ഡബ്ലിന്‍: 'എടാ മയിലേ നീ ആ പീലി ഒന്ന് വിടര്‍ത്തിയേ... അങ്ങനല്ല ദേ... ഇങ്ങനെ ' മൂന്ന് പെണ്‍പിള്ളേരുടെ വാക്ക് കേട്ട് അവന്‍ പീലി വിടര്‍ത്തി അങ്ങ് ആടി. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഡബ്ലിനില്‍ മലയാളി യുവതികള്‍ പകര്‍ത്തിയ രസകരമായ ഒരു ഒരു വീഡിയോ. രണ്ട് ദിവസം കൊണ്ട് 7 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റാ ഗ്രാമില്‍ മാത്രം കണ്ടത്. അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ലോകപ്രശസ്തമായ മലാഹൈഡ് കാസിലിന് മുന്നിലാണ് രസകരമായ ഈ വീഡിയോ ദൃശ്യം പിറന്നത്.

രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കളായ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ജെനി മേരി വര്‍ഗീസും, ജിനു ആനി ജിജോയും, ജെനി ആനി ജിജോയും മലാഹൈഡ് കാസില്‍ (ങമഹമവശറല ഇമേെഹല) സന്ദര്‍ശിച്ചിരുന്നു. കോട്ടയ്ക്കകത്തെ കാഴ്ചകളെല്ലാം കണ്ട് ആസ്വദിച്ച് ഗാര്‍ഡന്‍ കാണാനിറങ്ങിയപ്പോള്‍ മുന്നില്‍ ഒരു ആണ്‍ മയിലും രണ്ട് പെണ്‍മയിലും നില്‍ക്കുന്നു. ആ ഭംഗിയുള്ള കാഴ്ച കണ്ട് അവര്‍ അതിന്റെ പുറകെ പതിയെ നടന്നു. ഈ സമയം ജെനി ആനി ജിജോ വീഡിയോ പകര്‍ത്തുന്നുണ്ടായിരുന്നു. ഒരു തമാശ രീതിയില്‍ ആണ്‍ മയിലിനെ നോക്കി ജെനി മേരി വര്‍ഗ്ഗീസും ജിനു ആനി ജിജോയും പീലി വിടര്‍ത്താമോ എന്ന് ആഗ്യ ഭാഷയില്‍ ചോദിച്ചു കൊണ്ടിരുന്നു.

ആ സംഭവം ജെനി മേരി വര്‍ഗീസിന്റെ വാക്കുകളില്‍; 'ഞങ്ങള്‍ വെറുതെ അതിന്റെ പുറകെ നടക്കുകയായിരുന്നു, പീലി വിരിക്കുമോ എന്ന് ചോദിച്ച് ആണ്‍ മയിലിന്റെ പിന്നാലെ നടന്നു... കുറേ നേരം ഇതൊക്കെ കണ്ടിട്ടാവണം ആ അത്ഭുതം സംഭവിച്ചത്! ആദ്യം പീലി ഒന്നു വിറപ്പിച്ചു. ഞങ്ങള്‍ അവനെക്കൊണ്ട് അത് വിടര്‍ത്താന്‍ വീണ്ടും ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കൈയടിക്കുമ്പോഴും 'ഗുഡ് ബോയ്, ഗുഡ് ബോയ്' എന്ന് പറയുമ്പോഴും പീലി മൊത്തം വിടര്‍ത്തി വിറപ്പിക്കുന്നുണ്ടായിരുന്നു.' ജെനി ആവേശം പങ്കുവെച്ചു.


ഒരു മയില്‍ പീലി വിടര്‍ത്തുന്നത് കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അതും ഇത്ര അടുത്തുനിന്ന്! പോരാത്തതിന് ഞങ്ങള്‍ റിക്വസ്റ്റ് ചെയ്തതല്ലേ...! ഞങ്ങള്‍ക്ക് ഒരു 'ജാക്ക്പോട്ട്' അടിച്ച സന്തോഷമായിരുന്നു ആ നിമിഷം എന്നാണ് ജെനി പറയുന്നത്. മലഹൈഡ് കോട്ടയിലെ ആ സന്ദര്‍ശനം എന്തായാലും മൂന്ന് സുഹൃത്തുക്കള്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഒരു മനോഹരമായ ഓര്‍മ്മയായി മാറി.