തിരുവനന്തപുരം: വെള്ളാപ്പള്ളിക്കോ പിണറായിയ്‌ക്കോ കൂടുതല്‍ ആരോഗ്യം? മനോരമയുടെ ഫോട്ടോയാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. വെള്ളാപ്പള്ളിയുടെ കൈ പിടിച്ച് പിണറായി പടിക്കെട്ടു കയറുന്നു. ഇതില്‍ നിന്നാണ് ഇത്തരമൊരു ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്ന് സര്‍ക്കാരും പറയുന്നു. ഏതോ ഒരു സമയത്ത് കൈപിടിച്ച സ്വാഭാവിക ചിത്രമാണ് അതെന്നും പറയുന്നു. അതിനിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ എന്ന മറ്റൊരു ചര്‍ച്ച സിപിഎം പത്രമായ ദേശാഭിമാനിയും ഉയര്‍ത്തുന്നു. ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി എന്ന് മുഖ്യമന്ത്രി - എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ ഒരേപോലെ വാര്‍ത്തനല്‍കിയതെന്നാണ് ദേശാഭിമാനി പറയുന്നത്. ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗമാണ് വിവാദമാക്കാന്‍ ശ്രമിച്ചതെന്നും ദേശാഭിമാനിയില്‍ ഉണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ച ദേശാഭിമാനി ഉയര്‍ത്തുന്നതെന്നും വ്യക്തമല്ല.

ഏതായാലും ഇങ്ങനെയാണ് ദേശാഭിമാനി വിശദീകരിക്കുന്നത്. 'ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതല്‍ കാലം നയിക്കാന്‍ ശ്രീ. വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ആശംസിച്ചുകൊണ്ട്, ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.' എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഈ വാക്കുകളെയാണ് മാധ്യമങ്ങള്‍ ഗൂഢലക്ഷ്യത്തോടെ മാറ്റി എഴുതിയതെന്ന് ദേശാഭിമാനി പറയുന്നത്. അതായത് ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. അതായത് ഇനി പകര്‍ത്തട്ടേ എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നതാണ് സാരം. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരെ ഉയര്‍ത്തിപ്പിടിക്കണമെന്ന ആഹ്വാനമാണ് പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി നല്‍കിയത്. ഹിന്ദുത്വ ശക്തികള്‍ ഗുരുവിനെപ്പോലും സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ദേശാഭിമാനിയുടെ വിശദീകരണത്തിലുണ്ട്. എന്നാല്‍ പ്രസംഗത്തിലെ ഒരു വരി വിട്ടാണ് ഈ വിശദീകരണം ദേശാഭിമാനി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം പൂര്‍ണ്ണ രൂപം എന്ന് പറഞ്ഞ് ദേശാഭിമാനി കൊടുത്തതില്‍ ഈ വാക്കുമുണ്ട്.

ഈ മഹത്തായ പ്രസ്ഥാനത്തെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നയിക്കുന്ന ശ്രീ. വെള്ളാപ്പള്ളി നടേശനെ ഇന്നിവിടെ ആദരിക്കുകയാണ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി, എസ് എന്‍ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ടു നയിക്കാനും, അതിന്റെ ലക്ഷ്യങ്ങള്‍ നേടാനും, പുതിയ തലമുറയ്ക്ക് വഴികാട്ടാനും ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചുതരുന്നുണ്ട്.

ഈ സംഘടനയെ ശക്തമായ ഒരു സാമ്പത്തിക ശക്തിയാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം കാണിച്ച ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയും അഭിനന്ദനാര്‍ഹമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സാമൂഹികനീതി നടപ്പാക്കപ്പെടുക എന്ന ഗുരുവിന്റെ ദര്‍ശനങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിലും അദ്ദേഹം ശ്രദ്ധവെക്കുന്നുണ്ട്. ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതല്‍ കാലം നയിക്കാന്‍ ശ്രീ. വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ആശംസിച്ചുകൊണ്ട്, ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.-എന്നതാണ് പൂര്‍ണ്ണ പ്രസംഗം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സാമൂഹികനീതി നടപ്പാക്കപ്പെടുക എന്ന ഗുരുവിന്റെ ദര്‍ശനങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിലും അദ്ദേഹം ശ്രദ്ധവെക്കുന്നുണ്ടെന്ന് പിണറായി പറയുന്നുമുണ്ട്.

വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗം അടക്കം വലിയ വിവാദമായിരുന്നു. അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ മുകളില്‍ പറയുന്നത് പോലെ പുകഴ്ത്തിയിട്ടും അതില്‍ ചെറിയൊരു തിരുത്തിന് ദേശാഭിമാനി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗം പൂര്‍ണരൂപം

'പെരിങ്ങമല എസ് എന്‍ ഡി പി ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. 2 പരിപാടികളാണ് ഇന്നിവിടെ നടക്കുന്നത്. ഈ ശാഖയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനമാണ് അതിലൊന്ന്. യോഗത്തിന്റെ നേതൃത്വത്തില്‍ 30 സംവത്സരം പൂര്‍ത്തിയാക്കുന്ന ശ്രീ. വെള്ളാപ്പള്ളി നടേശനുള്ള ആദരമാണ് രണ്ടാമത്തേത്. ഇവ രണ്ടും എസ് എന്‍ ഡി പി യോഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ.

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇന്നാട്ടിലെ പൊതുസമൂഹത്തിനാകെ ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്ന മഹത്തായ ആശയം മുന്നോട്ടുവച്ച ഗുരു രൂപീകരിച്ച സംഘടനയാണല്ലോ എസ് എന്‍ ഡി പി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക പ്രാധാന്യം ഈ സംഘടനയ്ക്കുണ്ട്. കേരളചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍, നമ്മുടെ സമൂഹം ജാതിയുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടില്‍ തളയ്ക്കപ്പെട്ടുകിടന്ന വേളയിലാണ് അത് രൂപീകൃതമാകുന്നത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ഡോ. പല്‍പ്പുവിനെപ്പോലുള്ള ദീര്‍ഘദര്‍ശികളായ നേതാക്കളാണ് അതിന്റെ രൂപീകരണത്തിനു ചുക്കാന്‍ പിടിച്ചത്.

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക' എന്ന ശ്രീനാരായണ ഗുരുവിന്റെ ഈ ആഹ്വാനം നാട് ഏറ്റെടുത്തതിന്റെ ഫലമായിരുന്നു അത്. അറിവാണ് യഥാര്‍ത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏക മാര്‍ഗ്ഗം വിദ്യാഭ്യാസം ആണെന്നും ഗുരു പഠിപ്പിച്ചു. അക്ഷരം പോലും നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനതയ്ക്ക് അറിവിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാന്‍ യോഗം അക്ഷീണം പ്രവര്‍ത്തിച്ചു. സ്‌കൂളുകള്‍ സ്ഥാപിച്ചു, വായനശാലകള്‍ തുടങ്ങി. അങ്ങനെ അറിവിന്റെ വെളിച്ചം ഓരോ വീട്ടിലും എത്തിച്ചു. അത് സമൂഹത്തിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. അതുപോലെതന്നെ, വര്‍ഗ്ഗീയതയും ജാതിചിന്തയും സമൂഹത്തില്‍ നിന്നകറ്റാന്‍, എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്ന സംഘടനകള്‍ക്ക് മാത്രമേ സാധിക്കുവെന്നും ഗുരു പറഞ്ഞു. അതാണ് യോഗത്തിന്റെ രൂപീകരണത്തിനു വഴിതെളിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ പ്രായോഗികമായി നടപ്പിലാക്കുന്നതിന് യോഗം വഹിച്ച മുന്‍കൈ വിവരണാതീതമാണ്. പിന്നോക്കം നില്‍ക്കുന്ന ജനങ്ങളുടെ ആത്മാഭിമാനം തിരിച്ചുപിടിക്കാനും അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക പദവി എന്നിവ ലഭ്യമാക്കാനും യോഗം അക്ഷീണം പ്രവര്‍ത്തിച്ചു. അതിനൊക്കെ ഫലവുമുണ്ടായി. അതായത്, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യാ വൈകുണ്ഠനും പൊയ്കയില്‍ കുമാരഗുരുവും മക്തി തങ്ങളും അടക്കമുള്ള ഗുരുവര്യന്മാരുടെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന പ്രക്രിയയാണ് കേരളം നേടിയെടുത്ത പല നേട്ടങ്ങളുടെയും അടിത്തറ.

