- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ പിന്തുണച്ച കണ്‍വീനറെ വെട്ടിലാക്കി ദീപാദാസ്മുന്ഷിയുടെ ഇടപെടല്‍; സണ്ണി ജോസഫും പൊട്ടിത്തെറിച്ചു; തദ്ദേശത്തില്‍ തിരിച്ചടിയുണ്ടായാല്‍ ഉത്തരവാദി യുഡിഎഫ് കണ്‍വീനര്‍; ദിലീപിനെ നിഷ്കളങ്കനാക്കിയ അടൂര്‍ പ്രകാശിന് കിട്ടിയത് എട്ടിന്റെ പണി! ഒടുവില്‍ തിരുത്തല്‍; നേട്ടം കൊയ്ത് പിണറായിയും സിപിഎമ്മും
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ നടന്‍ ദിലീപിന് പരസ്യ പിന്തുണ നല്‍കിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ കെപിസിസി നേതൃത്വം ഇന്ദിരാഭവനിലേക്ക് 'വിളിച്ചു വരുത്തി ശാസിച്ചു. ഹൈക്കമാണ്ട് തീരുമാന പ്രകാരമാണ് ഇത്. തദ്ദേശത്തില്‍ തിരിച്ചടിയുണ്ടായാല്‍ അതിന് കാരണമായി പ്രസ്താവന മാറുമെന്നാണ് ഹൈക്കമാണ്ട് വലിയിരുത്തി. ആദ്യം പറഞ്ഞത്: 'ദിലീപിന് നീതി കിട്ടി. ഈ കേസ് കുറച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയെടുത്തതാണ്. സര്‍ക്കാര്‍ എന്തിനാണ് അപ്പീല്‍ പോയി ദിലീപിനെ ബുദ്ധിമുട്ടിക്കുന്നത്?' - ഇതായിരുന്നു ദിലീപിന് അനുകൂലമായുള്ള അടൂര്‍ പ്രകാശിന്റെ പ്രസ്താവന. പിന്നീട് ഇത് തിരുത്തിയെങ്കിലും ചാനലുകള്‍ പഴയ പ്രസ്താവന നല്‍കിക്കൊണ്ടേ ഇരുന്നു. ഇതില്‍ സിപിഎം കൃത്യമായ രാഷ്ട്രീയ ഇടപെടലും നടത്തി.
തിരഞ്ഞെടുപ്പ് ദിവസം തന്നെ അനാവശ്യ വിവാദം തുറന്നുവിട്ട കണ്‍വീനറുടെ നടപടിയില്‍ കെപിസിസി നേതൃത്വം ശരിക്കും ക്ഷോഭിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരാണ് ശക്തമായ അതൃപ്തി അറിയിച്ചത്. ഇതോടെ താന്‍ ഒറ്റപ്പെട്ടു എന്ന് മനസ്സിലാക്കിയ അടൂര്‍ പ്രകാശ് ഇന്ദിരാഭവനില്‍ വെച്ച് തന്നെ നിലപാട് തിരുത്തി പുതിയ പ്രസ്താവന നല്‍കിയത്. പ്രസ്താവന വന്ന ഉടന്‍ തന്നെ കെ.സി. വേണുഗോപാല്‍ കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ടു. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വി.എം. സുധീരനും ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീണ്ട നിര തന്നെ പ്രകാശിന്റെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞു. ഇതോടെ പ്രകാശ് തിരുത്തിപ്പറഞ്ഞത് ഇങ്ങനെ: 'താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമാണ്. മാധ്യമങ്ങള്‍ നല്‍കിയത് താന്‍ പറഞ്ഞതിന്റെ ഒരുവശം മാത്രമാണ്. കോടതിയെ തള്ളിപ്പറയാന്‍ എനിക്ക് കഴിയില്ല. അതിജീവിതയ്ക്ക് നീതികിട്ടണമെന്നാണ് തന്റെയും അഭിപ്രായം.'
അടൂര്‍ പ്രകാശിന്റെ ആദ്യ വാക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കിയത് നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി. നയപരമായ കാര്യങ്ങളില്‍ അടൂര്‍ പ്രകാശ് കൂട്ടായി ആലോചിക്കാതെ അഭിപ്രായം പറയുന്നതില്‍ കെപിസിസിക്ക് കടുത്ത അമര്‍ഷമുണ്ട്. മേലില്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസിലും അടൂര്‍ പ്രകാശ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. രാഹുലിന്റെ വിഷയത്തില്‍ ആദ്യം മൃദല സമീപനം സ്വീകരിച്ചതും പ്രകാശായിരുന്നു. അസമയത്ത് കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചത് തിരിച്ചടിച്ചുവെന്നും വിലയിരുത്തുന്നു. യുഡിഎഫ് കണ്‍വീനറെന്ന നിലയിലും പാര്‍ട്ടി നയമേ പറയാവൂ എന്നാണ് കെപിസിസിയില്‍ നിന്നും അടൂര്‍ പ്രകാശിന് കിട്ടിയ നിര്‍ദ്ദേശം.
അതിജീവിതയ്‌ക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന അനാവശ്യമെന്ന് കെ.മുരളീധരനും പ്രതികരിച്ചു. പദവിക്കനുസരിച്ചുള്ള പ്രസ്താവന നടത്തണം. തിരഞ്ഞെടുപ്പ് ദിവസം അത്തരത്തിലൊരു പ്രതികരണം നടത്തിയത് ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടണമെന്നാണ് നിലപാട്. സര്‍ക്കാര്‍ അപ്പീല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടൂര്‍ പ്രകാശ് കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് മുഖ്യമന്ത്രിയും ആഞ്ഞടിച്ചു. നാടിന്റെ വികാരത്തിനെതിരായ പറച്ചിലാണ് അടൂര്‍ പ്രകാശിന്റേതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജും വിമര്‍ശിച്ചു.
ഒടുവില്‍ അതിജീവിതയ്‌ക്കൊപ്പമാണ് താനെന്നും അവര്‍ക്ക് നീതി കിട്ടണമെന്നാണ് നിലപാടെന്നും അടൂര്‍ ത ിരുത്തി. വിധി സര്‍ക്കാരിന്റെ പരാജയമാണെന്നും അപ്പീല്‍ പോകണമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.




