങിയത്.
അഡ്മിഷനു വേണ്ടി കാത്തുനിന്ന കുട്ടികള്‍ക്ക് ഇത് ആശ്വാസമായി. പത്തനംതിട്ടയിലെ 60 സീറ്റുകളിലേക്കും കുട്ടികളെ ലഭിച്ചു.
കോളജിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരം ഇല്ലെന്ന് വ്യക്തമായത് ഒന്നാം സെമസ്റ്റര്‍ ഫലം വന്നപ്പോഴാണ്. കേരള ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്താണ് പ്രവേശനം നല്‍കിയതെങ്കിലും ഐ.എന്‍.സി അംഗീകാരത്തിന്റെ പേരില്‍ പരീക്ഷാഫലം പുറത്തുവിടുന്നത് സര്‍വകലാശാല തടഞ്ഞു.
സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം കുട്ടികള്‍ക്ക് പ്രവേശനാനുമതി ആരോഗ്യ സര്‍വകലാശാല നല്‍കിയത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷ അടുത്തു വരികയാണ്. സര്‍വകലാശാല ഫലം പുറത്തു വിടുന്നില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ കുട്ടികള്‍ക്കു കഴിയില്ല. കോളജിനു മതിയായ അധ്യാപകരോ ലാബോ ബസോ ഒന്നും ഇല്ല. ക്ലാസ് മുറികളില്‍ സ്ഥല സൗകര്യം തീരെയില്ല. പ്രധാന റോഡിനോടു ചേര്‍ന്ന കെട്ടിടമായതിനാല്‍ വാഹനങ്ങളുടെ ശബ്ദം കാരണം ക്ലാസുകളില്‍ കുട്ടികള്‍ക്ക് ശ്രദ്ധിക്കാനാകുന്നില്ല. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനം.
ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ കോളജിന്റെ ഉദ്ഘാടനം തന്നെ വേണ്ടെന്നു വച്ചിരിക്കുകയാണ്. നഴ്സിങ് കോളജിന് കുറഞ്ഞത് 2.5 ഏക്കര്‍ സ്ഥലത്തെ കാമ്പസാണ് വേണ്ടത്. 23.200 ചതുരശ്ര അടിയില്‍ കെട്ടിട സൗകര്യങ്ങള്‍, സയന്‍സ്, കമ്യൂണിറ്റി ഹെല്‍ത്ത് ന്യൂട്രീഷന്‍,ലാബ്, ചൈല്‍ഡ് ഹെല്‍ത്ത്. പ്രീ ക്ലിനിക്കല്‍ ഹെല്‍ത്ത്, കംപ്യൂട്ടര്‍ ലാബുകള്‍ എന്നിവ നിര്‍ബന്ധമാണ്. ലൈബ്രറി, സ്റ്റാഫ് റൂമുകള്‍, ടോയ് ലറ്റ് സൗകര്യങ്ങള്‍ എന്നിവയും വേണം.
21,100 ചതുരശ്ര അടിയില്‍ ഹോസ്റ്റല്‍ സൗകര്യവും ഉറപ്പാക്കണം. മതിയായ പ്രവൃത്തി പരിചയമുള്ള പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ഒരു പ്രഫസര്‍, രണ്ട് അസോസിയേറ്റ് പ്രഫസര്‍മാര്‍, മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍മാര്‍ 10 കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിരക്കില്‍ അധ്യാപകര്‍ എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. നഴ്സിങ് കോളജിനു സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കുമെന്നാണ് ആരോഗ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ എട്ടുമാസമായി നില മെച്ചപ്പെടുത്താനോ അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥലം കണ്ടെത്താനോ ശ്രമമുണ്ടായിട്ടില്ല. പുതിയ ബാച്ചിന് ഇക്കൊല്ലം പ്രവേശനം നല്‍കണമോയെന്നതിലും അനിശ്ചിതത്വമുണ്ട്.