അവിടെ നിന്നും കേരളം ഇന്നുകാണുന്ന പുരോഗതിയിലേക്ക് എത്തിയതിനു പിന്നില്‍ മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. നവോത്ഥാനം കൊളുത്തിവിട്ട വെളിച്ചം ഒട്ടുംതന്നെ കെട്ടുപോകാതെ മുന്നോട്ടുകൊണ്ടുപോയ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ പങ്കാണത്. അതുകൂടി ചേര്‍ന്നാലെ ഈ പരിണാമപ്രക്രിയ പൂര്‍ണ്ണമാകൂ എന്ന് നാം തിരിച്ചറിയണം.

'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന ഗുരുവിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു ഓര്‍മിക്കേണ്ട കാലമാണിത്. മനുഷ്യനെ മനുഷ്യനായി കാണാന്‍, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറം സാഹോദര്യത്തോടെ ജീവിക്കാന്‍ ഈ വാക്കുകള്‍ പഠിപ്പിക്കുന്നു. സമൂഹത്തില്‍ വര്‍ഗ്ഗീയത പടര്‍ത്തി, മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാള്‍ വലുതാണ് ജാതിയെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടര്‍ത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങള്‍ വേരുപിടിക്കുകയാണ്.

വര്‍ഗ്ഗീയത, അത് ഏത് രൂപത്തിലായാലും, വിനാശകരമായ ഒന്നാണ്. അത് സമൂഹത്തെ അപ്പാടെ നശിപ്പിക്കും. അതുകൊണ്ടുതന്നെ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ മനുഷ്യരുടെ മനസ്സുകളില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയണം.

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിന് വെളിച്ചം പകര്‍ന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ വിഷം ചീറ്റാന്‍ ഗുരുവിന്റെ ദര്‍ശനങ്ങളെ അവര്‍ ദുരുപയോഗം ചെയ്യുകയാണ്. വര്‍ഗ്ഗീയതയെ എന്നും എതിര്‍ത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതായിരുന്നു. മാത്രമല്ല, സനാതന ധര്‍മ്മ പ്രചാരകര്‍ക്ക് എതിര്‍ദിശയിലാണ് ഗുരു എപ്പോഴും നിലകൊണ്ടതും.

സനാതന ധര്‍മ്മം എന്നതിനെ ഗുരു കണ്ടത് മനുഷ്യരെ തുല്യരായി കാണുന്നതും, ഒരുമിച്ചു നിര്‍ത്തുന്നതുമായ ഒരു ദര്‍ശനമായിട്ടാണ്. എന്നാല്‍, ജാതിയുടെയും ഉച്ചനീചത്വങ്ങളുടെയും പേരില്‍ ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന സനാതന ധര്‍മ്മം ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധമാണ്.

'അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരണം' എന്ന് പറഞ്ഞ ഗുരുവിന്റെ വാക്കുകള്‍ വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള ശക്തമായ ആഹ്വാനമാണ്. ഒരു മനുഷ്യന്റെയും മനസ്സ് വേദനിപ്പിക്കാതെ, സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ മനുഷ്യത്വത്തിന്റെ പാത വെട്ടിത്തന്ന ഗുരുവിന്റെ വഴികളില്‍ നിന്നും വ്യതിചലിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് നമ്മള്‍ ആലോചിക്കണം. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ മറന്ന് ചെറിയ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നവരെ നിങ്ങള്‍ തിരിച്ചറിയണം എന്നു മാത്രമേ എനിക്ക് സൂചിപ്പിക്കുവാനുള്ളു.

ഈ മഹത്തായ പ്രസ്ഥാനത്തെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നയിക്കുന്ന ശ്രീ. വെള്ളാപ്പള്ളി നടേശനെ ഇന്നിവിടെ ആദരിക്കുകയാണ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി, എസ് എന്‍ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ടു നയിക്കാനും, അതിന്റെ ലക്ഷ്യങ്ങള്‍ നേടാനും, പുതിയ തലമുറയ്ക്ക് വഴികാട്ടാനും ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചുതരുന്നുണ്ട്.

ഈ സംഘടനയെ ശക്തമായ ഒരു സാമ്പത്തിക ശക്തിയാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം കാണിച്ച ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയും അഭിനന്ദനാര്‍ഹമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സാമൂഹികനീതി നടപ്പാക്കപ്പെടുക എന്ന ഗുരുവിന്റെ ദര്‍ശനങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിലും അദ്ദേഹം ശ്രദ്ധവെക്കുന്നുണ്ട്.

ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതല്‍ കാലം നയിക്കാന്‍ ശ്രീ. വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ആശംസിച്ചുകൊണ്ട്, ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