തിരുവനനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ ബാധിക്കുന്ന പൊതുവായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും തീര്‍ത്തും സൗഹൃദപരമായ സന്ദര്‍ശനമായിരുന്നു എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മനുഷ്യരുടെ ഏറ്റവും പ്രധാനമായ കാര്യം ജീവിക്കാനുള്ള അവകാശമാണ്. ഇവിടെ ജീവിക്കാന്‍ അവകാശമില്ലാത്തത് ഫാസിസത്തിന്റെ കാലത്തായിരുന്നു. ജീവിക്കാന്‍ അവകാശമില്ലാത്ത കാലം ഇന്ത്യയില്‍ ഉണ്ടായത് അടിയന്തരാവസ്ഥയുടെ കാലത്താണെന്നും മുഖ്യമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി നിയമസഭയില്‍ പറഞ്ഞു.

അന്ന് സിപിഐഎം പറഞ്ഞത് അമിതാധികാര വാഴ്ചയുടെ കാലം എന്നാണ്. സിപിഐഎം വാക്കുകള്‍ ശരിയായ അര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഈ കാലത്തെയും സിപിഐഎം വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്. 'ഫാസിസ്റ്റ് പ്രവണതകള്‍ ഉള്ള ആര്‍എസ്എസ് അജണ്ടയുള്ള ബിജെപി ഗവണ്‍മെന്റ്' എന്നത് കൃത്യമായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മല സീതാരാമനെ കണ്ടതില്‍ എന്തോ വലിയ കാര്യമുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. തനിക്ക് പാര്‍ട്ടി മീറ്റിംഗ് ഉണ്ടായിരുന്നു. എംപിമാര്‍ക്ക് അത്താഴ വിരുന്ന് കൊടുക്കുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. താനില്ല എന്ന് അപ്പോള്‍ തന്നെ പറഞ്ഞു.

ഗവര്‍ണര്‍ പോയത് താന്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ ആണ്. അടുത്തടുത്ത സീറ്റില്‍ ആണ് ഇരുന്നത്. പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു, താന്‍ സ്വീകരിച്ചു. എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ടെന്നും ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മലാ സീതാരാമന് അവരുടെ രാഷ്ട്രീയമുണ്ട്. നാടിനെതിരായ കാര്യങ്ങളല്ല, നാടിനെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും തീര്‍ത്തും സൗഹൃദപരമായ സന്ദര്‍ശനമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരമനും കേരള ഹൗസില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച സംബന്ധിച്ച് വിവധ കോണുകളില്‍നിന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അസാധരണമായ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ഇന്ന് നിയമസഭയില്‍ രമേശ് ചെന്നിത്തല ആരോപണം ആവര്‍ത്തിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവെക്കുകയായിരുന്നു, മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടത്. നേരത്തെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളി സഭയില്‍ മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയിരുന്നു. എന്നാല്‍ ഇത്തവണ സംയമനത്തോടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ യോഗത്തില്‍ പങ്കെടുത്തത് യാദൃച്ഛികമാണെന്നും മുഖ്യമന്ത്രി വിവരിക്കുകയുണ്ടായി.

അതിരൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല നടത്തിയത്. 'കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഇതിന് മുമ്പും കേന്ദ്ര മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കാണാറുണ്ട്. അതെല്ലാം ഔദ്യോഗിക നടപടിയാണ്. ഞങ്ങള്‍ അതിനല്ല വിമര്‍ശിച്ചത്. എന്ത് അനൗദ്യോഗിക സന്ദര്‍ശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണം. ഗവര്‍ണര്‍ക്കൊരു ഒരു രാഷ്ട്രീയമുണ്ട്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ നിങ്ങള്‍ പറയണം. എന്താണ് ചര്‍ച്ച ചെയ്തതെന്ന്....അത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. ബിജെപിയില്‍ മൂന്നാംസ്ഥാനം വഹിക്കുന്ന ധനമന്ത്രി മുഖ്യമന്ത്രിയെ വന്ന് കാണണമെങ്കില്‍ അതും അനൗദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ അതില്‍ രാഷ്ട്രീയം കണ്ടെത്തുന്നതില്‍ എന്താണ് തെറ്റ്. കേരളത്തിന്റെ ഗവര്‍ണര്‍ അതിലൊരു പാലമായി പ്രവര്‍ത്തിച്ചുവെന്ന് പറഞ്ഞാല്‍ തെറ്റ് പറയാനാകില്ല' ചെന്നിത്തല പറഞ്ഞു.

ഞങ്ങള്‍ രാഷ്ട്രീയ നെറികേട് കാണിക്കുന്നവരല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്. എന്തോ വല്ലാത സംഭവം നടന്നു എന്ന മട്ടിലാണ് നിര്‍മലാ സീതാരാമനെ കണ്ടതുമായി ബന്ധപ്പെട്ട് ചെന്നിത്തല പ്രതികരിച്ചത്. അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ മുഖ്യമന്ത്രി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരക്ഷരം പറഞ്ഞിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചിരുന്നു.