സര്‍ക്കാര്‍ നഴ്സിങ് കോളജിന്റെ ബോര്‍ഡുമായി വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തനം. പ്രിന്‍സിപ്പലും രണ്ട് താത്കാലിക അധ്യാപകരുമാണ് ആകെയുള്ളത്. അനാട്ടമി ക്ലാസ് ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റര്‍ അപ്പുറമുള്ള കോന്നി മെഡിക്കല്‍ കോളജിലാണ്. അവിടേക്ക് വാഹന സൗകര്യമില്ല. തന്നെയുമല്ല, അനാട്ടമി ക്ലാസിനുള്ള ക്രമീകരണം കോന്നി മെഡിക്കല്‍ കോളജില്‍ ചെയ്തു നല്‍കിയിട്ടുമില്ല. നിലവില്‍ കോന്നി മെഡിക്കല്‍ കോളജില്‍ ഒന്നും രണ്ടും വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളും നഴ്സിങ് വിദ്യാര്‍ഥികളും ഉണ്ട്. അവര്‍ക്കുപോലും ആവശ്യമായ പ്രാക്ടിക്കല്‍ സൗകര്യങ്ങള്‍ ആയിട്ടില്ല. നഴ്സിങ് വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ സൗകര്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് നിലവില്‍ ഇലന്തൂര്‍, പത്തനംതിട്ട സ്റ്റാസ് നഴ്സിങ് കോളജുകളിലെ വിദ്യാര്‍ഥികള്‍ ഉണ്ട്. ഇതു കൂടാതെയാണ് സീതത്തോട്ടിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ക്കും പ്രാക്ടിക്കല്‍ സൗകര്യം പത്തനംതിട്ടയിലേക്കു നല്‍കിയിരിക്കുന്നത്. ആശുപത്രിയാകട്ടെ നിലവില്‍ നിര്‍മാണ ഘട്ടത്തിലുമാണ്. കിടക്കകളും വാര്‍ഡുകളും വെട്ടിക്കുറച്ചു. ഇതോടെ കുട്ടികളുടെ പ്രാക്ടിക്കലും പ്രതിസന്ധിയിലാണ്.
കുട്ടികള്‍ സമരത്തിന് ഇറങ്ങുമെന്ന് നോട്ടീസ് നല്‍കിയതോടെ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുമെന്ന് പ്രിന്‍സിപ്പലും അധ്യാപകരും ഭീഷണപ്പെടുത്തിയതായി പറയുന്നു. നവകേരള സദസില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാന്‍ രക്ഷിതാക്കള്‍ എത്തിയിരുന്നു. ആരോഗ്യമന്ത്രിയെ കണ്ടപ്പോള്‍ വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരമെന്ന മറുപടിയാണ് നല്‍കിയത്. കേരള നഴ്സിങ് കൗണ്‍സില്‍ പരിശോധനയിലും യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് നടത്തിയ പരിശോധനയിലും ഒരു പ്രശ്നവും ഇല്ലെന്നാണ് കണ്ടെത്തിയത്. പ്ലസ്ടുവിന് 1000 ന് മുകളില്‍ മാര്‍ക്ക് വാങ്ങി നഴ്സിങ് പ്രവേശനത്തിന് മെറിറ്റില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളാണ് പ്രതീക്ഷകളോടെ പത്തനംതിട്ടയിലെ പുതിയസര്‍ക്കാര്‍ നഴ്സിങ് കോളജില്‍ ചേര്‍ന്നത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നിരവധി കുട്ടികളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാലക്കാട്ടു നിന്നുളള എസ്.ടി വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിനി പഠനം നിര്‍ത്തിയതായി പറയുന്നു. സ്വന്തമായി ഹോസ്റ്റലോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ പുറത്തെ ഹോസ്റ്റലിലെ ഫീസ്, ഭക്ഷണം, യാത്രാച്ചെലവ് ഇവ താങ്ങാന്‍ കുട്ടികള്‍ക്ക് ആകുന്നില്ല. കണ്ണങ്കരയിലാണ് ഹോസ്റ്റല്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്.