തിരുവനന്തപുരം: പെൻഷൻ പ്രായം വർധിപ്പിക്കുക എന്നത് സിപിഎമ്മിനെയും ഇടതു മുന്നണിയെയും സംബന്ധിച്ചിടത്തോളം നയപരമായ ഒരു തീരുമാനണ്. ഇത്തരമൊരു തീരുമാനം ഇരുമ്പുമറയിലൂടെ നടപ്പിലാക്കാൻ ശ്രമിച്ച പിണറായി വിജയനെതിരെ പാർട്ടിയിലും മുന്നണയിലും എതിർപ്പ് ശക്തമാണ്. മറ്റ് നേതാക്കളെയെല്ലാം നോക്കുകുത്തകളാക്കി കൊണ്ടാണ് ചർച്ചയോ വീണ്ടുവിചാരമോ ഇല്ലാതെ സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. സംഭവം വിവാദമായതോടെ ഡിവൈഎഫ്‌ഐക്ക് അടക്കം മിണ്ടാട്ടം മുട്ടിയിരുന്നു. പൊതുജന സമൂഹത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങൾ മാറിയതോടെയാണ് പിണറായി വിജയൻ പതിവുപോലെ ഇക്കാര്യത്തിലു യുടേൺ അടിക്കുന്നത്. ഇതാദ്യമായല്ല പിണറായി എടുത്ത ഒരു തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

പാർട്ടിയിൽ നിന്നും ഇക്കാര്യത്തിൽ പിറണായിക്കെതിരെ വിമർശനവും ഉയർന്നിരുന്നു. മതിയായ കൂടിയാലോചനകൾ പാർട്ടിയിൽ നടന്നിരുന്നില്ല. ഡിവൈഎഫ്‌ഐയെ കൂടാതെ സിഐടിയുവും സർക്കാർ ഉത്തരവിനോടു വിയോജിച്ചു. ഉത്തരവിലെ പല വ്യവസ്ഥകളോടും സിഐടിയുവിനു വിയോജിപ്പുണ്ടെന്നു സംഘടന പരസ്യമാക്കുകയും ചെയ്തു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. ഉത്തരവ് പുനഃപരിശോധിക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കരീം ആവശ്യപ്പെട്ടു.

ഉത്തരവു സംബന്ധിച്ച് എൽഡിഎഫിലും കൂടിയാലോചന നടന്നില്ല. എന്നാൽ, സിപിഐ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ല. എഐവൈഎഫിനു സമരത്തിന് ഇറങ്ങാൻ സിപിഐ നേതൃത്വം പക്ഷേ, അനുമതി നൽകി. പെൻഷൻപ്രായം കൂട്ടുന്നതു നയപരമായ മാറ്റം ആണെന്നിരിക്കെ പാർട്ടിയിലും മുന്നണിയിലും ചർച്ച നടത്തുന്നതാണ് കീഴ്‌വഴക്കം. ഇക്കാര്യത്തിൽ അതുണ്ടായില്ല. കരണംമറിച്ചിലിനു പ്രേരിപ്പിച്ചതും അതുകൂടിയാണ്.

തീരുമാനം ഇരുമ്പമറയിൽ, സുപ്രഭാതത്തിൽ ഉത്തരവും

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം കൂട്ടാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ എടുത്ത തീരുമാനം ദിവസങ്ങളോളം മറച്ചുവച്ചതായും ആക്ഷേപം ശക്തമാണ്. ഇത് ഉത്തരവായി ഇറങ്ങിയപ്പോഴാണ് പുറത്തറിഞ്ഞത്. ഇതാണ് കടുത്ത എതിർപ്പിനും ഇടയാക്കിയത്. യുവജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയം മുഖ്യമന്ത്രി മറ്റാരും രിയാതെ നടപ്പിലാക്കുകയായിരുന്നു എന്ന വിമർശനവും ഇതോട ഉയർന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏകീകരണം സംബന്ധിച്ച ഫയൽ ഒരു മാസം മുൻപ് മന്ത്രിസഭയുടെ മുന്നിലെത്തിയിരുന്നു. വ്യവസായം, കൃഷി, ധനം, വൈദ്യുതി, ഗതാഗത വകുപ്പുകൾക്കു കീഴിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉള്ളതിനാൽ മന്ത്രിമാർ പഠിക്കാൻ കൂടുതൽ സമയം തേടി. തുടർന്നുള്ള 3 മന്ത്രിസഭാ യോഗങ്ങളിൽ ഈ റിപ്പോർട്ട് പരിഗണിക്കാതെ മാറ്റിവച്ചു. എന്നിട്ടും എൽഡിഎഫ് അംഗീകരിക്കാത്ത പെൻഷൻ പ്രായവർധന സംബന്ധിച്ച നിർദ്ദേശം കണ്ടെത്താൻ മന്ത്രിമാർക്കു കഴിഞ്ഞില്ല.

പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) ചെയർമാൻ തലവനായ വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് വിരമിക്കൽപ്രായം കൂട്ടിയത്. ജല അഥോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണത്തിനു പൊതു ചട്ടക്കൂട് നടപ്പാക്കാനും ഇതോടൊപ്പം തീരുമാനിച്ചു. ഈ 3 സ്ഥാപനങ്ങളിൽ പ്രത്യേക പഠനം നടത്താൻ എൻ.ശശിധരൻ നായർ സമിതിയെ ചുമതലപ്പെടുത്തി. 4 മാസത്തിനകം റിപ്പോർട്ട് നൽകണം.

അതേസമയം വീണ്ടുവിചാരമില്ലാതെ പെൻഷൻ പ്രായം വർധിപ്പിച്ചും പിന്നീട് മരവിപ്പിക്കാനുമുള്ള മന്ത്രിസഭാ തീരുമാനത്തിൽ വെട്ടിലായത് മുന്നൂറോളം ജീവനക്കരാണ്. ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കുകയാണ് ഉണ്ടായത്. ഇതോടെ മുന്നൂറോളം ജീവനക്കാരുടെ സേവന കാലയളവ് ആശയക്കുഴപ്പത്തിലായി. ഒക്ടോബർ 31ന് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു വിരമിക്കേണ്ടവർ വിരമിക്കൽ കാലാവധി നീട്ടിയതു കാരണം ഈ മാസവും ജോലിക്കെത്തി. ഇന്നും ഇവർ ഡ്യൂട്ടിക്കു ഹാജരാകും. ഇന്നോ നാളെയോ വിരമിക്കൽ പ്രായം നീട്ടിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവിറക്കിയാലേ ഇവർക്കു വിരമിക്കാനാകൂ. സർക്കാരിന്റെ മലക്കംമറിച്ചിൽ ചോദ്യം ചെയ്ത് ചിലർ കോടതിയിൽ പോകാനും സാധ്യതയുണ്ട്.

ചില പൊതുമേഖലാ സ്ഥാപനങ്ങളിൽ നേരത്തേ തന്നെ 60 ആണു വിരമിക്കൽ പ്രായം. പുതിയ സാഹചര്യത്തിൽ ഇതു മറ്റു സ്ഥാപനങ്ങളിലും നടപ്പാക്കണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിച്ചേക്കാം. പെൻഷൻപ്രായം നീട്ടുന്നത് അടക്കമുള്ള വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾക്കു മേൽ പല വകുപ്പുകളും മൗനം പാലിച്ചെന്നാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. നിർദ്ദേശങ്ങൾക്കു മേൽ അഭിപ്രായം ആരാഞ്ഞ് എല്ലാ വകുപ്പുകൾക്കും കുറിപ്പ് കൈമാറിയിരുന്നു.

എന്നാൽ നിയമ വകുപ്പ് മാത്രമാണ് പ്രതികരിച്ചത്. തങ്ങൾക്കു കീഴിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലെന്നായിരുന്നു പ്രതികരണം. ഒടുവിൽ ധനവകുപ്പ് ഫയൽ മന്ത്രിസഭയിലെത്തിക്കുകയായിരുന്നു. പെൻഷൻപ്രായം നീട്ടുന്നത് സർക്കാരിന്റെ ബാധ്യത കുറയ്ക്കുമെന്നതിനാൽ വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ ധനവകുപ്പ് എതിർത്തുമില്ല. ഫലത്തിൽ കാര്യമായി ചർച്ചകളൊന്നും നടത്താതെയാണ് വിഷയം മന്ത്രിസഭയുടെ മുന്നിലെത്തിയത്.

കെഎസ്ഇബി, കെഎസ്ആർടിസി, ജല അഥോറിറ്റി എന്നീ സ്ഥാപനങ്ങളിൽ പെൻഷൻപ്രായം 60 ആക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകൾ കാലങ്ങളായി ഉന്നയിക്കുന്നുണ്ട്. ഇതെക്കുറിച്ച് ഉൾപ്പെടെ പഠിക്കാൻ കഴിഞ്ഞയാഴ്ച സർക്കാർ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഈ സ്ഥാപനങ്ങളിലെ പെൻഷൻപ്രായവും കൂട്ടാൻ സർക്കാരിനു കഴിയില്ല.